Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

കുരുന്നുകളെ പിഴുതെറിയുന്നവര്‍

മാതാപിതാക്കളോടൊപ്പം സ്വന്തം നാട്ടില്‍ അവിടുത്തെ ഭാഷ സംസാരിച്ച് അവിടുത്തെ ഭക്ഷണം കഴിച്ച്  അവിടുത്തെ ചുറ്റുപാടുകളില്‍ ഉറ്റവരും ഉടയവരുമായി ഇഴകിചേര്‍ന്നു കളിച്ച് വളരേണ്ട കുട്ടികളെ തികച്ചും അന്യമായ ഭാഷയും സംസ്ക്കാരവും ഭക്ഷണരീതിയും നിലനില്‍ക്കുന്ന മറ്റൊരു സ്ഥലത്തേക്ക് പറിച്ച് നടുമ്പോള്‍ ആ കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക വിഷമം, അവര്‍ അനുഭവിക്കുന്ന അന്യതാബോധം ഒറ്റപ്പെടല്‍ എന്നിവയുടെ ആഴം പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര വലുതായിരിക്കും. ഇല്ലായ്മയുടേയോ ദാരിദ്ര്യത്തിന്‍റെയോ പേരിലായാലും ഒരു കുട്ടിയെ അവന്‍റെ അല്ലെങ്കില്‍ അവളുടെ അഛ്ചനമ്മമാരില്‍ നിന്ന് പിഴുതുമാറ്റുന്നത് തികഞ്ഞ അവകാശ ലംഘനമാണ്. ഇത്തരമൊരു കടുത്ത അവകാശ ലംഘനമാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആറിനും പന്ത്രണ്ടിനും ഇടയ്ക്ക് പ്രായമുള്ള 589 കുട്ടികളെ കേരളത്തിലെ അനാഥാലയങ്ങളിലേക്ക് എത്തിച്ചപ്പോള്‍ സംഭവിച്ചത്. കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തല്ലെന്ന്സ്ഥാപിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. മറ്റെവിടെയോ കളിച്ച് വളരേണ്ട, മാതാപിതാക്കള്‍ ജീവിച്ചിരിപ്പുള്ള കുട്ടികളെ സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടി ഏജന്റുമാര്‍ മുഖേന അനാഥാലയത്തില്‍ എത്തിച്ചതിനെ “കടത്ത്” എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത് എന്ന് ഇവര്‍ പറയണം. മെച്ചപ്പെട്ട വിദ്യാഭ്യാസവും, ഭക്ഷണവും നല്‍കുവാനാണ് കുട്ടികളെ കൊണ്ടുവന്നതെന്നാണ് ഉത്തരമെങ്കില്‍ ഇത്രയും ദീനാനുകമ്പയുള്ള ഇവര്‍ക്ക് കുട്ടികളെ കൊണ്ടുവന്ന അതാത് സംസ്ഥാനങ്ങളില്‍ പോയി  എന്തുകൊണ്ട് ഈ സഹായങ്ങള്‍ ചെയ്തുകൂടാ എന്നതിനും ഉത്തരം പറയണം.
കേരളത്തിലെ അനാഥാലയങ്ങളിലേക്ക് പുറത്തുനിന്ന് കുട്ടികളെ കൊണ്ടുവരുന്നത് ഇതാദ്യമായല്ലെന്നും വര്‍ഷങ്ങളായി ഇത് നടക്കുന്നുണ്ടെന്നും കേസ്സില്‍ അറസ്റ്റിലായ ഷക്കീല്‍ അഹമ്മദ് പോലീസിനോട് പറഞ്ഞ സാഹചര്യത്തില്‍ അനാഥാലയ നടത്തിപ്പുകാര്‍ മാത്രമല്ല  ഇവിടുത്തെ ഭരണാധികാരികളും ഈ ഗുരുതരമായ കുറ്റത്തിന് ഉത്തരവാദികളാണെന്നു വ്യക്തമാകുന്നു.2006ല്‍ പാര്‍ലിമെന്റ് ഭേദഗതി ചെയ്ത ജുവനെയില്‍ ജസ്റ്റീസ് ആക്റ്റില്‍ രാജ്യത്തെ എല്ലാ അനാഥാലയങ്ങളും നിര്‍ബന്ധമായും  രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു .രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ഇത് നടപ്പിലാക്കിയപ്പോള്‍ കേരളം മാത്രം എന്തുകൊണ്ട് ഇത് നടപ്പിലാക്കിയില്ല? മാത്രമല്ല അനാഥാലയങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമല്ല എന്ന ഉത്തരവാണ് 2010ല്‍ പുറത്തിറക്കിയത്. ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തിലെ അനാഥാലയങ്ങളുടെ മേല്‍ സര്‍ക്കാരിന് ഒരു നിയന്ത്രണവുമില്ല എന്നര്‍ത്ഥം.അവിടെ എന്ത് നടക്കുന്നുവെന്നോ പഠനം കഴിഞ്ഞ കുട്ടികള്‍ എവിടെ പോകുന്നുവെന്നോ ആര്‍ക്കും അറിയില്ല. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 1200 അനാഥാലയങ്ങളില്‍   95ശതമാനവും മതസംഘടനകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ജയിലുപോലെ വലിയമതിലുകളും അടച്ചുപൂട്ടിയ ഗേറ്റുകളും കാവല്‍ക്കാരുമുള്ളതാണ് ഇവിടുത്തെ പല അനാഥാലയങ്ങളും. ഇതിന്‍റെ അകത്ത് എന്താണ് നടക്കുന്നതെന്ന് ആ പ്രദേശത്തുള്ളവര്‍ക്ക് പോലും അറിയില്ല.സര്‍ക്കാരുദ്യോഗസ്ഥന്മാര്‍ക്ക് പോലും അതിനകത്ത് പ്രവേശനമില്ല ചൈല്‍ഡ് റൈറ്റ് കമ്മീഷന്‍ അംഗം ജെ സന്ധ്യ പറയുന്നു.
അനാഥാലയങ്ങള്‍ക്ക് രജിസ്ട്രേഷന്‍ വേണമെന്നിരിക്കെ അത് നടത്താതെ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് യാതൊരു രേഖകളുമില്ലാതെ കുട്ടികളെ കൊണ്ടുവന്നതില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുമ്പോള്‍ ഭയന്ന്‍ അതിനെ എതിര്‍ക്കുന്നത് എന്തിനാണ്? ഇവിടെയാണ് സംശയങ്ങള്‍ ഉയരുന്നത്.
കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍  സര്‍ക്കാരിനെതിരെ ഹൈക്കോടതി രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്.സംഭവത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെടുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും കൊടുക്കല്‍ വാങ്ങല്‍  അടിസ്ഥാനമാക്കിയുള്ള ജാതി മത രാഷ്ട്രീയം കൊടികുത്തിവാഴുന്ന കേരളത്തില്‍ അത് നടക്കുമോ എന്ന് കണ്ടറിയണം.
പ്രശ്നത്തെ കുട്ടികളുടെ ഭാഗത്ത് നിന്ന് കാണാതെ രാഷ്ട്രീയവല്‍ക്കരിക്കുകയും, വര്‍ഗീയവല്‍ക്കരിക്കുകയുമാണിവിടെ. അനാഥാലയങ്ങള്‍ എല്ലാ ആശ്രയവും അറ്റവരുടെ അവസാന അഭയകേന്ദ്രമാണ്. അച്ഛനമ്മമാര്‍ ഉള്ള കുട്ടികളെ അനാഥരായി വളര്‍ത്തി ഫണ്ട് വാങ്ങാനുള്ള സ്ഥലമല്ല. അനാഥാലയങ്ങളില്‍ വളരുന്ന കുട്ടികളുടെ പൂര്‍ണ്ണമായ രേഖകള്‍ സൂക്ഷിക്കണം .ഭാവിയില്‍ ഈ കുട്ടികള്‍ എവിടെ പോകുന്നു എന്നകാര്യം അറിഞ്ഞിരിക്കണം.അനാഥാലയങ്ങളേയും അവിടുത്തെ കുട്ടികളേയും സമയാസമയം നിരീക്ഷിക്കാന്‍ ജില്ലാതലത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റികള്‍ രൂപീകരിക്കണം. ഇവര്‍ക്ക് അനാഥാലയങ്ങള്‍ സന്ദര്‍ശിക്കാനും കുട്ടികളുടെ കാര്യം അന്വേഷിക്കാനും അവകാശം ലംഘനം നടന്നിട്ടുണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാനും അധികാരം നല്‍കണം. എല്ലാറ്റിനും പുറമേ അനാഥാലയങ്ങളെ ഓഡിറ്റിന് വിധേയമാക്കണം എന്നാല്‍ മാത്രമേ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ .
ബീഹാര്‍, ഝര്‍ക്കണ്ട്  എന്നിവിടങ്ങളില്‍ നിന്നുള്ള 466  കുട്ടികളെ പാട്ന എറണാകുളം എക്സ്പ്രസ്സിലും,പശ്ചിമബംഗാളില്‍ നിന്നുള്ള  123 കുട്ടികളെ ഗോഹട്ടി തിരുവനന്തപുരം എക്സ്പ്രസ്സിലുമാണ് കൊണ്ടുവന്നത്. മതിയായ രേഖകള്‍ ഇല്ലാതെ ഇത്രയും കുട്ടികളെ കൂട്ടത്തോടെ വടക്കേ അറ്റത്തു നിന്ന് തെക്കേ അറ്റത്തേക്ക് കൊണ്ടുവരുമ്പോള്‍ നമ്മുടെ റയില്‍വേക്ക് ഒരു സംശയവും  തോന്നിയില്ല എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന മറ്റൊരു കാര്യം. റെയില്‍വേ സംരക്ഷണ സേന എന്ന സംവിധാനം നമുക്കുണ്ടെങ്കിലും ഇത്രയും ദൂരം യാത്ര ചെയ്യുന്നതിനിടയില്‍ അവരുടെ കണ്ണിലും ഈ കുട്ടികള്‍ പെട്ടില്ല എന്നത് ഇവിടെ ആര്‍ക്കും എന്തും ആകാം എന്നതിന്‍റെ തെളിവാണ്. അവസാനം ഈറോഡില്‍ വെച്ച് പൌരബോധമുള്ള ഏതോ യാത്രക്കാരന്‍ വിളിച്ച് പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് പാലക്കാട് ജംഗ്ഷനില്‍ വെച്ച് പോലീസ് കുട്ടികളെ കസ്റ്റഡിയില്‍ എടുക്കുന്നത്. കാവല്‍ നായയെപ്പോലെ ധര്‍മ്മവും നീതിയും കാക്കാന്‍ അവസരത്തിനൊത്ത് പ്രവര്‍ത്തിക്കുന്ന ചിലര്‍ സമൂഹത്തില്‍ ഉണ്ടായതുകൊണ്ടാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം പുറം ലോകം അറിയുന്നത്. അഛ്ചനമ്മമാരുടെ വാത്സല്യം നുണയേണ്ട പ്രായത്തില്‍  കുരുന്നുകളെ പിഴുതെറിയുന്ന മഹാപാതകം ചെയ്യുന്നവരെ തുറന്നുകാട്ടുന്നതിനു നിമിത്തമായ അജ്ഞാതനായ ട്രെയിന്‍ യാത്രക്കാരാ നിങ്ങള്‍ക്ക് നമോവാകം......

എ എം ദിവാകരന്‍

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications