Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

മൂന്നംഗ കുടുംബത്തിന്‍റെ ആത്മഹത്യ വിരല്‍ ചൂണ്ടുന്നത്

കേരളത്തില്‍  ഒരുപാട് ആത്മഹത്യകള്‍ നടക്കുന്നുണ്ട് കുടുംബ വഴക്ക്, പ്രേമനൈരാശ്യം, ഗാര്‍ഹിക പീഡനം തുടങ്ങി  ആത്മഹത്യയ്ക്ക് കാരണങ്ങള്‍ പലതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം കാഞ്ഞാങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ മൂന്നംഗ കുടുംബം ജീവനൊടുക്കിയത് മറ്റു ആത്മഹത്യകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി എളുപ്പം മറക്കാന്‍ കഴിയുന്ന ഒന്നല്ല.ഒമ്പതുവയസ്സായ മകന്‍ കാര്‍ത്തിക്കിന്‍റെ രോഗം മൂലമുള്ള വേദന സഹിക്കാന്‍ കഴിയാതെയാണ് ജീവനൊടുക്കുന്നതെന്ന് കുറിപ്പ് എഴുതിവെച്ചാണ് ചെറുവത്തൂരിലെ തമ്പാനും, ഭാര്യ പത്മിനിയും ആത്മഹത്യ ചെയ്തത്. കുഞ്ഞിനെ കൊന്ന് ഇവര്‍ ജീവനൊടുക്കുമ്പോള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് സര്‍ക്കാരും ജില്ലാ ഭരണകൂടവുമാണ്  
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ കോടിക്കണക്കിനു രൂപയുടെ സഹായം വര്‍ഷങ്ങളായി കാസറഗോഡ് ജില്ലയില്‍ വിതരണം ചെയ്തുവരുന്നുണ്ട്. പണമായും, ചികിത്സയായും  മറ്റ് ആനുകൂല്യങ്ങളായുമാണ്‌ സഹായങ്ങള്‍ നല്‍കിവരുന്നത്. മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ദുരിതബാധിതരെ കണ്ടെത്തിയതെന്നാണ് അധികൃതര്‍ പറയുന്നത് .എന്നാല്‍ കാര്യമായ രോഗമില്ലാത്തവരും സാമ്പത്തികമായി നല്ല ചുറ്റുപാടുള്ളവരും  ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുമ്പോള്‍  തികച്ചും അര്‍ഹതയുള്ള  രോഗബാധയാല്‍ തീര്‍ത്തും അവശതയും വേദനയും അനുഭവിക്കുന്ന തമ്പാന്മാര്‍ക്ക് ഒരു ആനുകൂല്യവും ലഭിക്കുന്നില്ല എന്ന ദുഃഖ സത്യമാണ് മൂന്നംഗ കുടുംബം ജീവനൊടുക്കിയപ്പോള്‍ പുറത്തുവരുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് വഴിയാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടിക തയാറാക്കിയത് . പട്ടികയില്‍ കയറിക്കൂടിയാല്‍ ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചും  സൌജന്യങ്ങളെക്കുറിച്ചും നേരത്തെ അറിയാവുന്ന പലരും യഥാസമയം ക്യാംപിനെത്തി  ജലദോഷം, തൊലിയിലെ ചെറിയ നിറവ്യത്യാസം എന്നിങ്ങനെ  ഇല്ലാത്ത രോഗം അഭിനയിച്ച് പട്ടികയില്‍ സ്ഥാനം പിടിച്ചപ്പോള്‍ മാരക രോഗം പേറി ജീവിതം തള്ളിനീക്കുന്ന പലര്‍ക്കും പട്ടികയില്‍ സ്ഥാനം കിട്ടിയില്ല. ക്യാമ്പില്‍ പങ്കെടുക്കാത്തതുകൊണ്ട് മാത്രം ആനുകൂല്യം നിഷേധിക്കപ്പെട്ട ഒരുപാടുപേര്‍ ഇന്ന് ജില്ലയില്‍ ഉണ്ട്. ഇവരെ കണ്ടെത്തി ആനുകൂല്യങ്ങളും ചികല്‍സ സഹായവും നല്‍കാന്‍ വേണ്ടപ്പെട്ടവര്‍ക്ക് കഴിഞ്ഞിരുന്നുവെങ്കില്‍ ഇങ്ങനെയൊരു ദുരന്തം ഒരുപക്ഷെ സംഭവിക്കുമായിരുന്നില്ല . അര്‍ഹതപ്പെട്ടവര്‍ തഴയപ്പെടുമ്പോള്‍  എന്‍ഡോസള്‍ഫാന്‍ ആനുകൂല്യം അനര്‍ഹരുടെ കൈയില്‍ എത്തുന്നു എന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നുവെങ്കിലും ഇതിനെതിരെ അധികൃതരുടെ ഭാഗത്ത്നിന്ന് ഒരു നടപടിയും ഉണ്ടായില്ല. തമ്പാന്‍ പത്മിനി ദമ്പതികളുടെ മൂത്ത രണ്ടുകുട്ടികള്‍ നേരത്തെ രോഗബാധയാല്‍ മരണമടഞ്ഞിട്ടും ഈ കുടുംബത്തിന്‍റെ ദുരവസ്ഥ കാണാന്‍ കഴിയാതെ പോയത് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ പാക്കേജിന് നേതൃത്വം കൊടുക്കുന്നവരുടെ പിടിപ്പുകേട് തന്നെയാണ് എന്നതില്‍ സംശയമില്ല. അധികൃതര്‍ മാത്ര മല്ല ഈ ദുരന്തത്തിന് ഉത്തരവാദികള്‍. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടി സമരം ചെയ്തവരും ഈ ആത്മഹത്യകള്‍ക്ക് ഉത്തരം പറയണം. സമരം ചെയ്ത് ആനുകൂല്യങ്ങളും സൌജന്യങ്ങളും നേടിയെടുക്കുമ്പോള്‍ അത് അര്‍ഹതപ്പെട്ട കൈകളില്‍ എത്തുന്നുണ്ടോ എന്ന് നോക്കാനും ഇവര്‍ ബാധ്യസ്ഥരാണ്. ആരോഗ്യമുണ്ടായിട്ടും യാതൊരു തൊഴിലും ചെയ്യാതെ എന്‍ഡോസള്‍ഫാന്‍ ആനുകൂല്യം കൈപ്പറ്റി ജീവിക്കുന്നവര്‍ക്കിടയില്‍ ദുരിതവും പേറി ജീവിതത്തോട് മല്ലടിക്കുന്ന യഥാര്‍ത്ഥ ഗുണഭോക്താക്കളെ കണ്ടെത്താന്‍ അധികൃതര്‍ ഇനിയെങ്കിലും തുനിഞ്ഞാല്‍ തമ്പാന്‍റെയും പത്മിനിയുടെയും കാര്‍ത്തിക്കിന്‍റെയും  ആത്മാവിന് ശാന്തി ലഭിക്കും.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications