Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ആം ആദ്മി പാര്‍ട്ടി അപചയത്തിലേക്ക്

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കി പിറവി കൊണ്ട ആം ആദ്മി പാര്‍ട്ടിഅപചയത്തിലേക്ക്. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളായ ഷാസിയാ ഇല്‍മി ജി ആര്‍ ഗോപിനാഥ് എന്നിവര്‍ രാജിവെച്ചത് ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയായി. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യ മന്ത്രി ഷീല ദീക്ഷിതിനെ പരാജയപ്പെടുത്തി ചരിത്രം സൃഷ്ടിച്ച പാര്‍ട്ടി  പിന്നീട് ഡല്‍ഹിയില്‍ ഭരണത്തിലേറുകയും രണ്ടുമാസത്തിനകം രാജിവെക്കുകയുംചെയ്തു. ഇതോടെ  ആം ആദ്മി പാര്‍ട്ടിക്ക് ദിശാബോധം നഷ്ടമായി. അരവിന്ദ് കേജരിവാളും സംഘവും അടങ്ങുന്ന പാര്‍ട്ടിക്ക് വ്യക്തമായ ഒരു ചട്ടക്കൂടോ,സംഘടനാ സംവിധാനമോ ഇല്ലെന്നതാണ് പാര്‍ട്ടിയുടെ ദൌര്‍ബല്യം.കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ അഴിമതിയോടുള്ള രോഷത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് വളര്‍ന്ന ആള്‍ക്കൂട്ടത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി മുന്നോട്ടു കൊണ്ടുപോകുന്നതില്‍ കേജരിവാളും സംഘവും പരാജയപ്പെട്ടു. അന്നാഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിന്‍റെ തണലില്‍ നിന്നാണ്  അരവിന്ദ്  കേജരിവാള്‍ വളര്‍ന്നത്.  രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ ഹസാരെ തന്നെ എതിര്‍ത്തിരുന്നു. കിരണ്‍ ബേദി അടക്കമുള്ളവരും കേജരിവാളിന്‍റെ നീക്കത്തിന് എതിരായിരുന്നു.ലോകസഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്താകമാനം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിച്ചത് അപക്വമായ നടപടിയായിപ്പോയി. മത്സരിക്കാന്‍ ആളുകള്‍ ഇടിച്ചു കയറിയപ്പോള്‍ സ്ഥാനാര്‍ത്ഥികളെക്കുറിച്ച് പഠിക്കാന്‍ പോലും നേതൃത്വത്തിനു കഴിഞ്ഞില്ല. സംഘടന കെട്ടിപ്പെടുത്ത് ശക്തിയാര്‍ജ്ജിക്കുന്നതിനു മുമ്പ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കാണിച്ച തിടുക്കം തുടക്കത്തില്‍ തന്നെ  പാര്‍ട്ടിയുടെ പതനത്തിനു കാരണമായി. അരവിന്ദ് കേജരിവാള്‍ ഒറ്റയ്ക്ക് തീരുമാനം എടുക്കുന്നുവെന്നാണ് രാജിവെച്ച നേതാക്കളുടെ ആരോപണം .സ്വരാജ് എന്നആശയം സ്വന്തമായി നടപ്പാക്കുന്നതില്‍ കേജരിവാള്‍ പരാജയപ്പെട്ടുവെന്നും ഇവര്‍ പറയുന്നു. നിധിന്‍ ഗാഡ്ക്കാരി നല്‍കിയ മാനനഷ്ട കേസ്സില്‍ കോടതി വിധിച്ച പിഴ ഒടുക്കാതെ ജയിലില്‍ പോകാന്‍ തീരുമാനിച്ചതിനെയും ഇവര്‍ ചോദ്യം ചെയ്യുന്നു. നിരാഹാരസമരവും ,പ്രകടനങ്ങളും മുമ്പത്തെ പോലെ ഏശുന്നില്ലെന്നും ഇവര്‍ സമ്മതിക്കുന്നു. ജയില്‍ നിറക്കല്‍ സമരങ്ങള്‍ക്കും മറ്റുമായി വിനിയോഗിക്കുന്ന ഊര്‍ജ്ജം പാര്‍ട്ടിയെ പടുത്തുയര്‍ത്താനും അണികളെ ഒന്നിപ്പിച്ചു നിര്‍ത്താനും ഉപയോഗിക്കണമെന്നാണ് ഷാസിയ ഇല്‍മി പറയുന്നത്. താന്‍ പാര്‍ട്ടി വിട്ടതുകൊണ്ടെങ്കിലും കേജരിവാള്‍ ആത്മ പരിശോധന നടത്തുമെന്നാണ് കരുതുന്നതെന്നും ഇല്‍മി ആശിക്കുന്നു.
ചുരുങ്ങിയ കാലം കൊണ്ട് രാജ്യത്ത് ഒരു ആവേശമായി മാറിയ ആം ആദ്മി പാര്‍ട്ടി വളരെ പെട്ടന്ന് തന്നെ ശിഥിലമാകുന്ന കാഴ്ചയാണ് കാണുന്നത്. ഹൈടെക് സംവിധാനങ്ങള്‍ ഉപയോഗിച്ച് അണികളെ കൂട്ടിയ ആംആദ്മി പാര്‍ട്ടിക്ക് അതിനെക്കാളും വലിയ ടെക്നോളജി ഉപയോഗിച്ചുള്ള ബി ജെ പി യുടെ പ്രചാരണത്തില്‍ പിടിച്ചുനില്‍ക്കാനും കഴിഞ്ഞില്ല.മോഡി തരംഗത്തില്‍ ആം ആദ്മിപാര്‍ട്ടിയുടെ പ്രതിച്ഛായ മങ്ങിപ്പോയി എന്ന സത്യം അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications