ന്യൂഡൽഹി: നഷ്ടത്തിലോടുന്ന ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു.നിയന്ത്രണം ഇന്ത്യൻ കമ്പനിക്ക് നൽകി
പേര് മാറ്റാതെ വിമാനക്കമ്പനിയെ സ്വകാര്യവൽക്കരിക്കാനാണ് ആലോചന. ലോ കോസ്റ്റ് അന്താരാഷ്ട്ര സർവ്വീസായ എയർ ഇന്ത്യ എക്സപ്രസ്സിന്റെ 100 ശതമാനം ഓഹരികളും ഗ്രൗണ്ട് ഹാൻഡലിങ്ങ് സംയുക്ത സംരംഭമായ എയർ ഇന്ത്യ സാറ്റ്സ് എയർപോർട്ട് സർവ്വീസ് പ്രവൈറ്റ് ലിമിറ്റഡിന്റെ50 ശതമാനം ഓഹരികളും വിൽക്കാൻ പദ്ധതിയുണ്ട്. 24 ശതമാനം ഓഹരി മാത്രമായിരിക്കും സർക്കാർ കൈവശം വെക്കുക. ഓഹരി വാങ്ങാൻ താൽപ്പര്യമുള്ള കമ്പനികളിൽ നിന്ന് മെയ് 14 വൈകുന്നേരം5 മണി വരെ അപേക്ഷ സ്വീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കുന്നതോടെ അടുത്ത സാമ്പത്തിക വർഷത്തോടെ 80000 കോടി രൂപയുടെ ഓഹരി വിറ്റഴിക്കുക എന്ന ലക്ഷ്യം പൂർത്തികരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. 2017 മാർച്ച് മാസത്തിലെ കണക്കനുസരിച്ച് 48,781 കോടി രൂപയുടെ കടമാണ് എയർ ഇന്ത്യക്കുള്ളത് . വരുമാനമുണ്ടാക്കാൻ ലക്ഷ്യമിട്ടല്ല ഓഹരികൾ വിൽക്കുന്നതെന്നും മറിച്ച് കമ്പനിയെ നല്ല രീതിയിൽ പ്രവർത്തിപ്പിക്കാനാണെന്നും സിവിൽ ഏവിയേഷേൻ വകുപ്പ് വക്താവ് പറഞ്ഞു. കെട്ടിടങ്ങളും അതുപോലുള്ള സ്വത്തുക്കളും വില്പനയിൽ ഉൾപ്പെടില്ലെന്നും ഇവ പ്രത്യേക കമ്പനിക്ക് കൈമാറി കമ്പനിയുടെ കടം വീട്ടാനുള്ള മൂലധനം സമാഹരിക്കുമെന്നും വക്താവ് വ്യക്തമാക്കി.