Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ജി എസ് ടി നികുതി ചരിത്രത്തിലെ നാഴികകല്ല്

പതിനാല് വര്‍ഷത്തെ ശ്രമത്തിനൊടുവില്‍ രാജ്യത്ത് ചരക്ക് സേവന നികുതി  നടപ്പിലാകുമ്പോള്‍ അത് രാജ്യത്തിന്‍റെ നികുതി ചരിത്രത്തിലെ നാഴികകല്ലായി മാറുകയാണ് . ജി എസ് ടി നടപ്പിലായതോടെ സ്വാതന്ത്ര്യാനന്തര ഭാരതം ഏറ്റവും വലിയ നികുതി പരിഷ്ക്കാരത്തിനാണ് സാക്ഷ്യം വഹിച്ചത്. 29 സംസ്ഥാനങ്ങളിലെ 1.28 ബില്ല്യണ്‍ ജനങ്ങളെ ഒറ്റ വിപണിയിന്‍ കീഴില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു എന്നതാണ് ജി എസ് ടി കൊണ്ടുണ്ടായ ഏറ്റവും വലിയ നേട്ടം .പൊതുവെ നികുതിയോടു പുറം തിരിഞ്ഞു നില്‍ക്കുന്ന ഒരു സമൂഹമാണ് ഇന്ത്യയിലേത്‌.ഈ സാഹചര്യത്തില്‍ കൂടുതല്‍ മേഖലകളേയും സേവനങ്ങളെയും  നികുതിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ കഴിയും എന്നതും നേട്ടമായിരിക്കും .

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാരാണ് നടപ്പിലാക്കിയതെങ്കിലും നിരവധി രാഷ്ട്രീയ നേതാക്കളുടേയും സാമ്പത്തിക വിദഗ്ധരുടേയും ശ്രമഫലമായാണ്‌ ചരക്ക് സേവന നികുതി യാഥാര്‍ത്ഥ്യമായാത് .2000 ല്‍ അധികാരത്തിലുണ്ടായിരുന്ന  വാജ്‌പേയി സര്‍ക്കാര്‍ അന്നത്തെ ബംഗാള്‍ ധനകാര്യ വകുപ്പ് മന്ത്രി അസിം ദാസ്‌ ഗുപ്തയുടെ നേതൃത്വത്തില്‍ ജി എസ്ടി രൂപ കല്‍പ്പന ചെയ്യാന്‍ സമിതി രൂപീകരിച്ചതോടെയാണ് ആദ്യ ചുവടുവെപ്പ്‌ ഉണ്ടായത്.2011 ലെ യു പി എ സര്‍ക്കാര്‍ ജി എസ് ടി നടപ്പിലാക്കുന്നതിനായി ഭരണഘടന ഭേദഗതി ബില്‍ കൊണ്ടുവന്നുവെങ്കിലും വിവിധ സംസ്ഥാനങ്ങളുടെ എതിര്‍പ്പ് കാരണം നടപ്പിലാക്കാന്‍ കഴിയാതെ പോയി. തുടര്‍ന്ന്‍ അധികാരത്തില്‍ വന്ന ബി ജെ പി സര്‍ക്കാര്‍ ചരക്ക് സേവന നികുതി നടപ്പിലാക്കുന്നതില്‍  സംസ്ഥാനങ്ങളുടെ എതിര്‍പ്പ് മറികടക്കാന്‍  നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ ഫലം കണ്ടതോടെയാണ് ജി എസ് ടി ക്ക് കളമൊരുങ്ങിയത്‌ .

സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും ചുമത്തുന്ന ഇരുപതില്‍പ്പരം നികുതികളെ ഏകീകരിച്ച് ഒറ്റ നികുതിയായി മാറ്റിയപ്പോള്‍ ഒരു രാജ്യം ഒരു നികുതി എന്ന സങ്കല്‍പ്പമാണ് സാക്ഷാല്‍ക്കരിക്കപ്പെട്ടത്. രാജ്യത്താകമാനം ഒരു നികുതി എന്നത് ഫെഡറല്‍സംവിധനം നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്തിന് ഗുണകരമാകുമെന്നാണ് കണക്ക് കൂട്ടുന്നത് .സര്‍ക്കാരിന്‍റെ വരുമാനം കൂടുമെന്നതാണ്‌ ഏറ്റവും വലിയ നേട്ടമായി കാണുന്നത് . ഒരു വര്‍ഷം 15ബില്ല്യന്‍ ഡോളറിന്‍റെ അധിക വരുമാനം ഉണ്ടാകുമെന്നും ഇത് കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുമെന്നുമാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.ഇന്ത്യയുടെ ബിസിനസ് പശ്ചാത്തലം അടിമുടി അഴിച്ചുമാറ്റിക്കൊണ്ടുള്ള ജി എസ് ടി പുതിയൊരു വ്യാപാര സംസ്ക്കാരത്തിനു തുടക്കമിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചെക്ക് പോസ്റ്റുകളും , ഒക്ട്രോയ് സംവിധാനങ്ങളും ഇല്ലാതാകുന്നതോടെ ചരക്ക് ഗതാഗതത്തിലുണ്ടാക്കുന്ന കാലതാമസം ഒഴിവായി കിട്ടും എന്നത് ഏറെ ആശ്വാസം പകരുന്ന കാര്യമാണ് . നികുതി രംഗത്തെ അഴിമതി ഇല്ലാതാക്കാന്‍ ജി എസ് ടി സംവിധാനം കൊണ്ട് കഴിയും എന്നതും വലിയ നേട്ടമായി കാണേണ്ട ഒന്നാണ്.പലയിടത്തും ഒക്ട്രോയ് പിരിക്കുന്നതിന്‍റെ ചെറിയ ഒരുഭാഗം മാത്രമാണ് സര്‍ക്കാരിലേക്ക് കിട്ടുന്നത് ബാക്കി ഇടയില്‍ ചോര്‍ന്നുപോവുകയാണ് പതിവ് ഈ പ്രവണതയ്ക്കാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത് .

അഞ്ചു ശതമാനം , പന്ത്രണ്ട് ശതമാനം, പതിനെട്ടുശതമാനം ഇരുപത്തിയെട്ടുശതമാനം എന്നിങ്ങനെ നാലു സ്ലാബായിട്ടാണ് ജി എസ് ടി ഏര്‍പ്പെടുത്തിയിരിക്കുന്നത് . പച്ചക്കറി ഉള്‍പ്പെടെയുള്ള ചില ഉല്‍പ്പന്നങ്ങളെ പൂര്‍ണ്ണമായും ജി എസ് ടി യില്‍ നിന്ന്‍ ഒഴിവാക്കിയിട്ടുണ്ട്. നേരത്തെയുള്ളതില്‍ നിന്ന് വിഭിന്നമായി വില്‍പ്പന സമയത്ത് മാത്രമാണ് നികുതി ഈടാക്കുക. മരുന്നുകള്‍ ഉള്‍പ്പെടെ പല ഉല്‍പ്പന്നങ്ങളുടേയും വില ജി എസ് ടി പ്രാബല്യത്തില്‍ വന്നതോടെ കുറയും പക്ഷെ ഇത് ഉഭാഭോക്താക്കളിലേക്ക് എത്തുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. സങ്കീര്‍ണ്ണതകള്‍  ഒഴിവായി ബിസിനസ്സുകര്‍ക്കും വ്യവസായികള്‍ക്കും നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഏറെ എളുപ്പമായി എന്നത് ഏറെ ആശ്വാസം പകരുന്ന ഒന്നാണ്. നേരത്തെ നികുതി പരിധിക്ക് പുറത്തായിരുന്ന വസ്ത്രവ്യാപരികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇനി ജി എസ് ടി പരിധിയില്‍ വരുമെന്നതിനാലാണ് ഇവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വന്നുവെങ്കിലും ഇതിനെക്കുറിച്ചുള്ള ഒരുപാടു സംശയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട് മാത്രമല്ല ഇതിന്‍റെ സാങ്കേതിക വിദ്യാ ഭാഗത്തെക്കുറിച്ചും ആശങ്ക നിലനില്‍ക്കുണ്ട് . വരും ദിവസങ്ങളില്‍ ഇത് ദൂരീകരിക്കപ്പെടുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത് .പെട്രോളിയം, മദ്യം തുടങ്ങി ചുരുക്കം ചില ഉല്‍പ്പന്നങ്ങളെമാത്രാണ് ജി എസ്ടി യില്‍ നിന്ന്‍ ഒഴിവാക്കിയിട്ടുള്ളത്‌ ഇതില്‍ പോട്രോളിയം ഉല്‍പ്പന്നങ്ങളെ ജി എസ് ടി യുടെ പരിധിയില്‍ കൊണ്ടുവന്നാല്‍ അത് ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്നതിനാല്‍ ഇതിനുള്ള നീക്കം വരും നാളുകളില്‍ ഉണ്ടാകുമെന്ന് ധന മന്ത്രിവ്യക്തമാക്കിയത് നല്ല കാര്യമാണ് .

തുടക്കത്തില്‍ ചില ആശയ കുഴപ്പം ഉണ്ടാകുമെങ്കിലും ദീര്‍ഘകാലടിസ്ഥാനത്തില്‍ രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രതയ്ക്ക് ജി എസ് ടി ഏറെ ഗുണം ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

 

 

 

 

 

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications