Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ഭന്‍വാരി ദേവിയില്‍ തുടങ്ങി ജിഷയില്‍ എത്തി നില്‍ക്കുമ്പോള്‍

ഒരു ക്രൂര ബലാല്‍സംഘവും കൊലപാതകവും ഒരിക്കല്‍ക്കൂടി ഇവിടെ ജനരോഷം ഇളക്കി വിട്ടിരിക്കുകയാണ്. പതിവ് രോഷപ്രകടനം ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ കെട്ടടങ്ങും . ആരും ചോദിക്കാനും പറയാനും ഇല്ലാത്ത പുറമ്പോക്കില്‍ താമസിക്കുകയായിരുന്ന നിസ്സഹായായ ഒരു ദളിത്‌ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന സംഭവം പുറം ലോകം അറിഞ്ഞത് തന്നെ ദിവസങ്ങള്‍ കഴിഞ്ഞാണ് എന്നറിയുമ്പോള്‍ സമൂഹത്തില്‍  അവര്‍ നേരിട്ടിരുന്ന അവഗണനയുടെ  ആഴം വ്യക്തമാകുന്നു. പെണ്‍കുട്ടിയുടെ മരണത്തില്‍ പോലീസോ മറ്റ്‌ അധികൃതരോ വേണ്ട ഗൗരവം കണ്ടിരുന്നില്ല. ആശുപത്രിയിലെത്തിച്ച ജഡം പോസ്റ്റ്‌ മോര്‍ട്ടം ചെയ്തത് പി ജി മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് എന്നതില്‍ നിന്ന് ഇക്കാര്യം മനസിലാക്കാം. സാമ്പത്തിക ശേഷിയോ, ആള്‍ബലമോ, രാഷ്ട്രീയ സ്വാധീനമോ ഇല്ലാത്ത സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ നേരിടുന്ന പീഡനങ്ങള്‍ ഇന്നത്തെ സാഹചര്യത്തില്‍ എങ്ങനെയാണ് കൈകാര്യം ചെയ്യപ്പെടുന്നത് എന്നതിന്‍റെ തികഞ്ഞ ഉദാഹരണമാണ്‌ ജിഷയുടെ മരണം .സഹപാഠികള്‍ സാമൂഹിക മാധ്യമങ്ങളില്‍ കൂടി സംഭവം വെളിച്ചത്തുകൊണ്ടുവന്നതോടെയാണ് നിയമ വിദ്യാര്‍ത്ഥിയായിരുന്ന ജിഷയുടെ ദാരുണ അന്ത്യം ഇപ്പോള്‍ ഇത്ര ചര്‍ച്ചയായത്. മുഖ്യധാര മാധ്യമങ്ങള്‍ പോലും വേണ്ടത്ര പ്രാധാന്യം നല്‍കാതിരുന്ന ഒരു സംഭവം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായതോടെ മറ്റ് മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. അല്ലെങ്കില്‍ പത്രങ്ങളുടെ ഉള്‍പ്പേജിലെ ഒരു രണ്ടുകോളം വാര്‍ത്തയായി സംഭവം മാറുമായിരുന്നു .

സംഭവം ദേശീയതലത്തില്‍ ശ്രദ്ധ നേടിയതോടെ രാഷ്ട്രീയ പ്രബുദ്ധരാണ്‌ എന്നവകാശപ്പെടുന്ന കേരള സമൂഹം ഇപ്പോള്‍ സട കുടഞ്ഞെഴുന്നേട്ടിരിക്കുകയാണ്‌. സംഘടനകള്‍ ഇനി ആഴ്ചകളോളം പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും നടത്തും .പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍. സംഭവം സാക്ഷര കേരളത്തിന് അപമാനമായിപ്പോയി എന്നാണ് പൊതുവേ പറഞ്ഞു കേള്‍ക്കുന്ന കാര്യം. സാക്ഷരത മാത്രം ഉണ്ടായാല്‍ പോര സമൂഹത്തില്‍ മനുഷ്യനായി ജീവിക്കാനുള്ള മനോനിലയും ആര്‍ജിക്കണം അതില്ലെങ്കില്‍ അക്ഷരങ്ങള്‍ അറിയുന്ന മനുഷ്യമൃഗങ്ങളായിരിക്കും ഇവിടെ ഉണ്ടാവുക എന്നതാണ് ഇപ്പോള്‍ നടന്ന സംഭവം വ്യക്തമാക്കുന്നത് . ദളിത്‌ പീഡനം, സ്ത്രീപീഡനം എവിടെ നടന്നാലും അതിനെതിരെ ശക്തമായി പ്രതികരിക്കുന്നവരാണ് നാം. നല്ലത്, പ്രതികരിക്കാനും  പ്രക്ഷോഭിക്കാനും ഇപ്പോള്‍ സ്വന്തം നാട്ടില്‍ തന്നെ ഒരു ദാരുണ സംഭവം ഉണ്ടായിരിക്കുകയാണ് സര്‍വ്വശക്തിയും ഉപയോഗിച്ച് നമുക്ക് ഇതിനെ അപലപിക്കാം പക്ഷെ അതുകൊണ്ട് കാര്യമില്ല ഇത്തരം സംഭവങ്ങള്‍ ഇവിടെ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തുചെയ്യണം എന്നാണ് ആലോചിക്കേണ്ടത്. സ്ത്രീകള്‍ക്ക് ആദരവും ബഹുമാനവും നല്‍കുന്നതില്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച് പിറകില്‍ നില്‍ക്കുന്ന ഒരു നാടാണ് നമ്മുടേത് .സന്ധ്യ മയങ്ങിയാല്‍ ഇവിടെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയില്ല .വൈകി ഒറ്റയ്ക്ക് നടന്നുപോകുന്ന സ്ത്രീയെ സംശയ ദൃഷ്ടിയോടെ നോക്കുന്ന നാടാണ് നമ്മുടേത്. തിരക്കുള്ള ബസ്സില്‍ യാത്ര ചെയ്യുന്ന സ്ത്രീയില്‍ പുരുഷത്വം കാണിക്കുന്ന നാടാണ് കേരളം. ഇത്തരം  ഞരമ്പ് രോഗങ്ങള്‍ക്ക് ചികിത്സയാണ് ആദ്യം വേണ്ടത്. ഒരു സ്ത്രീ അവര്‍ നേരിടുന്ന അല്ലെങ്കില്‍ നേരിട്ട അതിക്രമങ്ങള്‍ തുറന്ന്‍ പറഞ്ഞാല്‍ അവരെ മറ്റൊരു രീതിയില്‍ കാണുന്ന മനോഭാവം മാറ്റിയെടുക്കണം.സ്വന്തം വീട്ടിലും സ്ത്രീകള്‍ ഉണ്ടെന്ന ഓര്‍മ്മ എപ്പോഴും  ഉണ്ടായിരിക്കണം . അടുത്ത കാലത്തായി കേരളത്തിന്‍റെ സാമൂഹ്യ പശ്ചാത്തലം തന്നെ മാറിക്കൊണ്ടിയിരിക്കുകയാണ് ആയിരക്കണക്കിന് അന്യ സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ താമസിച്ച് പണിയെടുക്കുന്നുണ്ട്, അവരെ തടയാന്‍ നമുക്ക് കഴിയില്ല എന്നത് സത്യമാണ് പക്ഷെ  ഇന്ന്‍ കേരളത്തില്‍ നടക്കുന്ന സ്ത്രീപീഡനം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളിലെ പ്രതികളില്‍ നല്ലൊരു ഭാഗം അവരാണ് എന്നത് ഗൌരവത്തില്‍ എടുക്കേണ്ട ഒരു കാര്യമാണ്. സ്ത്രീ പീഡനത്തിന്‍റെയും ,മാനഭംഗത്തിന്‍റെയും എണ്ണം കേരളത്തില്‍ വര്ഷം കഴിയുന്തോറും കൂടിവരികയാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിനു പ്രധാന കാരണം പ്രതികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടുന്നില്ല എന്നതാണ്. സൗമ്യയെ കൊന്ന ഗോവിന്ദ ചാമി ഇപ്പോഴും ജയിലില്‍ സസുഖം വാഴുന്നു എന്നത് ഒരു ഉദാഹരണം മാത്രം. മിക്ക സംഭവങ്ങളിലും കേസ്സ് വര്‍ഷങ്ങളോളം നീളുന്നു ,പലതിലും തെളിവുകള്‍ എന്ന സാങ്കേതികതയുടെ പേരില്‍ പ്രതികള്‍ രക്ഷപ്പെടുന്നു. ശിക്ഷിച്ചാല്‍ തന്നെ സുഖമായ ജയില്‍ വാസം. ഇതിന് ക്രിയാത്മകമായ മാറ്റം വന്നാലെ ഫലം ഉണ്ടാകൂ

ഭന്‍വാരി ദേവി ,നിര്‍ഭയ ,ഡെല്‍റ്റ മേഘവാള്‍ ,എന്നിവരില്‍ നിന്ന് ജിഷയില്‍ എത്തിനില്‍ക്കുമ്പോള്‍ ഒരു പുനര്‍വിചിന്തനത്തിന് തയ്യാറായില്ലെങ്കില്‍ ഇനിയും ക്രൂരമായ സംഭവങ്ങള്‍ക്ക് നാം ദൃക്സാക്ഷികള്‍ ആകേണ്ടിവരും   

 

 

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications