Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ഭാരതം കണ്ടത് തരം താണ രാഷ്ട്രീയ പ്രചരണം

2014 ലോകസഭ തെരഞ്ഞെടുപ്പിനുള്ള   പ്രചാരണം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കെ  മുമ്പെങ്ങും കാണാത്ത തരത്തിലുള്ള തരം താണതും വൃത്തികെട്ടതുമായ രാഷ്ട്രീയമാണ് ഈ ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നാം കണ്ടത്.
 
പഴയകാല നേതാക്കള്‍ക്ക്‌ പ്രതിപക്ഷ ബഹുമാനം ഉണ്ടായിരുന്നു. എതിരാളിയെ രാഷ്ട്രീയമായി ആക്രമിക്കുമ്പോഴും അവര്‍ മര്യാദയുടെ അതിര്‍ വരമ്പുകള്‍ ലംഘിച്ചിരുന്നില്ല. ആശയത്തിന്‍റെ പേരിലായിരുന്നു പരസ്പരം ഏറ്റുമുട്ടിയിരുന്നത് . എന്നാല്‍ ആശയ ദാരിര്യം വന്നുപെട്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ എന്ത് വൃത്തികെട്ട മാര്‍ഗ്ഗവും അവലംബിക്കാന്‍ നേതാക്കള്‍ക്ക് മടിയില്ലാതായി.പണവും മദ്യവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നത് പതിവായി .മുംബെങ്ങും കാണാത്ത തരത്തില്‍ കള്ളപ്പണത്തിന്‍റെ വലിയ ഒഴുക്കാണ് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്.  കണക്കില്‍ പെടാത്ത കോടിക്കണക്കിനു രൂപയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തത്. ഇതിനു പുറമേ കോടിക്കണക്കിനു ലിറ്റര്‍ വ്യാജമദ്യവും പിടികൂടുകയുണ്ടായി. പത്രങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിച്ച് പരസ്യം നല്‍കി. ഈ പണത്തിന്‍റെയൊക്കെ  ഉറവിടം എവിടെയാണെന്നതാണ് വലിയ ചോദ്യ ചിന്ഹം.
 
വ്യക്തിഹത്യയും സ്വകാര്യ ജീവിതത്തിലേക്കുള്ള കടന്നുകയറ്റവുമാണ് ഈ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറ്റവും മുന്നില്‍ നിന്നത്. പരസ്പരം പട്ടി, എലി പൂച്ച എന്ന വിളികള്‍ക്ക് പുറമേ കള്ളന്‍, കൊലയാളി എന്നിങ്ങനെയുള്ള പദങ്ങളും ധാരാളം പ്രയോഗിക്കപ്പെട്ടു. നരേന്ദ്രമോഡിയുടെ വിവാഹം കോണ്‍ഗ്രസ് കുത്തിപ്പൊക്കിയപ്പോള്‍ കോണ്‍ഗ്രസിലെ നേതാക്കളുടെ പഴയകാല ചരിത്രം ചികഞ്ഞെടുത്ത് ബി ജെ പി തിരിച്ചടിച്ചു. റോബര്‍ട്ട് വദേരയുടെ ഭൂമി ഇടപാട് ബി ജെ പി ആയുധമാക്കിയപ്പോള്‍ മോഡിയുടെ ഹവാല ബന്ധം കോണ്‍ഗ്രസ് സി ഡി യിലാക്കി അവതരിപ്പിച്ചു. പരസ്പരം ചെളിവാരിയെറിയുകയും തെറിവിളിക്കുകയും ചെയ്യുന്ന നേതാക്കള്‍ സാധാരണ ജനങ്ങളുടെ അടിസ്ഥാന പ്രശ്നം, അവരുടെ വേദനകള്‍ കാണാതെപോയി.
 
മുമ്പ് എത്ര വലിയ നേതാവായാലും അവര്‍ക്ക് ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ കഴിയുമായിരുന്നു. ഇന്ന് ധൈര്യത്തോടെ ജങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയുന്ന എത്ര രാഷ്ട്രീയ നേതാക്കളുണ്ട്. കനത്ത സുരക്ഷാവലയത്തില്‍ കരിമ്പൂച്ചകളുടെ അകമ്പടിയില്‍ നേരത്തെ നിശ്ചയിച്ചുറപ്പിച്ച ഏതാനും പേര്‍ക്ക് ബാരിക്കേഡുകള്‍ക്കിടയിലൂടെ ഹസ്തദാനം നല്‍കി അതിന്‍റെ പടം പത്രങ്ങളില്‍ അച്ചടിച്ചു വരുമ്പോഴാണ് ഇന്നത്തെ നേതാക്കള്‍ ജനകീയരാകുന്നത്.  നീചമായ വഴികളിലൂടെ അധികാരത്തിലെത്തുകയും പിന്നീട്  അതിന്‍റെ ശീതളഛായില്‍ അഴിമതി നടത്തി കോടികള്‍ സമ്പാദിക്കുകയും ചെയ്യുന്നിടത്ത് എത്തി നില്‍ക്കുകയാണ് നമ്മുടെ ജനാധിപത്യം.
 
ജനാധിപത്യത്തില്‍ പണാധിപത്യം വേരുറപ്പിക്കുമ്പോള്‍ നിലവിലെ രാഷ്ട്രീയ സംവിധാനത്തിന് സമൂലമായ  ഒരു അഴിച്ചുപണി ആവശ്യമാണ്.രാഷ്ട്രീയപ്രവര്‍ത്തനത്തിന് പെരുമാറ്റച്ചട്ടവും, രാഷ്ട്രീയ പ്രവര്‍ത്തകന് യോഗ്യതയും നിശ്ചയിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. അഴിമതിയുടേയും ക്രിമിനല്‍ കുറ്റങ്ങളുടെയും കറ പുരണ്ടവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്തര വിലക്ക് ഏര്‍പ്പെടുത്തണം. ഇത്തരം മാറ്റങ്ങള്‍ പ്രയോഗത്തില്‍ വരുത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമേ ഇനിയങ്ങോട്ട്  ജനങ്ങളുടെ അംഗീകാരം ഉണ്ടാകൂ , പിന്തുണയുണ്ടാകൂ.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications