Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

അധികാരം തകര്‍ച്ചയിലേക്കുള്ള വഴിയാകുമ്പോള്‍

അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും കൊണ്ട് പൊറുതിമുട്ടിയ ജനത്തിനു മുമ്പില്‍ ഒരു പ്രതീക്ഷയായാണ് ആം ആദ്മി പാര്‍ട്ടി ഉയര്‍ന്നുവന്നത്. ചീഞ്ഞു നാറിയ രാഷ്ട്രീയ പരിസരത്ത് ഒരു പച്ചത്തുരുത്ത് കണ്ടപ്പോള്‍ ഭാവിയെക്കുറിച്ച് ആശങ്കയുള്ള ,പ്രതീക്ഷയുള്ള യുവജനങ്ങള്‍ അങ്ങോട്ട്‌ ഓടിയടുത്തു. അവരുടെ വീറും, വാശിയും, സാങ്കേതിക വിദ്യയില്‍ അധിഷ്ടിതമായ പ്രവര്‍ത്തനവും  കൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളില്‍ ആം ആദ്മി പാര്‍ട്ടി രാജ്യതലസ്ഥാനത്ത് ഒരു തരംഗമായി മാറി . തൊപ്പിയും ചൂലുമായി യുവജനങ്ങള്‍ ആവേശത്തോടെ അണിനിരന്നപ്പോള്‍  ബ്യുറോക്രാറ്റായിരുന്ന  അരവിന്ദ് കേജരിവാള്‍ സുന്ദര മോഹന വാഗ്ദാനങ്ങള്‍ അവതരിപ്പിച്ച് പാര്‍ട്ടിയില്‍ ആളെ കൂട്ടി.യോഗേന്ദ്ര യാദവ്‌ എന്ന തന്ത്രശാലിയും, പ്രശാന്ത് ഭൂഷന്‍ എന്ന പേരെടുത്ത അഭിഭാഷകനും പാര്‍ട്ടിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ മെനഞ്ഞു. അങ്ങനെ ആദ്യമായി  തെരഞ്ഞെടുപ്പിനെ നേരിട്ട  ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാതെ കേജരിവാളിന്‍റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ മന്ത്രിസഭാ രൂപീകരിച്ചുവെങ്കിലും  ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിനു ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന തിരിച്ചറിവില്‍ കേജരിവാള്‍ മന്ത്രിസഭ രാജിവെച്ചു.ഇതിനിടയില്‍ ദേശീയ തലത്തില്‍ ചുവടുറപ്പിക്കാന്‍ പാര്‍ട്ടി നടത്തിയ ശ്രമം ലോകസഭാ തെരഞ്ഞെടുപ്പോടുകൂടി  അസ്തമിച്ചു.ഒറ്റയ്ക്ക് ഭൂരിപക്ഷം തന്നാല്‍ ഭരിച്ചു കാണിച്ചുതരാം എന്ന കേജരിവാളിന്‍റെയും കൂട്ടരുടേയും വാഗ്ദാനം വിശ്വസിച്ച്  പ്രതീക്ഷ നഷ്ടപ്പെടാത്ത ദല്‍ഹിയിലെ ജനങ്ങള്‍ ഇപ്പോള്‍  ആം ആദ്മി പാര്‍ട്ടിയെ മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറ്റിയിരിക്കുകയാണ്. അധികാരത്തിലേറി മാസങ്ങള്‍ക്കുള്ളില്‍ സൗജന്യ കുടിവെള്ളം നല്‍കിയും പകുതി നിരക്കിനുവൈദ്യുതി നല്‍കിയും കേജരിവാള്‍ മന്ത്രിസഭ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിച്ചപ്പോള്‍ ജനങ്ങള്‍ കൂടുതല്‍ സന്തോഷിച്ചു. ഈ സന്തോഷം എത്രനാള്‍ നീണ്ടു നില്‍ക്കും എന്ന ചോദ്യമാണ് പാര്‍ട്ടിയില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ കണ്ട് എ എ പി യെ അധികാരത്തിലേറ്റിയ ദല്‍ഹിയിലെ ജനങ്ങള്‍ ഇപ്പോള്‍ ആശങ്കയോടെ പരസ്പരം ചോദിക്കുന്നത്. പ്രത്യേകിച്ച് പാര്‍ട്ടിയുടെ ബുദ്ധികേന്ദ്രങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന രണ്ടു നേതാക്കളെ പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ സമിതിയില്‍നിന്ന് പുറത്താക്കിയ സാഹചര്യത്തില്‍.
ആം ആദ്മി പാര്‍ട്ടിയുടെ തലപ്പത്തുള്ള നേതാക്കളെല്ലാം  അണ്ണാഹസാരെ എന്ന ഗാന്ധീയന്‍റെ അഴിമതി വിരുദ്ധ പോരാട്ടത്തില്‍ പങ്ക് ചേര്‍ന്ന്‍ അദ്ദേഹത്തിന്‍റെ തണലില്‍  പെട്ടന്ന്‍ നേതാവായി  ഉയര്‍ന്നവരാണ്‌ .അഴിമതിക്കെതിരെ ജനങ്ങളില്‍ ശക്തമായ വികാരമുണ്ടെന്നു അണ്ണാ ഹസരെയുടെ സമരത്തിനുള്ള ജനപിന്തുണയില്‍ നിന്ന് മനസിലാക്കിയവരാണ് പിന്നീട് ഈ ജനശക്തിയെ ലക്‌ഷ്യം വെച്ച്  ആം ആദ്മി പാര്‍ട്ടി ഉണ്ടാക്കിയത്.പാര്‍ട്ടിയുണ്ടാക്കിയാല്‍ സമര വീര്യം ചോരുമെന്നും അധികാരം കിട്ടിയാല്‍ ലക്‌ഷ്യം മറക്കുമെന്നും പറഞ്ഞ അണ്ണാ ഹസാരെ പാര്‍ട്ടിയുണ്ടാക്കുന്നതിനെ എതിര്‍ത്തു എന്നാല്‍ എതിര്‍പ്പിനെ അവഗണിച്ചാണ് കേജരിവാളും കൂട്ടരും പാര്‍ട്ടി രൂപീകരിച്ചത്. ഇപ്പോള്‍ അണ്ണാഹസാരെ പറഞ്ഞിടത്താണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത് എന്നുവേണം കരുതാന്‍.അധികാരം ആരെയും മയക്കുന്ന ഒന്നാണ്. എത്ര വിപ്ലവം പറഞ്ഞാലും എത്ര ജനകീയനായാലും അധികാരത്തിന്‍റെ കാര്യം വരുമ്പോള്‍ ആളുകള്‍ മാറും .ആം ആദ്മി പാര്‍ട്ടി ഇന്ന് നേരിടുന്നത് ആശയ പ്രതിസന്ധിയല്ല അധികാര പ്രതിസന്ധിയാണ്. അധികാരം എല്ലാം അരവിന്ദ് കേജരിവാളില്‍ കേന്ദ്രീകരിച്ച്  തങ്ങളെ അവഗണിക്കുകയാണ് എന്ന്‍ തോന്നിത്തുടങ്ങിയ  യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷനുമാണ്എ എ പി യില്‍ വിമത സ്വരം മുഴക്കിയിരിക്കുന്നത്. ആരോഗ്യ കാരണം പറഞ്ഞ് യോഗത്തില്‍  പങ്കെടുക്കാതെ കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നുവെന്ന രാജി നാടകം കളിച്ച് അണികളെക്കൊണ്ട് തന്ത്രപരമായി എതിരാളികളെ ഒതുക്കിയ കേജരിവാള്‍ ബുദ്ധിമാനാണ് അധികാരം കൈവിടുന്നത് അദ്ദേഹത്തിനും സഹിക്കില്ല. അധികാരമുള്ളവന് അത് നഷ്ടപ്പെടുന്നതും, ഇല്ലാത്തവന് അത് ലഭിക്കാതിരിക്കുന്നതും ആലോസരമുണ്ടാക്കും അതാണ്‌ ആപ്പിലെ പ്രശ്നം . അധികാരങ്ങള്‍ എല്ലാം ഒരു വ്യക്തിയില്‍ കേന്ദ്രീകരിച്ചാല്‍ എ എ പി  യും മറ്റ് പാര്‍ട്ടികളും തമ്മില്‍ എന്താണ് വ്യത്യാസം എന്ന്‍ പ്രശാന്ത്‌ ഭൂഷനും യോഗേന്ദ്ര യാദവും ചോദിക്കുന്നത് അവര്‍ അവഗണിക്കപ്പെടുന്നത്കൊണ്ടായിരിക്കാമെങ്കിലും അതില്‍ സത്യമില്ലേ എന്ന ചോദ്യം ഉയരുന്നത് സ്വാഭാവികം മാത്രമാണ്.ആം ആദ്മി പാര്‍ട്ടിക്ക് ഇത്രയധികം  ജനപിന്തുണ കിട്ടിയത് നേതാക്കളുടെ മഹിമ കൊണ്ടോ അവരോടുള്ള  ആദരവ് കൊണ്ടോ അല്ല. ദുഷിച്ച് നാറിയ ഇന്നത്തെ രാഷ്ട്രീയ അവസ്ഥയ്ക്ക്  ബദലായി  പുത്തന്‍ വാഗ്ദാനങ്ങളും പ്രതീക്ഷകളും നല്‍കുന്ന  ഒരു പ്രസ്ഥാനമായി അതിനെ കണ്ടതുകൊണ്ടാണ്. തമ്മിലടിക്കല്ലേ, പ്രസ്ഥാനത്തെ നശിപ്പിക്കല്ലേ എന്ന പ്രാര്‍ത്ഥനയുമായി പാര്‍ട്ടിയുടെ ദേശീയ പ്രവര്‍ത്തകസമിതിയോഗം നടക്കുന്ന ഓഫീസിനു പുറത്ത് ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ രാത്രി വൈകുവോളം കാത്തിരുന്നതും അതുകൊണ്ടാണ്.
ഭരണം കിട്ടുമ്പോഴാണ് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ ശൈഥില്യം തുടങ്ങുന്നത് .ദശാബ്ദങ്ങളോളം ഭരണത്തിലിരുന്നതിന്‍റെ പരിണതഫലമാണ് കോണ്‍ഗ്രസിന്‍റെ ഇന്നത്തെ അവസ്ഥ. ആസ്സാമില്‍ പ്രഫുല്ല കുമാര്‍ മഹന്തയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ആസാം ഗണ പരിഷത്ത് എന്ന പാര്‍ട്ടിയുടെയും പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ അവസ്ഥയും മറിച്ചല്ല. ആം ആദ്മി പാര്‍ട്ടിക്ക് മേല്‍പ്പറഞ്ഞ പാര്‍ട്ടികളുടെ അത്ര പാരമ്പര്യം ഇല്ലെങ്കിലും ഇപ്പോള്‍ പാര്‍ട്ടിക്കകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍  തകര്‍ച്ചയിലേക്കാണോ പാര്‍ട്ടിയുടെ പോക്ക് എന്ന സംശയമാണ് ഉയര്‍ത്തുന്നത്. വ്യക്തമായ ആശയങ്ങളോ ദിശാബോധമോ ഇല്ലാതെ ഒരു ജനക്കൂട്ടത്തെ ഉദ്ദേശിച്ച വഴിയിലൂടെ നയിച്ചുകൊണ്ടുപോവുക എളുപ്പമാണോ എന്ന് സമീപ ഭാവിയില്‍ തന്നെ നമുക്ക് കണ്ടറിയാം. 

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications