Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

എതിര്‍ക്കാനായി എതിര്‍ക്കരുത്

ആവശ്യത്തിന് വിദ്യാഭ്യാസവും അതിനപ്പുറം രാഷ്ട്രീയ പ്രബുദ്ധതയും നമുക്കുണ്ട്. ഇത് രണ്ടും പുരോഗതിനേടാനുള്ള അടിസ്ഥാനഘടകങ്ങളായാണ് വിലയിരുത്തപ്പെടുന്നത്. പക്ഷെ കേരളത്തില്‍ മറിച്ചാണ് സംഭവിക്കുന്നത് എന്നത് വിരോധാഭാസമാണ്. ജനങ്ങള്‍ക്കും അതോടൊപ്പം രാജ്യത്തിനും ഉപകാരപ്രദമായ പദ്ധതികളും നയങ്ങളും സത്യസന്ധമായും സുതാര്യമായും നടപ്പിലാക്കുക എന്നതാണ് ജനാധിപത്യ സര്‍ക്കാരിന്‍റെ ചുമതല. സര്‍ക്കാര്‍ ഇതില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ അത് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ നേര്‍വഴിക്ക് കൊണ്ടുവരിക എന്നതാണ് പ്രതിപക്ഷത്തിന്‍റെ ധര്‍മ്മം . എതിര്‍ക്കാന്‍ വേണ്ടിയുള്ള എതിര്‍പ്പാകരുത് പ്രതിപക്ഷത്തിന്‍റെത്. വിഴിഞ്ഞം പദ്ധതിയെ പ്രതിപക്ഷം എതിര്‍ക്കുന്നതില്‍ അന്ധമായ രാഷ്ട്രീയമല്ലാതെ മറ്റൊന്നുമ്മില്ല എന്ന്‍ പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല .അദാനി ഗ്രൂപ്പുമായി പദ്ധതി കരാറില്‍ സര്‍ക്കാര്‍ ഒപ്പുവെക്കുന്നതിനുമുമ്പ് തന്നെ കോടികളുടെ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചിരിക്കുന്നത്. അഴിമതിയുണ്ടെങ്കില്‍ അത് തുറന്ന്‍ കാട്ടേണ്ടത് പ്രതിപക്ഷത്തിന്റെ ചുമതലയാണെന്നതില്‍ സംശയമില്ല. ആരോപണം ഉന്നയിച്ചാല്‍ മാത്രം പോര അത് തെളിയിക്കാനുള്ള ബാധ്യതയും പ്രതിപക്ഷനേതാവിന് ഉണ്ട്. പദ്ധതി നടപ്പിലായാല്‍ അത് സര്‍ക്കാരിന്‍റെ നേട്ടമായി കാണും എന്നതിനാല്‍ പദ്ധതിയെ കണ്ണടച്ച് എതിര്‍ക്കുന്നത് പ്രതിപക്ഷ മര്യാദയല്ല. ഇന്നത്തെ പ്രതിപക്ഷം ഒരുപക്ഷെ നാളത്തെ ഭരണപക്ഷമായിരിക്കും .വികസനത്തിന്‍റെ കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് പാടില്ല. അന്ധമായ രാഷ്ട്രീയത്തിന്‍റെ പേരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍ ആരായാലും അവര്‍ വികസന വിരുദ്ധര്‍ ആയി തന്നെ മുദ്രകുത്തപ്പെടും. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ ന്യായീകരിക്കുന്നില്ല ന്യായീകരിക്കാന്‍ കഴിയുകയുമില്ല, എന്നാല്‍ എന്ത് പഴികേട്ടാലും വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുമെന്ന അദ്ദേഹത്തിന്‍റെ നിലപാടിനെ കേരളത്തിന്‍റെ വികസനം ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവര്‍ അഭിനന്ദിക്കുക തന്നെ ചെയ്യും.
വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമയാല്‍ അത് കേരളത്തിന്‍റെ മുഖച്ഛായതന്നെ മാറ്റും. അദാനി ഗ്രൂപ്പ് പദ്ധതി ഏറ്റെടുത്ത് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ കേരളത്തില്‍ വന്‍കിട പദ്ധതികള്‍ ഏറ്റെടുത്ത് നടത്താന്‍ കഴിയില്ലെന്ന ബഹുരാഷ്ട്ര നിര്‍മ്മാണ കമ്പനികള്‍ക്കുള്ള ധാരണ മാറുകയും അതുവഴി കേരളത്തിന്റെ‍ വികസനത്തില്‍ പുതിയ പാത വെട്ടിത്തെളിക്കാന്‍ കഴിയുകയും ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത് .കര്‍ണ്ണാടകം ,ആന്ധ്ര ,തമിഴ്നാട് തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്താനും പദ്ധതികള്‍ ഏറ്റെടുത്ത് നടത്താനും വന്‍കിട കമ്പനികള്‍ മത്സരിക്കുമ്പോള്‍ ഈ കമ്പനികളൊന്നും കേരളത്തിലേക്ക് തിരിഞ്ഞുനോക്കാറില്ല. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം നിക്ഷേപം നടത്തുന്നതിനോ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്നതിനോ പറ്റിയതല്ലെന്ന ധാരണ അന്താരാഷ്‌ട്ര തലത്തില്‍ തന്നെ നില്ക്കുന്നതാണ് ഇതിനുകാരണം.ഇത് ധാരണമാത്രമല്ല ഒരു പരിധിവരെ സത്യവുമാണ്. മലയാളികള്‍ തന്നെ സ്വന്തം നാട് വിട്ട് തമിഴ്നാട്ടിലും കര്ണ്ണാ ടകയിലും അതുപോലുള്ള മറ്റ് സംസ്ഥാനങ്ങളിലും പോയി വ്യവസായ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുന്നത് എന്തുകൊണ്ടാണെന്നത് ആലോചിക്കണം. കേരളത്തില്‍ വന്‍കിട പദ്ധതിയല്ല ചെറിയ ഒരു സംരംഭം പോലും തുടങ്ങി വിജയിപ്പിക്കുക എളുപ്പമല്ല. തൊഴില്‍ പ്രശ്നങ്ങള്, യൂണിയന്‍ പ്രശ്നങ്ങള്‍ തുടങ്ങി പല വിധ പ്രശ്നങ്ങളാണ് കാലാകാലങ്ങളായി കേരളത്തിന്‍റെ വികസനരംഗത്തെ പിറകോട്ട് വലിച്ചുകൊണ്ടിരിക്കുന്നത് .വ്യവസയമായാലും, നിര്‍മ്മാണ പ്രവര്‍ത്തനമായാലും , ബിസിനസ്സയാലും അതിനുകയറ്റിറക്ക് അനിവാര്യമാണ്.കേരളത്തില്‍ കയറ്റിറക്ക്അത്ര എളുപ്പമുള്ള കാര്യമല്ല. ലോകത്തൊരിടത്തും കാണാത്ത നോക്ക് കൂലി എന്ന ഗുണ്ട പിരിവ് കേരളത്തിനു ചാര്‍ത്തിക്കൊടുത്ത നാണക്കേടു കുറച്ചൊന്നുമല്ല .നോക്കുകൂലി തടയാന്‍ ശക്തമായ നടപടിയെടുക്കുമെന്ന് പറയുമ്പോഴും പലയിടങ്ങളിലും ഇത് ഇന്നും നിര്ബാ്ധം തുടരുന്നുണ്ട്. കേരളത്തില്‍ ഒന്നും നടക്കില്ല എന്ന ധാരണ ധാരണമാറ്റിയെടുക്കാന്‍ കഴിയാത്തിടത്തോളം കേരളത്തിന്‍റെ വികസനം മുടന്തി മുടന്തി തന്നെയായിരിക്കും.
വിഴിഞ്ഞം തുറമുഖം കേരളവികസനത്തില്‍ നാഴികകല്ലാകുമ്പോള്‍ അത് രാജ്യത്തിന്‍റെ ചരക്ക് ഗതാഗതത്തില്‍ പുതിയ അദ്ധ്യത്തിനു തുടക്കമിടല്‍ കൂടിയാകും. വിഴിഞ്ഞം ഒരു സാധാരണ തുറമുഖമല്ല. അന്താരാഷ്‌ട്ര കണ്ടയ്നര്‍ ട്രാന്സ് ഷിപ്പ് ടെര്‍മിനല്‍ ആണ് രാജ്യത്തെ ഇത്തരത്തിലുള്ള രണ്ടാമത്തെ തുറമുഖംഎന്ന പ്രത്യേകതയും വിഴിഞ്ഞത്തിനുണ്ടാകും. ആദ്യത്തേത് വലാര്‍പ്പാടമാണ് . വലിയ കപ്പലില്‍ കൊണ്ടുവരുന്ന കണ്ടയ്നറുകള്‍ ചെറിയ കപ്പലിലേക്ക് മാറ്റാനും ചെറിയ കപ്പലില്‍ കൊണ്ടുവരുന്നവ വലിയ കപ്പലിലേക്ക് മാറ്റാനുമുള്ള സംവിധാനം ഇവിടെയുണ്ടാകും. മുമ്പ് ഇതിനായി നാം കൊളംബോ സിംഗപ്പൂര്‍ തുടങ്ങിയ തുറമുഖങ്ങളെയാണ് ആശ്രയിച്ചിരുന്നത് ഇത് വലിയ സാമ്പത്തിക ചെലവുള്ള കാര്യമായിരുന്നു . ഇരുപതടി നീളവും എട്ടടി വീതിയുമുള്ള അഞ്ഞൂറ് കണ്ടയ്നരുകള്‍ വരെ ഫീഡര്‍ വെസലുകളില്‍ കയറ്റാന്‍ തുറമുഖത്തിനു ശേഷിയുണ്ടായിരിക്കും.18000മുതല്‍ 19000 വരെ ടി ഇ യു ശേഷിയുള്ള മദര്‍ വെസലുകള്ക്ക് തുറമുഖത്ത് അടുക്കാന്‍ കഴിയും. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഇത്തരത്തിലുള്ള ഒരു തുറമുഖ പദ്ധതിയെ എതിര്‍ത്ത് വിവാദമാക്കിയാല്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കാന്‍ തമിഴ്‌നാട്‌ കാത്തിരിക്കുകയാണെന്ന് ഓര്‍മ്മിക്കണം . വികസനത്തെ വികസനമായിത്തന്നെ കാണണം. മാറി മാറി ഭരിച്ച സക്കാരുകളും പ്രതിപക്ഷവും സ്വീകരിച്ച അന്ധമായ രാഷ്ട്രീയ നിലപാട്മൂലം നമുക്ക് ലഭിച്ച “ഇവിടെ ഒന്നും നടക്കില്ല” എന്ന പട്ടം മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രബുദ്ധതയെ ഇനിയുള്ള തലമുറ അംഗീകരിക്കില്ലെന്ന സത്യം തിരിച്ചറിയാത്തവര്‍ വലിയ വില നല്കേണ്ടിവരും

എ എം ദിവാകരന്‍

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications