
ന്യൂഡൽഹി: ഇന്ത്യ ഫ്രഞ്ച് നിർമ്മിത റാഫേൽ ജറ്റ് യുദ്ധ വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സമർപ്പിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടു. വിമാനങ്ങളുടെ വില, സാങ്കേതിക വിദ്യ എന്നിവ സംബന്ധിച്ച വിവരങ്ങൾ നൽകേണ്ടതില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. മുദ്രവെച്ച കവറിൽ ഒക്ടോബർ 29 ന് മുമ്പായി റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. സ്വന്തം തൃപ്തിക്ക് വേണ്ടിയാണ് റിപ്പോർട്ട് ആവശ്യപ്പെട്ടതെന്നും ചീഫ് ജസ്റ്റീസ് രജ്ഞൻ ഗഗോയ്, ജസ്റ്റീസ് എസ് കെ കൗൾ, ജസ്റ്റീസ് കെ എം ജോസഫ് എന്നിവരടങ്ങുന്ന ബഞ്ച് പറഞ്ഞു. ഇടപാടിനെതിരെ സമർപ്പിക്കപ്പെട്ട രണ്ടു ഹർജികളിലെ ഒരു പരാമർശവും പരിഗണനക്കെടുക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. കരാറിൽ ഇടപെടുമ്പോൾ വേണ്ട മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് അറിയുക മാത്രമാണ് റിപ്പോർട്ട് തേടിയതിന്റെ ഉദ്ദേശമെന്നും കോടതി അറിയിച്ചു. ഇടപാടിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികൾ കോടതി നേരത്തെ ഫയലിൽ സ്വീകരിച്ചിരുന്നു. അതേ സമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് സമർപ്പിക്കപ്പെട്ട ഹർജികൾ രാഷ്ട്രീയ പ്രേരിതമാണെന്നും അവ തള്ളണമെന്നും അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ വാദിച്ചു.