
തിരുവനന്തപുരം: കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ അദ്ധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രനെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു. കെ സുധാകരൻ, എം ഐ ഷാനവാസ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരെ വർക്കിങ്ങ് പ്രസിഡണ്ട്മാരായും കെ മുരളീധരനെ പ്രചാരണ സമിതി ചെയർമാനായും ബെന്നി ബഹനാനെ യുഡിഎഫ് കൺവീനനായും നിയമിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ മുല്ലപ്പള്ളി കെ എസ് യു വിലൂടെയാണ് രാഷ്ടീയത്തിലെത്തുന്നത്. കെ പി സി സി സെക്രട്ടറി, വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ച മുല്ലപ്പള്ളി എ.ഐ സി.സി ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്ന് തുടർച്ചയായി അഞ്ചു തവണ ലോകസഭയിലെത്തിയ മുല്ലപ്പള്ളി വടകരയിൽ നിന്ന് രണ്ടു തവണയും ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നരസിoഹറാവു മന്ത്രിസഭയിൽ കൃഷി വകുപ്പ് സഹമന്ത്രിയാകും, മൻമോഹൻ സിങ്ങ് മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് സഹമന്ത്രിയായും പ്രവർത്തിച്ചു. രാഹുൽ ഗാന്ധിയെ എ ഐ സി സി അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട പ്രക്രിയയുടെ ചുമതല വഹിച്ചത് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു