Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

വധശിക്ഷയും വിമര്‍ശനങ്ങളും

ഇന്ത്യയില്‍ മുമ്പ് പലതവണ വധ ശിക്ഷ നടപ്പിലാക്കിയിട്ടുണ്ട് അന്നൊന്നും ഇല്ലാത്ത തരത്തിലുള്ള വിമര്‍ശനമാണ് 1993 ലെ മുംബായ് ബോംബ്‌ സ്ഫോടന കേസ്സിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. മുന്‍ ജഡ്ജിമാരും ,അഭിഭാഷകന്മാരും രാഷ്ട്രീയപാര്‍ട്ടി നേതാക്കളും സിനിമ താരങ്ങളും ഉള്‍പ്പെടെ നിരവധിപേരാണ് വധ ശിക്ഷ നടപ്പിലാക്കുന്നതിനെ എതിര്‍ത്തത്. വിമര്‍ശനങ്ങളില്‍ ഏറ്റവും നിരുത്തരവാദപരവും ദൂരവ്യാപകമായ ഭവിഷ്യത്ത് ഉണ്ടാക്കുന്ന ഒന്നായിരുന്നു സി പി എം നേതാവ് പ്രകാശ്‌ കാരാട്ടിന്‍റെത്. രാജ്യത്ത് തൂക്കിലേറ്റുന്നതെല്ലാം മുസ്ലീങ്ങളെയാണെന്നും യാക്കൂബിനെ തൂക്കിലേറ്റിയാല്‍ അത് മുസ്ലീം സാമൂദായാംഗങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നുമാണ് പ്രകാശ്‌ കാരാട്ട് പറഞ്ഞത്. കോടതി ശിക്ഷിച്ച ഒരാള്‍ മുസ്ലീം ആയത് കൊണ്ട് ശിക്ഷ നടപ്പിലാക്കാന്‍ പാടില്ല എന്ന് പറയുന്നതിലെ ഔചിത്യമാണ് മനസിലാകാത്തത്.മുമ്പ് പലകേസ്സുകളിലും ഹിന്ദുക്കളേയും മുസ്ലീങ്ങളെയും വധ ശിക്ഷക്ക് വിധേയമാക്കിയിട്ടുണ്ട് അന്നൊന്നും പ്രതികരിക്കാത്ത പ്രകാശ്‌ കാരാട്ട്‌ ഇപ്പോള്‍ വധശിക്ഷയെ എതിര്‍ത്ത് രംഗത്ത് വന്നതിന്‍റെ ഉദ്ദേശ ശുദ്ധിയെ സംശയിക്കേണ്ടിയിരിക്കുന്നു. കേന്ദ്രം ഭരിക്കുന്നത് പ്രകാശ് കാരാട്ട് പറയുന്നത് പോലെ വര്‍ഗ്ഗീയ പാര്‍ട്ടിയായ ബി ജെ പി ആയിരിക്കാം .  ബി ജെ പി ഭരിക്കുന്നത് കൊണ്ട്  കോടതി ശിക്ഷിച്ച മുസ്ലീം ആയ ആള്‍ക്ക് ശിക്ഷ നല്‍കാന്‍ പാടില്ല എന്ന്‍ പറയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ കാരാട്ട്  കോടതി വിധിയെ പിടിച്ച് വര്‍ഗ്ഗീയതക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്.

രാഷ്ട്രം നടത്തുന്ന കൊലപാതകം നമ്മളെ എല്ലാവരേയും കൊലപാതകികളുടെ തലത്തിലേക്ക് ഉയര്‍ത്തുമെന്നും അതിനാല്‍ ഭീകരര്‍ക്ക്‌ പോലും വധശിക്ഷ നല്‍കാന്‍ പാടില്ലെന്നാണ് ശശി തരൂര്‍ എം പി യുടെ പക്ഷം. നമ്മുടെ പരമോന്നത നിയമനിര്‍മ്മാണ സഭയായ പാര്‍ലിമെന്റാണ് ഏത് നിയമം വേണ്ട ഏത് നിയമം വേണമെന്ന് തീരുമാനിക്കുന്നത്. അതിനാല്‍ രാജ്യത്ത് നിലവിലുള്ള ഒരു നിയമം നടപ്പിലാക്കുന്നതിനെ മാധ്യമങ്ങളിലൂടെ  വിമര്‍ശിക്കുന്നതിനു പകരം വധശിക്ഷ നിര്‍ത്തലാക്കുന്നതിനുള്ള നിയമനിര്‍മ്മാണം നടത്തുന്നതിന് മുന്‍കൈ എടുക്കുകയാണ്  നിയമനിര്‍മ്മാണസഭയിലെ അംഗമായ ശശി തരൂര്‍ ചെയ്യേണ്ടത്. വധശിക്ഷ വേണമോ വേണ്ടയോ എന്ന ചര്‍ച്ചയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എല്ലാ സര്‍ക്കാരിന്‍റെ കാലത്തും രാജ്യത്ത് കുറ്റവാളികളെ തൂക്കിലേറ്റിയിട്ടുണ്ട് അന്നൊന്നും ഇല്ലാത്ത തരത്തിലുള്ള വിമര്‍ശനം ഇപ്പോള്‍ ഉയരുന്നത് സംശയത്തിനു ഇട നല്‍കുന്നു .യാക്കൂബ് മേമന് പകരം മറ്റൊരു മതത്തില്‍ പെട്ട ആള്‍ക്കാണ് വധശിക്ഷ നല്‍കുന്നതെങ്കില്‍ ഇത്ര കോലാഹലങ്ങള്‍ ഉയരുമായിരുന്നുവോ എന്ന കാര്യവും ആലോചിക്കണം. മേമനെ ഒരു സുപ്രഭാതത്തില്‍ തൂക്കിലേറ്റിയതല്ല. 1993ലാണ് 257 പേര്‍ കൊല്ലപ്പെടാനിടയായ സ്ഫോടനപരമ്പരനടക്കുന്നത്. സ്ഫോടനങ്ങള്‍ നടത്താന്‍ സാമ്പത്തിക സഹായവും മറ്റ് ഒത്താശകളും ചെയ്ത് നല്‍കിയെന്ന കുറ്റത്തിന് യാക്കൂബ് മേമനെ കോടതി ശിക്ഷിക്കുന്നത് 2007ല്‍ ആണ്.പിന്നീട് അങ്ങോട്ട്‌ വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധമയിരുന്നു. തെളിവുകള്‍ അണുവിട പരിശോധിച്ചും സാക്ഷികളെ വിസ്തരിച്ചും മുന്നോട്ടുപോയ കേസ്സില്‍ അവസാനം സുപ്രീം കോടതി വധ ശിക്ഷ ശരിവെക്കുകയായിരുന്നു. പിന്നീട് മേമന്‍ നല്‍കിയ റിവ്യൂ ഹര്‍ജികള്‍,രാഷ്ട്രപതിക്ക് നല്‍കിയ ദയഹര്‍ജികള്‍എല്ലാം തള്ളിയതിനുശേഷമാണ് ശിക്ഷ നടപ്പിലാക്കിയത്. മുമ്പ് വധ ശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്കൊന്നും കിട്ടാത്ത തരത്തിലുള്ള അവസരങ്ങളാണ് യാക്കൂബ് മേമന്‍റെ കാര്യത്തില്‍ ഉണ്ടായത് എന്നോര്‍ക്കണം .

വധശിക്ഷ അര്‍ഹിക്കുന്നുവെന്ന് കോടതി കണ്ടെത്തിയാല്‍ മുംബൈ കലാപം അടക്കമുള്ള കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കുകതന്നെ വേണം അതില്‍ തര്‍ക്കമില്ല. അവസാനമായി തൂക്കിലേറ്റിയ മൂന്നുപേര്‍ മുസ്ലീംങ്ങള്‍ ആയതുകൊണ്ട് രാജ്യത്ത് മുസ്ലീങ്ങളെ മാത്രമാണ് തൂക്കിലേറ്റുന്നത് എന്ന് പ്രചരിപ്പിക്കുന്നത് ഗുരുതരമായ പ്രത്യഘതങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഉത്തരവാദപ്പെട്ട നേതാക്കള്‍ മനസ്സിലാക്കണം. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട് അത് ആര്‍ക്കും തടയാന്‍ കഴിയില്ല എന്നാല്‍ രാജ്യതാല്‍പ്പര്യവുമായി തട്ടിച്ചു നോക്കുമ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യത്തേക്കാള്‍ രാജ്യതാല്‍പ്പര്യത്തിനു തന്നെയാണ് മുന്‍‌തൂക്കം .      

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications