Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

പ്രതിഷേധത്തില്‍ ഇരട്ടത്താപ്പ് അരുത്

നമ്മുടെ ഭരണ ഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങളില്‍ പ്രധാനപ്പെട്ട  ഒന്നാണ് ആവിഷ്ക്കര സ്വാതന്ത്ര്യം. ഇത് നിഷേധിക്കുന്നത് കടുത്ത അവകാശലംഘനമാണെന്നതില്‍ ആര്‍ക്കും സംശയമില്ല . അടിയന്തിരാവസ്ഥക്കാലത്ത് ഇതിന്‍റെ ദുരന്തഫലം നാം അനുഭവിച്ചതുമാണ്. പുസ്തകങ്ങളായാലും, ചലച്ചിത്രങ്ങളായാലും, ചിത്രകലയായാലും മറ്റേത് സര്‍ഗ്ഗ സൃഷ്ടികള്‍ ആയാലും അത് സാംസ്ക്കാരിക ബോധമുള്ള ഒരു സമൂഹത്തിന്‍റെ ആരോഗ്യപരമായ  നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. ആവിഷ്ക്കര സ്വതന്ത്ര്യത്തിനുമേല്‍  നമ്മുടെ രാജ്യത്ത് കാലാകാലങ്ങളായി കടന്നുകയറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്  ആ  ഘട്ടങ്ങളിലൊക്കെ അതിനെതിരെ ശക്തമായ പ്രതിഷേധങ്ങളും ചെറുത്തുനില്‍പ്പും ഉണ്ടായിട്ടുമുണ്ട്. കര്‍ണ്ണാടകത്തിലെ  പ്രസിദ്ധ എഴുത്തുകാരനായ  പ്രൊഫസര്‍  എം എം കല്‍ബുര്‍ഗി കൊല്ലപ്പെട്ടതോടെ അടുത്ത കാലത്തായി രാജ്യത്ത്  വീണ്ടും ആവിഷ്ക്കര സ്വാതന്ത്ര്യം അപകടത്തിലാവുകയാണെന്ന പ്രതീതി ജനിച്ചിരിക്കുകയാണ്. എഴുത്തുകാരുടെ ജീവന്‍ ഭീഷണിയിലായിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍  മൗനം പാലിക്കുകയാണെന്നാരോപിച്ച്  രാജ്യത്തെ പ്രമുഖ എഴുത്തുകാര്‍ അവര്‍ക്ക് ലഭിച്ച പുരസ്ക്കാരം തിരികെ നല്‍കി പ്രതിഷേധിക്കുന്നത്  ഇപ്പോള്‍ വാര്‍ത്തയായിരിക്കുകയാണ് 

എങ്ങനെ പ്രതിഷേധിക്കണം എന്ന്‍ തീരുമാനിക്കാനുള്ള അവകാശം അവരവര്‍ക്കുള്ളതാണ് .പക്ഷെ  വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ സാഹിത്യ സൃഷ്ടിയുടെ ഗുണമേന്മ വിലയിരുത്തി  നല്‍കപ്പെട്ട പുരസ്ക്കാരം  എഴുത്തുകാര്‍ ഇപ്പോള്‍ തിരിച്ചു നല്‍കുന്നത് പ്രതിഷേധിക്കാനുള്ള ശരിയായ രീതിയാണോ എന്നത്  ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട് . രാജ്യത്തെ എല്ലാഭാഷകളിലേയും സാഹിത്യ സൃഷ്ടികള്‍ക്കുവേണ്ടി നിലകൊള്ളുന്ന പരമോന്നത സ്ഥാപനമായ  കേന്ദ്ര സാഹിത്യഅക്കാദമി ഒരു സ്വയംഭരണ സ്ഥാപനമാണ്‌ .  സാഹിത്യ സൃഷ്ടികളെ വിലയിരുത്തുന്നതും പുരസ്ക്കാരങ്ങള്‍ നല്‍കുന്നതും സര്‍ക്കാരല്ല  സാഹിത്യ അക്കാദമിയാണ് അതിനാല്‍ തന്നെ സര്‍ക്കാരിനോടുള്ള പ്രതിഷേധമായി അവാര്‍ഡുകള്‍ തിരിച്ചുനല്‍കുന്നത് ഉചിതമല്ല എന്ന നിലപാടും ശക്തമായി ഉയരുകയാണ് . പ്രതിഷേധിക്കാന്‍  ക്രിയാത്മകമായ മറ്റ് നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നിരിക്കെ  എഴുത്തുകാര്‍ക്ക്  എഴുത്തുകാരുടെ സമൂഹം നല്‍കിയ  പുരസ്ക്കാരം തിരിച്ചു നല്‍കുന്നത് ശരിയായ രീതിയല്ലെന്ന്  എം ടി വാസുദേവന്‍ നായര്‍ അടക്കമുള്ള സാഹിത്യ ലോകത്തെ പ്രമുഖര്‍  പറയുന്നതിനെ ഈ സാഹചര്യത്തില്‍  വളരെ ഗൗരവത്തോടുകൂടി വേണം നാം ഉള്‍കൊള്ളാന്‍ . സര്‍ക്കാരിനോടുള്ള വിയോജിപ്പ്‌ പ്രകടിപ്പിക്കാന്‍ അക്കാദമി നല്‍കിയ അവാര്‍ഡ് മടക്കി നല്‍കുന്നത് ശരിയല്ലെന്ന്  സാഹിത്യ അക്കാദമി അദ്ധ്യക്ഷന്‍ ഡോ: വിശ്വനാഥ് പ്രസാദ്‌ തിവാരിയും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട് .   അവാര്‍ഡ് തിരിച്ചു നല്‍കാത്തതുകൊണ്ട് എം ടി യും , സുഗതകുമാരിയും, സക്കറിയയും  വത്സലയും ഉള്‍പ്പെടുന്ന  എഴുത്തുകാരുടെ  വലിയൊരു  വിഭാഗം കല്‍ബുര്‍ഗിയുടെ കൊലപാതകത്തെ അപലപിക്കാതിരിക്കുകയോ എഴുത്തുകാര്‍ക്കെതിരെയും , ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയുമുള്ള നീക്കത്തില്‍ പ്രതിഷേധിക്കാതിരിക്കുകയോ ചെയ്യുന്നില്ലെന്ന് നാം മനസ്സിലാക്കണം .

അവാര്‍ഡ് തിരിച്ചു നല്‍കുന്നത് ഇപ്പോള്‍ ഒരു ഫാഷനായിമാറിയിരിക്കുകയാണെന്ന ആരോപണം പൊതുവേ ഉയരുന്നുണ്ട്.  അവാര്‍ഡില്‍ നിന്നുള്ള  പേരും പ്രശസ്തിയും അനുഭവിച്ചശേഷം  വര്‍ഷങ്ങള്‍ക്ക്  ശേഷം അത് തിരിച്ചു നല്‍കുന്ന പ്രവണത  കൂടിവരുന്നതിനാലാണ്  ഇങ്ങനെയൊരു ആക്ഷേപം ഉയരുന്നത് . അവാര്‍ഡ് തിരിച്ചുനല്‍കിയവരും തിരിച്ചുനല്‍കാന്‍ തയ്യാറെടുക്കുന്നവരും കേന്ദ്ര സര്‍ക്കാരിനെ എതിര്‍ക്കുന്ന ഇടതുപക്ഷത്തിന്‍റെ സഹയാത്രികരാണെന്നതാണ് മറ്റൊരു ആരോപണം  . പ്രതിഷേധക്കാരായ എഴുത്തുകാരുടെ പ്രസ്താവനകളും  പശ്ചാത്തലവും ഈ ആരോപണങ്ങളെ ബലപ്പെടുത്തുന്നതിനാല്‍  ഇങ്ങനെ സംശയിക്കാതിരിക്കാനും  കഴിയില്ല.വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുത്ത് നിര്‍ത്തി ഒതുങ്ങിക്കഴിയുന്ന ഇന്നത്തെ തലമുറക്ക് തീര്‍ത്തും അപരിചിതരായ  ചിലര്‍  പെട്ടന്ന് അവാര്‍ഡ് തിരിച്ചുകൊടുക്കാന്‍ മുന്നോട്ടുവരുന്നത്   ഇന്നത്തെ തലമുറയുടെ ഇടയില്‍  അറിയപ്പെടനാണെന്ന് ചില കോണില്‍ നിന്ന് കളിയാക്കുമ്പോള്‍   അതിലും കാര്യമുണ്ടോ എന്ന്‍  തോന്നിപ്പോകുന്നു .

രാജ്യത്തുണ്ടാകുന്ന  ഇത്തരം സംഭവങ്ങളില്‍   പ്രതിഷേധിക്കേണ്ടത് എഴുത്തുകാരുടെ മാത്രം ബാധ്യതയല്ല ജനാധിപത്യ ബോധമുള്ള ഓരോ പൗരന്‍റെയും കടമയാണ് . എപ്പോഴൊക്കെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നുവോ അപ്പോഴൊക്കെ പ്രതിഷേധ സ്വരം ഉയരണം . അല്ലാതെ ഭരണത്തിലിരിക്കുന്നവര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തവര്‍ ആകുമ്പോള്‍ മാത്രം പ്രതിഷേധിക്കുകയും അല്ലാത്തപ്പോള്‍ മൗനമവലംബിക്കുകയും ചെയ്യരുത് . പ്രതിഷേധത്തില്‍ പക്ഷപാതമാകുമ്പോഴാണ് അത് ഇരട്ടത്താപ്പായി വിലയിരുത്തുന്നത് .

എ എം ദിവാകരന്‍

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications