Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ആള്‍ക്കൂട്ടം വഴിപിരിയുന്നു

സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാരോട് സമരം ചെയ്യാന്‍ രൂപീകരിച്ച സംഘടനയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിന്നീട് ഒരു രാഷ്ട്രീയ പാര്‍ട്ടിയായതും ഈ പാര്‍ട്ടിയെ വരുതിയിലാക്കി ഒരു കുടുംബം ദശാബ്ദങ്ങളോളം രാജ്യം ഭരിച്ചതും  ചരിത്രമായി മാറുകയാണ്. മഹാത്മാഗാന്ധിയെ അങ്ങേയറ്റം ബഹുമാനിച്ചിരുന്ന ഒരു രാജ്യത്തിലെ  ജനത ഗാന്ധിയെന്ന പേരില്‍ മറ്റൊരു കുടുംബം കോണ്‍ഗ്രസിന്‍റെ തലപ്പത്ത് വരികയും പാര്‍ട്ടിയെ നയിക്കുകയും ഭരണം നടത്തുകയും ചെയ്യുമ്പോള്‍ അവരെ പിന്തുണയ്ക്കുകയും വിധേയത്വം കാട്ടുകയും ചെയ്തതിന്‍റെ ഫലമായാണ് ഇന്ത്യയില്‍ ഇത്രയും കാലം കോണ്‍ഗ്രസിന് ആധിപത്യം നേടാന്‍ കഴിഞ്ഞത്. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് യഥാര്‍ത്ഥ ഗാന്ധി പറഞ്ഞിരുന്നുവെങ്കിലും അതിനു തയ്യാറാകാതെ നെഹ്‌റു കോണ്‍ഗ്രസിന്‍റെ ബാനറില്‍ ആദ്യ പ്രധാനമന്ത്രിയായി. തുടര്‍ന്ന്‍ ഇന്ദിരാഗാന്ധിയും പിന്നീട് രാജീവ്‌ ഗാന്ധിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രധാനമാന്ത്രിമാരായി രാജ്യം ഭരിച്ചു.തുടര്‍ച്ചയായി ഭരണം നടത്തുമ്പോള്‍ ഉണ്ടാകുന്ന പാകപ്പിഴകള്‍ കാരണം ഇടയ്ക്ക് ചിലഘട്ടങ്ങളില്‍ ഭരണത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കേണ്ടി വന്നതൊഴിച്ചാല്‍ സ്വാതന്ത്ര്യനന്തര  ഭാരതം ഇതുവരെ ഭരിച്ചത് കോണ്‍ഗ്രസ് തന്നെയാണ് .ഗാന്ധി കുടുംബത്തെ (ഇന്ദിരാഗാന്ധി) ചുറ്റിപ്പറ്റി നിലനിന്നിരുന്ന ഒരു ആള്‍ക്കൂട്ടമായിരുന്നു എന്നും കോണ്‍ഗ്രസ്. മുമ്പ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും പിളര്‍പ്പിനെ അഭിമുഖീകരിക്കുകയും ചെയ്യേണ്ടിവന്നിട്ടുണ്ടെങ്കിലും ഗന്ധികുടുംബത്തിന്‍റെ പ്രഭാവം കൊണ്ട് പാര്‍ട്ടിക്ക് പൂര്‍വ്വാധികം ശക്തിയോടെ അധികാരത്തില്‍ തിരിച്ചുവരാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് കോണ്‍ഗ്രസിന്‍റെ സ്ഥിതി അതല്ല നയിക്കാന്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് ശക്തമായ ഒരു നേതാവില്ലാത്തതിനാല്‍ പാര്‍ട്ടി തകര്‍ച്ചയിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കുകയാണ്. രാജീവ്‌ ഗാന്ധിയുടെ മരണത്തോടെ കോണ്‍ഗ്രസിന്‍റെ ശിഥിലീകരണത്തിനു നാന്ദി കുറിച്ചിരുന്നു. രാജീവിന്‍റെ മരണശേഷം സോണിയ ഗാന്ധിയെ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് കൊണ്ടുവന്ന് പാര്‍ട്ടിയെ പിടിച്ചുനിര്‍ത്താന്‍ നടത്തിയ  ശ്രമം താല്‍ക്കാലികമായി വിജയിച്ചുവെങ്കിലും അടിയുറച്ച കോണ്‍ഗ്രസുകാര്‍ക്കുപോലും അതിനെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല അതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടും പ്രധാനമന്ത്രിയാകാന്‍ കഴിയാതെ സോണിയക്ക് പിന്നില്‍ നിന്ന് ഭരണം നടത്തേണ്ടിവന്നത്. സോണിയ പ്രഭാവം ഏശുന്നില്ലെന്നു മനസിലാക്കിയാണ് രാഹുല്‍ ഗാന്ധിയെ രംഗത്തിറക്കിയത്. രാഷ്ട്രീയമായ പക്വതയോ നേത്രുത്വ പാടവമോ ഇല്ലാത്ത രാഹുലിലും പ്രതീക്ഷ അറ്റിരിക്കുന്ന സാഹചര്യത്തിലാണ് പ്രിയങ്കയെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ചില കോണ്‍ഗ്രസുകാര്‍ മുഴക്കിക്കൊണ്ടിരിക്കുന്നത്.ഇന്ദിരയെയാണ് പ്രിയങ്കയില്‍ കാണുന്നതെന്നാണ്  ഇവര്‍ പറയുന്നത് പക്ഷെ  പ്രിയങ്ക വന്നാലുംരക്ഷയില്ലാത്ത സാഹചര്യമാണ് ഇന്നത്തേത്, കാരണം നെഹ്‌റു കുടുംബത്തോട് അല്ലെങ്കില്‍ ഗാന്ധി കുടുംബത്തോട് അന്ധമായ ആരാധനയും ബഹുമാനവും വിധേയത്വവും പുലര്‍ത്തുന്ന തലമുറ ഇന്നില്ല എന്നതു തന്നെയാണ്. വ്യക്തമായ രാഷ്ട്രീയ വീക്ഷണമുള്ള തലമുറയാണ് ഇന്നത്തേത് അവരെ ആട്ടിന്‍പറ്റത്തെപ്പോലെ തെളിച്ചുകൊണ്ടുപോകാന്‍ കഴിയില്ല അതുകൊണ്ടുതന്നെ ഒരു കുടുംബത്തെ കേന്ദ്രീകരിച്ച് നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് ഇനിയുള്ള കാലത്ത് പ്രസക്തിയുണ്ടാകില്ല. ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ കോണ്‍ഗ്രാസില്‍ കഴിവുള്ള ഒരുപാടു നേതാക്കള്‍ ഉണ്ടായിരുന്നു പക്ഷെ കുടുംബത്തിലെ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് അധികാരം കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ ഈ നേതാക്കളെല്ലാം അവഗണിക്കപ്പെടുകയായിരുന്നു.ഇന്ദിരാഗാന്ധി മന്ത്രി സഭയിലെ പ്രഗല്‍ഭനായിരുന്നു പ്രണബ് മുഖര്‍ജി ഇന്ദിരാഗാന്ധിക്ക് ശേഷം രാജീവ്‌ ഗാന്ധി വന്നപ്പോള്‍ മുഖര്‍ജിക്ക് വെറും മന്ത്രിയായി തുടരേണ്ടിവന്നു .രാജീവ്‌ ഗാന്ധിക്കുശേഷം സോണിയാഗാന്ധിക്ക് പ്രധാനമന്ത്രിയാകാന്‍ കഴിയാതെവന്നപ്പോഴും  പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രിയാക്കാന്‍ തുനിഞ്ഞില്ല  കഴിവുള്ളയാളെ പ്രധാനമന്ത്രിയാക്കിയാല്‍ പിന്‍സീറ്റ് ഭരണം നടക്കില്ലെന്നു മനസ്സിലാക്കിയാണ് അന്ന് മന്‍മോഹന്‍ സിംഗിനെ പ്രധാനമാന്ത്രിയാക്കിയത്.  കോണ്‍ഗ്രസ്സില്‍ എന്നും അധികാരം ഒരു കുടുംബത്തിനു തന്നെയായിരുന്നു. ഭരിച്ചു ദുഷിച്ച് കോണ്‍ഗ്രസ് തകരാന്‍ തുടങ്ങിയപ്പോള്‍ മറുവശത്ത് മോഡിയെന്ന അജയ്യനായ ബി ജെ പി നേതാവിന്‍റെ വ്യക്തി പ്രഭാവം കോന്‍ഗ്രസിന്‍റെ പതനത്തിനു ആക്കം കൂട്ടി. സമീപ ഭാവിയില്‍ കോണ്‍ഗ്രസ് ദേശീയപാര്‍ട്ടി എന്നനിലയില്‍ നിന്ന് പ്രാദേശിക പാര്‍ട്ടിയായി ചുരുങ്ങുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍  വിലയിരുത്തുന്നത് . ദേശീയ നേതൃത്വത്തിന്‍റെ പ്രവര്‍ത്തന രീതിയില്‍ അസംതൃപ്തി പ്രകടിപ്പിച്ചു തമിഴ്നാട്ടിലെ നേതാവ് ജി കെ വാസന്‍ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ പോകുന്നത് ഇതിന്‍റെ തുടക്കമായി വേണം കരുതാന്‍. ജി കെ മൂപ്പനാര്‍ പണ്ട് പാര്‍ട്ടിയോട് പിണങ്ങി രൂപീകരിച്ച തമിഴ് മാനില കോണ്‍ഗ്രസ് പുനരുജ്ജീവിപ്പിക്കുമെന്നാണ് വാസന്‍ പറയുന്നത്  അങ്ങനെയായാല്‍ തമിഴ്  നാട്ടില്‍ തമിഴ് മാനില കോണ്‍ഗ്രസ്, ബംഗാളില്‍ തൃണമൂല്‍ കോണ്ഗ്രസ് എന്നിങ്ങനെ ഓരോ സംസ്ഥാനത്തും പ്രത്യേകം പ്രത്യേകം പേരില്‍ പ്രാദേശിക കോണ്‍ഗ്രസ് നിലവില്‍ വരും.കേരളത്തില്‍ പല പേരില്‍ ഇപ്പോള്‍ തന്നെ കേരള കോണ്‍ഗ്രസ് നിലവിലുണ്ട്. സോണിയയുടെ നേതൃത്വത്തെ വെല്ലുവിളിച്ച് വളരെ പണ്ടുതന്നെ ശരത് പവാര്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിച്ചിരുന്നു.ചിതറുന്ന ആള്‍ക്കൂട്ടത്തെ പിടിച്ചു നിര്‍ത്താന്‍ കെല്‍പ്പുള്ള ,വ്യക്തിപ്രഭാവമുള്ള ഒരു നേതാവില്ലത്തതാണ് കോണ്‍ഗ്രസ് ഇന്ന് നേരിടുന്ന ദുര്യോഗം ഇന്ദിരാഗാന്ധിയോടും രാജീവ്‌ ഗാന്ധിയോടും ഒട്ടി നിന്നിരുന്ന ജനക്കൂട്ടം ഇപ്പോള്‍ വഴിപിരിയുകയാണ്  
 

ഏ എം ദിവാകരന്‍

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications