Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

തല്ലിയവനും തല്ലുകൊണ്ടവനും

നാട്ടിലേതില്‍ നിന്ന് വ്യത്യസ്തമായി മുംബൈ മലയാളികള്‍ക്ക്  രാഷ്ട്രീയപരമായോ  മതപരമായോ  ജാതീയമായോ വേര്‍തിരിവില്ലാതെ സംഘടിച്ച് കലാ സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞിരുന്ന കാലമുണ്ടായിരുന്നു. ജീവിക്കാന്‍ വേണ്ടി നാടുവിട്ടവര്‍ അന്ന്  ഇവിടെ ഒന്നായിരുന്നു. എന്നാല്‍ കാലത്തിന്‍റെ കുത്തൊഴുക്കില്‍ മുംബൈ മലയാളിക്ക് ആ ആത്മ ബോധം നഷ്ടമായി.സ്വന്തം നാടിനേയും നാട്ടുകാരേയുംസ്നേഹിച്ച് മറുനാട്ടില്‍ വിയര്‍പ്പൊഴുക്കി ജീവിതം കെട്ടിപ്പെടുത്തവര്‍ പലരും  കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു ബാക്കിയുള്ളവര്‍  വാര്‍ദ്ധക്യത്തിന്‍റെ അവശതകളാല്‍ നിസ്സഹായരുമായി . ഇവിടെ ജനിച്ചു വളര്‍ന്ന അവരുടെ    തലമുറകള്‍ക്കാകട്ടെ  നാടിനോടും നാട്ടുകാരോടും അത്ര പ്രതിപത്തിയുമില്ല.നാടിന്‍റെ സംസ്ക്കാരം തലമുറകളിലേക്ക് പകരാനും  അവര്‍ക്ക് നാടിനോടുള്ള പൊക്കിള്‍ക്കൊടി ബന്ധം അറ്റുപോകാതിരിക്കാനും അവര്‍ക്ക് സ്വന്തം ഭാഷ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നതിനാലാണ് ഇവിടെ മലയാള ഭാഷാപഠനം സജീവമാക്കിയത്. നല്ലകാര്യം തന്നെയാണ്. പക്ഷെ ഭാഷ പഠിപ്പിച്ചതുകൊണ്ടുമാത്രം യുവതലമുറയെ നാടിനോടും അവിടുത്തെ സംസ്കാരത്തോടും അടുപ്പിക്കാന്‍ കഴിയുമോ എന്നതാണ് ഇപ്പോള്‍ ഗൗരവമായി ചിന്തിക്കേണ്ട ഒരു കാര്യം.

 മുമ്പ് വിരലിലെണ്ണാവുന്ന മലയാളി സംഘടനകള്‍ മാത്രമാണ് മുംബയില്‍ ഉണ്ടായിരുന്നത് അന്ന്‍ ഇവിടുത്തെ സംഘടന പ്രവര്‍ത്തനം ഇന്നത്തേതിനേക്കാള്‍ എത്രയോ ശക്തമായിരുന്നു. പ്രവര്‍ത്തനങ്ങള്‍ ആത്മാര്‍ഥവും സത്യസന്ധവുമായിരുന്നു. കാലം പിന്നിട്ടപ്പോള്‍ സംഘടനകളുടെ എണ്ണം കൂടി, ജാതീയുടെ പേരിലും ദേശത്തിന്‍റെ പേരിലും സംഘടിക്കാന്‍ തുടങ്ങിയ മലയാളികള്‍ക്കിടയില്‍ സ്വാര്‍ത്ഥവും സങ്കുചിതവുമായ ചിന്താഗതികള്‍ വളര്‍ന്നുവരാന്‍ തുടങ്ങി. സംഘടനകള്‍ സാമ്പത്തികമായി ശക്തിയാര്‍ജ്ജിച്ചപ്പോള്‍ ചേരിപ്പോര് തുടങ്ങി. സംഘടനകള്‍ പരസ്പരം പോരടിക്കാനും മത്സരിക്കാനും തുടങ്ങി. മലയാളികള്‍ക്ക് ഐക്യബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ മലയാളം പഠിപ്പിച്ചതുകൊണ്ട് മാത്രം ഇവിടെ വളര്‍ന്നുവരുന്ന തലമുറയ്ക്ക് മലയാള നാടിന്‍റെ സാംസ്ക്കാരിക പാരമ്പര്യം പകര്‍ന്നു നല്‍കാന്‍ കഴിയുമോ. ഭാഷ പഠിക്കാതെ നാട്ടില്‍ നിന്ന് ഭാഷയുമായി വന്ന സംഘടനകള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ ഇത് ചിന്തിക്കണം

നെരൂള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂബോംബെ കേരളീയ സമാജത്തിന്‍റെ ആയുര്‍വ്വേദ സെന്‍ററിലെ ജീവനക്കാരിയെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന വിവാദവും മുംബയിലെ മലയാളി സംഘടനകള്‍ക്ക് നേരിട്ടുകൊണ്ടിരിക്കുന്ന മൂല്യച്യുതിയുടെ ഭാഗം തന്നെയാണ്.ജീവനക്കാരിയെ പിരിച്ചുവിട്ടതിനെ അനുകൂലിച്ചും ന്യായീകരിച്ചും വാദപ്രതിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ പിരിച്ചുവിടപ്പെട്ട സരസമ്മ വിജയന് എന്ത് നേട്ടം ലഭിക്കുന്നുവെന്നോ, വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള മലയാളി സമാജത്തിന് എന്ത് കോട്ടം സംഭവിക്കുന്നുവെന്നോ ഇവിടെ ആരും ചിന്തിക്കുന്നില്ല. സമാജം ഭാരവാഹികള്‍ പറയുന്നത് പോലെ ക്രമക്കേടുകള്‍ കാട്ടി  സംഘടനക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ ചെയ്ത ഒരു ജീവനക്കാരിയെ നിലനിര്‍ത്തേണ്ട ആവശ്യം സമാജത്തിനില്ല അവരുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുക തന്നെ വേണം എന്നാല്‍ പിരിച്ചുവിട്ടതല്ല ഇവിടെ പ്രശ്നം പിരിച്ചുവിട്ട രീതിയാണ്. വര്‍ഷങ്ങളായി ജോലി ചെയ്തുവരുന്ന ഒരാളെ പിരിച്ചുവിടുന്നതിനുമുമ്പ് സമാജം അംഗങ്ങളുടെ പൊതുയോഗം വിളിച്ചു ചേര്‍ത്ത് അവിടെ ജീവനക്കാരിയുടെ ക്രമക്കേടുകളും പിടിപ്പുകേടുകളും വിവരിച്ച് യോഗത്തിന്‍റെ അനുമതി വാങ്ങിയശേഷം പിരിച്ചുവിടുകയായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിവാദങ്ങളില്‍ കഴമ്പ് ഉണ്ടാകുമായിരുന്നില്ല. പെട്ടന്ന്‍ പൊതുയോഗം വിളിച്ചുചേര്‍ക്കാന്‍ കഴിയുമായിരുന്നില്ലെങ്കില്‍ അതു വരെ കാത്തുനില്‍ക്കാമായിരുന്നു. പിരിച്ചുവിടപ്പെട്ട മലയാളി ജീവനക്കാരി മലയാളി സമാജത്തിനെതിരെ കേസുമായി മുന്നോട്ടുപോകുമ്പോള്‍ മലയാളികള്‍ തന്നെ അതിനു പിന്തുണയുമായി രംഗത്ത് വരുമ്പോള്‍ മറുനാട്ടില്‍ എങ്ങനെ മലയാളം വളരും

തല്ലുകൊണ്ടവന്‍ തല്ലുകൊള്ളേണ്ടവനാണ് പക്ഷെ തല്ലിയവന്‍ തല്ലാന്‍ യോഗ്യനാണോ എന്നതാണ് ഇവിടുത്തെ പ്രശ്നം

   

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications