Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

രാഷ്ട്രീയക്കാരുടെ വിലയിടിയുമ്പോള്‍ ...

 മാര്‍ക്കറ്റില്‍ രാഷ്ട്രീയക്കാരുടെ വില പൊതുവേ താഴോട്ടാണ് . കേരള നിയമസഭയില്‍  മാര്‍ച്ച് പതിമൂന്നിന് അരങ്ങേറിയ  സംഭവങ്ങള്‍   രാഷ്ട്രീയക്കാരുടെ വില  ഒന്നുകൂടി കുത്തനെ ഇടിച്ചിരിക്കുകയാണ്. എവിടേയും ഗതിപിടിക്കാത്തവന്‍റെ അവസാനത്തെ ആശ്രയമാണ് രാഷ്ട്രീയം എന്നൊരു ചൊല്ലുണ്ടല്ലോ  അത് തീര്‍ത്തും ശരിവെക്കുന്നതാണ് കേരള നിയമസഭയില്‍ അരങ്ങേറിയ സംഭവങ്ങള്‍ . അണികള്‍ക്ക് മാതൃകയാകേണ്ടവര്‍  തന്നെ ഗുണ്ടകളായി  നിയമസഭയില്‍ കലാപത്തിനു നേതൃത്വം നല്‍കിയാല്‍  ഇവരുടെ അണികള്‍ ഏതുതരത്തിലായിരിക്കും പ്രവര്‍ത്തിക്കുക  എന്ന്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ . നിയമ ലംഘനം നടന്നത്  ജനാധിപത്യത്തിന്‍റെ ശ്രീകോവില്‍ ആണെന്ന് ആലങ്കാരികമായി പറയാറുള്ള നിയമനിര്‍മ്മാണ സഭയിലാണ്. നിയമത്തെ ബഹുമാനിക്കുകയും  അനുസരിക്കുകയും ചെയ്യുന്ന  സാധാരണ പൗരനാണ് നിയമസഭയെ ജനാധിപത്യത്തിന്‍റെ ശ്രീകോവില്‍ ആയി കാണുന്നത് . എന്നാല്‍ ജനത്തിന്‍റെ  വോട്ടുവാങ്ങി ജയിച്ച് അവിടെയെത്തുന്ന നേതാക്കളെ സംബന്ധിച്ചടത്തോളം  അവര്‍  നിയമസഭക്ക് ഒരു വിലയും കല്‍പ്പിക്കുന്നില്ല  എന്നതാണ്  നിയമസഭയിലെ കലാപം  വ്യക്തമാക്കുന്നത്.  കടിക്കാനും , പിടിക്കാനും , മുണ്ട് മടക്കിക്കുത്തി  മേശമേല്‍ കയറി നിന്ന് അടിവസ്ത്രവും അതിനു താഴെയുള്ള സാധനവും കാണിക്കാന്‍ തയ്യാറായി  നില്‍ക്കുന്നവരെയാണല്ലോ  നിയമം നിര്‍മ്മിക്കാനായി  നാം തെരഞ്ഞെടുത്തയച്ചത്  എന്നോര്‍ക്കുമ്പോള്‍ നാണിച്ച് തല താഴ്ത്തേണ്ട  അവസ്ഥയാണ് വന്നിരിക്കുന്നത് .  രാജ്യത്ത്  ഇതുവരെ  ഒരു സംസ്ഥാന നിയമസഭയിലും  ഉണ്ടാകാത്ത സംഭവമാണ്  കേരള നിയമസഭയില്‍ ഉണ്ടായത്. അതുകൊണ്ടുതന്നെ ദേശീയ മാധ്യമങ്ങളില്‍ മാത്രമല്ല അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ  ഇത് വലിയ വാര്‍ത്തയായി . വെളിവ് നഷ്ടപ്പെട്ട  നിയമസഭ  സാമാജികരുടെ കോപ്രായങ്ങള്‍   തത്സമയം  മാധ്യമങ്ങള്‍ ലോക ജനതയെ കാണിച്ചപ്പോള്‍   സാക്ഷരതയുടെ പേരിലും , പ്രബുദ്ധതയുടെ പേരിലും അഹങ്കരിച്ചിരുന്ന മലയാളിയുടെ  കപട രാഷ്ട്രീയ മുഖമാണ് പിച്ചി ചീന്തപ്പെട്ടത് . നേട്ടങ്ങള്‍ കൊണ്ട് അറിയപ്പെടാന്‍ കഴിയുന്നില്ലെങ്കിലും  കേരള നിയമസഭയുടെ മാഹാത്മ്യം  അങ്ങനെയെങ്കിലും മാലോകര്‍ അറിഞ്ഞല്ലോ ,സമാധാനിക്കാം .(വഴിയില്‍ തൂറിയാലും പേരെടുത്താല്‍ മതി)
 മാന്യതയും , പരസ്പര ബഹുമാനവും, ആത്മസംയമനവും ഒത്തുചേരുമ്പോഴാണ്‌  ഒരാള്‍ കറകളഞ്ഞ രാഷ്ട്രീയനേതാവാകുന്നത് . ഇങ്ങനെയുള്ള നേതാക്കളെ ജനങ്ങള്‍ ആദരിക്കും ബഹുമാനിക്കും. ചരിത്രത്തില്‍ അവരുടെ പേരുകള്‍  അവരുടെ ഗുണ സവിശേഷതകളാല്‍ രേഖപ്പെടുത്തുകയും ചെയ്യും . നിയമസഭക്കകത്ത് എടാ പോടാ പോര്‍വിളികളാല്‍  പരസ്പരം കടിച്ചു കീറുകയും , കണ്ണില്‍ കണ്ടെതെല്ലാം തല്ലിത്തകര്‍ക്കുകയും ചെയ്തവരെ നാളെ ചരിത്രത്തില്‍ എങ്ങനെ രേഖപ്പെടുത്തും എന്ന് കാലം തെളിയിക്കും .
അഴിമതി നടത്തിയവര്‍ക്കെതിരെ സമരം ചെയ്യണം , അവരെ ഒറ്റപ്പെടുത്തണം  അതില്‍ ആര്‍ക്കും തര്‍ക്കമില്ല പക്ഷെ  അതിനു കേരളത്തിലെ പ്രതിപക്ഷം തെരഞ്ഞെടുത്ത വഴി  തികച്ചും തെറ്റായിപ്പോയി എന്ന് നിക്ഷ്പക്ഷമായി ചിന്തിക്കുന്ന ആര്‍ക്കും മനസിലാകും . അഴിമതി നടത്തിയവര്‍ക്കെതിരെ  സമരം ചെയ്‌താല്‍ അതില്‍ നിന്ന് മൈലേജ് ഉണ്ടാക്കാന്‍ കഴിയണം  എന്നാല്‍  മാണി  ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ വേണ്ടി   പ്രതിപക്ഷം ആസൂത്രണം ചെയ്ത  സമരം മൈലെജിനു പകരം  അവരുടെ  ഇമേജ് തകരാനാണ്  ഇടയാക്കിയത്.    മാണിക്കെതിരെയുള്ള   സമരം  രാഷ്ട്രീയമായ പക്വതയോടെ വേണമായിരുന്നു  പ്രതിപക്ഷം കൈകാര്യം ചെയ്യാന്‍. മാണിയെ ധനമന്ത്രിയായി ഞങ്ങള്‍ അംഗീകരിക്കുന്നില്ല  എന്ന്‍  സംഭവത്തിനു  ശേഷം കോടിയേരി ബാലകൃഷ്ണന്‍ പറയുകയുണ്ടായി . ഇത് നേരത്തെ തന്നെ പറഞ്ഞ്  മാണിയെ  തീര്‍ത്തും  അവഗണിച്ചുകൊണ്ട് മാണി ഇരിക്കുന്ന സഭയില്‍ ഞങ്ങള്‍ ഇരിക്കില്ല എന്ന് പറഞ്ഞ് വിട്ടുനിന്നാല്‍    പ്രതിപക്ഷം എന്ന നിലയില്‍  അത് എല്‍ ഡി എഫിന്‍റെ  ഇമേജ് കൂട്ടുമായിരുന്നു .
കേരള നിയമസഭയുടെ ചരിത്രത്തില്‍ ഇത്രയും അപമാനം  ഉണ്ടാക്കിയ സംഭവം  മുമ്പ് നടന്നിട്ടില്ല  . ഭരണപക്ഷമായാലും , പ്രതിപക്ഷമായാലും സഭയില്‍  അതിരുവിട്ടു പെരുമാറിയ അംഗങ്ങളെ  അയോഗ്യരാക്കണം  എന്നാല്‍ മാത്രമേ സഭയ്ക്കുണ്ടായ കളങ്കത്തിന് അല്‍പ്പമെങ്കിലും പരിഹാരമാകൂ  . ഭാവി തലമുറക്ക് അത് ഒരു മുന്നറിയിപ്പും ആകണം  
 

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications