ന്യൂഡൽഹി: അടുത്തയാഴ്ച ന്യൂയോർക്കിൽ നടക്കാനിരുന്ന പാക്ക് വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇന്ത്യ പിൻമാറി. കാശ്മീരിൽ പോലീസുകാരെ ഭീകരർ തട്ടിക്കൊണ്ടുപോയി വധിച്ചതിലും, സൈന്യം വധിച്ച ഹിസ്ബുൽ കമാൻഡർ ബുർഹാൻ വാനിയെ മഹാനായി ചിത്രീകരിച്ച് പാക്കിസ്ഥാൻ തപാൽ സ്റ്റാംമ്പ് പുറത്തിറക്കിയതിലും പ്രതിഷേധിച്ചാണ് ഇന്ത്യ ചർച്ചയിൽ നിന്ന് പിൻമാറിയത്. നേരത്തെ അതിർത്തിയിൽ ഇന്ത്യൻ സൈനീകനെ വധിച്ച് മൃതദേഹം വികൃതമാക്കിയതിനെതിരെ ഇന്ത്യ പാക്കിസ്ഥാന് ശക്തമായ താക്കീത് നൽകിയിരുന്നു. ചർച്ചയിൽ നിന്ന് പിൻമാറുന്നതായി അറിയിച്ച വിദേശകാര്യ മന്ത്രാലയം പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ യഥാർത്ഥ മുഖം തുടക്കത്തിൽത്തന്നെ ലോകത്തിനു മുമ്പിൽ തുറന്നു കാട്ടപ്പെട്ടിരിക്കുകയാണെന്നും വ്യക്തമാക്കി. ഒരു ഭാഗത്ത് ആക്രമണം നടത്തുകയും മറു ഭാഗത്ത് ചർച്ചയ്ക്ക് ക്ഷണിക്കുകയും ചെയ്യുന്ന നയം ഫലം കാണില്ലെന്ന നിലപാടിലാണ് ഇന്ത്യയെന്നും വിദേശകാര്യ വകുപ്പ് പറഞ്ഞു. അതേ സമയം ഇന്ത്യ ചർച്ചയിൽ നിന്ന് പിൻമാറിയതിനെ മുൻ ജമ്മു കാശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി വിമർശിച്ചു.