Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

എന്താണ് ആര്‍ട്ടിക്കിള്‍ 370

മോഡി അധികാരത്തില്‍ വന്ന ഉടനെ തന്നെ ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370  ചര്‍ച്ചയായ സാഹചര്യത്തില്‍  എന്താണ് ആര്‍ട്ടിക്കിള്‍ 370 എന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.370 )o വകുപ്പ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരിക്കുമെന്ന് ആര്‍ എസ് എസ് പറയുമ്പോള്‍ ഈ വകുപ്പ് എടുത്തുകളഞ്ഞാല്‍ ജമ്മു കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരിക്കില്ല എന്ന്‍ കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറയുന്നു. പ്രധാനമന്ത്രിയുടെ ഒഫീസിന്‍റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിങ്ങ് കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പ് എടുത്തുകളയുന്ന കാര്യം ആലോചനയിലാണെന്ന് പറഞ്ഞതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. തന്‍റെ പ്രസ്താവനതെറ്റായി വ്യാഖാനിച്ചതാണെന്ന് മന്ത്രി പറഞ്ഞുവെങ്കിലും വിവാദങ്ങള്‍ തുടരുകയാണ്. കോണ്‍ഗ്രസ്സും കാശ്മീരിലെ പ്രതിപക്ഷ കക്ഷിയായ പി ഡി പി യും ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുകയാണ്.
പ്രതിരോധം ,വിദേശകാര്യം, ധനകാര്യം, വാര്‍ത്താവിനിമയം ഒഴികെ ഇന്ത്യന്‍ പാര്‍ലിമെന്റ് പാസ്സാക്കുന്ന ഒരു നിയമവും ജമ്മുകാശ്മീര്‍ നിയമസഭ അംഗീകരിക്കാത്തിടത്തോളം അവിടെ നടപ്പാകില്ലെന്നതാണ് ആര്‍ട്ടിക്കിള്‍ 370 ന്‍റെ കാതല്‍ .  ജമ്മുകാശ്മീരിനു പ്രത്യേക സ്വയം ഭരണാവകാശം നല്‍കുന്നതിനായി താല്‍ക്കാലികമായി ഉണ്ടാക്കിയ ഒന്നാണ് 370)o വകുപ്പ് എന്നാണ് ഇന്ത്യന്‍ ഭരണഘടന വിവക്ഷിക്കുന്നത്.  1956ല്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ പുന:സംഘടിപ്പിക്കപ്പെട്ടപ്പോള്‍ ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്ത 238)൦ വകുപ്പിലെ വ്യവസ്ഥകള്‍ ജമ്മുകാശ്മീരിനു ബാധകമല്ലെന്നും    370)൦ വകുപ്പില്‍ വ്യക്തമാക്കുന്നു. 370)o വകുപ്പിന്‍റെ കരട് രൂപം ഉണ്ടാക്കാന്‍ ആദ്യം ബി ആര്‍ അംബേദ്‌കര്‍ വിസമ്മതിച്ചപ്പോള്‍ 1949ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു കാശ്മീര്‍ നേതാവായിരുന്ന ഷെയ്ക്ക് അബ്ദുല്ലയോട് നിയമമന്ത്രിയായിരുന്ന അംബേദ്കറുമായി ആലോചിച്ച് കാശ്മീരിന് യോചിച്ച ഒരു വകുപ്പിന്‍റെ കരട് ഉണ്ടാക്കി ഭരണഘടനയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അങ്ങനെയാണ് പ്രതിരോധം, ധനകാര്യം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നിവ ഒഴിച്ച് ഇന്ത്യന്‍ പാര്‍ലിമെന്റ് പാസ്സാക്കുന്ന നിയമങ്ങള്‍ ജമ്മുകാശ്മീരില്‍ നടപ്പിലാകണമെങ്കില്‍ അവിടത്തെ സര്‍ക്കാരിന്‍റെ അംഗീകാരം വേണമെന്ന വ്യവസ്ഥയോടുകൂടി 370)0 വകുപ്പ് ഭരണഘടനയുടെ ഭാഗമാക്കുന്നത്. 1947ല്‍ പാക്കിസ്ഥാനോടൊപ്പം പോകാതെ ഇന്ത്യന്‍ യൂണിയന്‍റെ ഭാഗമാകാന്‍ കാശ്മീര്‍ രാജാവായിരുന്ന മഹാരാജാ ഹരി സിംഗ് ഉണ്ടാക്കിയ കരാര്‍ അനുസരിച്ചായിരുന്നു ഇങ്ങനെയൊരു വകുപ്പ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. ഇതിന്‍റെ ഫലമായി കാശ്മീരിലെ ജനങ്ങള്‍ക്ക് രാജ്യത്തിന്‍റെ മറ്റുഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേക നിയമവും ഭരണഘടനയും നിലവില്‍ വന്നു. പൌരത്വം, സ്വത്തുക്കളില്‍ ഉള്ള അവകാശം, മൌലീകാവകാശങ്ങള്‍ എന്നിവയില്‍ കാശ്മീര്‍ ജനത ഇന്ത്യയില്‍നിലനില്‍ക്കുന്ന നിയമങ്ങളില്‍ നിന്ന് വ്യത്യസ്തമായി.
1952 ലെ ഡല്‍ഹി ഉടമ്പടി പ്രകാരം ജമ്മുകാശ്മീരിന് ഇന്ത്യന്‍ ദേശീയ പതാകയ്ക്ക് പുറമേ തുല്യ പദവിയോടുകൂടി സ്വന്തം പതാകയും അനുവദിച്ചു. 1974ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി രാജാ ഹരി സിംഗ് നിയോഗിച്ച ജമ്മുകാശ്മീര്‍ പ്രധാനമന്ത്രി  ഷെയ്ക്ക്അബ്ദുള്ളയുമായി ചേര്‍ന്ന് ഉടമ്പടി ഒന്നുകൂടി ബലപ്പെടുത്തി. ഇതു പ്രകാരം സദര്‍ - ഇ-റിയാസത്(പ്രധാനമന്ത്രി) എന്നറിയപ്പെടുന്ന സ്റ്റേറ്റ് തലവനെ സ്റ്റേറ്റ് ലജിസ്ലെറ്റീവിന് തെരഞ്ഞെടുക്കാമെന്ന് വ്യവസ്ഥ ചെയ്തു.ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിക്ക് അധികാരം നല്‍കുന്ന 352)0 വകുപ്പ് ജമ്മുകാശ്മീരിനു ബാധകമാക്കുന്നതിനെ ഉടമ്പടി എതിര്‍ക്കുകയും ചെയ്തു. പാര്‍ലിമെന്റ് അടക്കം രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഭരണസംവിധാനത്തിന്‍റെയും കാലാവധി അഞ്ചുവര്‍ഷമാണെന്നിരിക്കെ ജമ്മുകാശ്മീര്‍ സ്റ്റേറ്റ് ലജിസ്ലെച്ചറിന്‍റെ കാലാവധി അഞ്ചു വര്‍ഷമാക്കി.  ഇതാണ് 370)0 വകുപ്പിന്‍റെ രത്നച്ചുരുക്കം.
370)0 വകുപ്പ് എടുത്തുകളയുന്നതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് ഒമര്‍ അബ്ദുള്ളയും, ഈ വകുപ്പ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ജമ്മുകാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരിക്കുമെന്നും, ജമ്മുകാശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരിക്കില്ലെന്നു പറയാന്‍ ഒമര്‍ അബ്ദുള്ളയുടെ കുടുംബ സ്വത്തല്ലെന്നു ആര്‍ എസ് എസ് വക്താവ് രാം മാധവും പറയുമ്പോള്‍ വിവാദം വരും നാളുകളില്‍ ഏതു ദിശയിലേക്ക്  നീങ്ങുമെന്ന ആശങ്കയാണ് ബാക്കി നില്‍ക്കുന്നത്. പ്രത്യേക പദവി വേണ്ടെന്ന് ജമ്മു കാശ്മീരിലെ ജനങ്ങള്‍ പറയുന്നതുവരെ 370)0 വകുപ്പ് തുടരട്ടെയെന്ന നിലപാടിനോട് മോഡി യോജിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
 
 

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications