Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

വാക്കുകളുടെ തിരോധാനം

സന്തോഷ്‌ പല്ലശ്ശന

തീരദേശങ്ങളിലെ എല്‍.പി. സ്‌കൂളില്‍ നിന്ന് മുക്കുവക്കുട്ടികളുടെ കൊഴിഞ്ഞുപോക്കുപോലെ വാക്കുകള്‍ ഭാഷയില്‍നിന്ന് കൊഴിഞ്ഞുപോകുന്നു. ഈ തിരോഭവിക്കപ്പെടുന്ന വാക്കുകള്‍ക്ക് പിന്നീട് എന്തുസംഭവിക്കുന്നു എന്ന് നമ്മള്‍ അന്വേഷിക്കുന്നതേയില്ല. വാക്കുകള്‍ക്ക് വരുന്ന തേയ്മാനങ്ങളെക്കുറിച്ച്, മാറുന്ന തലയിലെഴുത്തിനെക്കുറിച്ച്, യേശു യൂദാസായിമാറുന്നതിനെക്കുറിച്ച് ആരും വ്യാകുലപ്പെടുന്നതേയില്ല. ഓരോ വാക്കും കൊഴിഞ്ഞുപോകുമ്പോള്‍ കൊഴിഞ്ഞുപോകുന്നത് ഒരു ജീവിതം തന്നെയാണ്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് സഞ്ചിപോലെയാവുന്നു ചിലവാക്കുകള്‍. ചില വാക്കുകളെ നമ്മള്‍ മാറി മാറി വ്യഭിചരിക്കുന്നു.

ഒരു ഇരുപത് വര്‍ഷങ്ങള്‍ക്കുമുന്‍പ് 'ഓണം' എന്നു പറഞ്ഞാല്‍ എന്റെ മനസ്സില്‍ ഒരുപാട് അര്‍ത്ഥങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുമായിരുന്നു. ഒരുപാട് തൂക്കമുള്ള ഒരു പദമായിരുന്നു എനിക്കത്. ഓണത്തിന്റന്ന് കൂട്ടുകാരുമൊത്ത് 'പൂവേപൊലി പൂവേ...' എന്ന് വിളിച്ച് പൂക്കളിറുത്ത് - പൂക്കളമൊരുക്കി. കളിമണ്ണ് ശേഖരിച്ചുകൊണ്ടുവന്ന് കുഴച്ച് മാവേലിയുണ്ടാക്കി. അന്ന് കൊയ്ത്തും മെതിയുമുണ്ടായിരുന്നു. എന്നാല്‍ ഇന്നതൊന്നുമില്ല; പക്ഷെ ഈ കാലത്ത് 'ഓണം' എന്ന അതേ വാക്ക് നമ്മുക്കിടയില്‍ ജീവിക്കുന്നുണ്ട്; പഴയ കനമില്ല, സൗന്ദര്യമില്ല. ഇന്നെനിക്ക് ഓണമെന്നാല്‍ ടി.വി.യിലെ സ്‌പെഷ്യല്‍ പ്രോഗ്രാമാണ്, ഹോട്ടലിലെ ഇന്‍സ്റ്റന്റ് ഓണ സദ്യയാണ്, പുതിയ സിനിമകളുടെ റിലീസിങ്ങ് കാലമാണ്. നോക്കൂ, വെറും ഇരുപതുവര്‍ഷങ്ങള്‍കൊണ്ട് 'ഓണം' എന്ന പദത്തിന് വന്ന മൂല്യശോഷണം. ഓണം ഇന്നൊരോണമേയല്ലാതായിരിക്കുന്നു. വാക്കുകള്‍ നമ്മുടെ കണ്‍മുന്നില്‍ നിന്ന് തിരോഭവിക്കുന്നു, അംഗംഭംഗം സംഭവിക്കുന്നു, കാലത്തിന്റെ മണ്ണൊലിപ്പില്‍ ജീവിതത്തിന്റെ വേരുകള്‍ അനാവൃതമാക്കപ്പെടുന്നു. മൂല്യശോഷണം വന്ന ഉറുപ്പികയായി പലതും വിനിമയം ചെയ്യപ്പെടാതെ ഓരോ ഭാഷയുടേയും പുറംമ്പോക്കുകളില്‍ വെറുതെ കിടക്കുന്നു.

രാഷ്ട്രത്തെ സംമ്പന്ധിക്കുന്നത് എന്നര്‍ത്ഥം വരുന്ന രാഷ്ട്രീയം എന്ന പദത്തെ നോക്കുക. ഇന്ന് ഏത് സാമൂഹ്യവിരുദ്ധനും പറയുന്നു ഞാനൊരു രാഷ്ട്രീയക്കാരനാണെന്ന്! മാഫിയകള്‍ നാട് ഭരിക്കുന്നു. അവര്‍ പറയുന്നു ഞങ്ങള്‍ രാഷ്്ട്രീയം 'കളിക്കുകയാണ്' എന്ന്. ചിലര്‍ പറയുന്നു ഞാങ്ങള്‍ രാഷ്ട്രീയത്തില്‍ 'ഇറങ്ങാന്‍' പോവുകയാണെന്ന്. അങ്ങനെ രാഷ്ട്രീയം ഇറക്കത്തില്‍ ഉള്ള 'കുറഞ്ഞ' ഒരിടമായി മാറുന്നു. ചിലര്‍ ചോദിക്കുന്നു 'നിങ്ങള്‍ക്ക് രാഷ്ട്രീയമറിയാമോ? കുതികാല്‍വെട്ട്, കുതിരക്കച്ചവടം, ഇതൊക്കെ അറിഞ്ഞാലെ രാഷ്ട്രീയത്തില്‍ നിലനില്‍പ്പുള്ളു! രാഷ്ട്രീയം' എന്ന പദത്തില്‍ നിന്ന് അതിന്റെ ആത്മാവ് പടിയിറങ്ങിപ്പോയി.

'അഹിംസ' എന്നൊരു വാക്കിനെ ആരെങ്കിലും എവിടെയെങ്കിലുംവച്ചു കാണാറുണ്ടൊ? അതല്ലെ ആറുപതിറ്റാണ്ടുമുന്‍പ് വെടിയേറ്റുമരിച്ചത്...  'സത്യം' കോടതിഗുമസ്തനായതുകൊണ്ട് അല്ലലില്ലാതെ ജീവിച്ചുപോകുന്നു. മമ്മിമാരുടെ വരവോടെ അമ്മമാരെ നടതള്ളി, ഇപ്പോള്‍ വൃദ്ധസദനങ്ങളിലായി ജീവിതം. 'പ്രണയം' വാണിഭങ്ങളിലെ തുരുപ്പ് ശീട്ടാണ്. അതുകൊണ്ടിപ്പോള്‍ വിലയില്ലെങ്കിലും വിറ്റുപോകുന്ന ഒരു ചരക്കാണ്. വയല്‍, വിത, കൊയ്ത്ത്, മഴ, ഞാറ്റുവേല....... എനിക്കു വയ്യ.. വാക്കുകള്‍ തിരോഭവിച്ചുകൊണ്ടേയിരിക്കുന്നു... വാക്കുകളുടെ 'ലാപത്താ'
ഇലകളെല്ലാം കൊഴിഞ്ഞുപോയി, ഒരസ്തികൂടമായി കൈകള്‍ മേലോട്ടുയര്‍ത്തി ഒരു മരം 'എന്നെ നീയൊന്നുകൊണ്ടുപോകണേ ദൈവമേ'യെന്ന് പ്രാര്‍ത്ഥിക്കുംമ്പോലെ എന്റെ ഭാഷ എന്റെ സ്വപ്‌നങ്ങളില്‍, എന്റെ എഴുത്തുമുറികളില്‍, ഒരു നിലവിളിയായി നിറയുന്നു. നമ്മള്‍ നമ്മുടെ ഭാഷയ്ക്ക് ശ്രേഷ്ഠ പദവി വായ്ക്കരിയായി നാഴികള്‍നിറച്ചുവയ്ക്കുന്നു, വിളക്കുകള്‍ തേച്ചുമിനുക്കി വയ്ക്കുന്നു.

വാക്കുകള്‍ കായ്ക്കുന്നിടം

വാക്കുകള്‍ ഉണ്ടായത് ജീവിതത്തില്‍ നിന്നാണ്. ജീവിതത്തില്‍ നിന്ന് മൂല്യങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ വാക്കുകള്‍ തിരോഭവിക്കുന്നു. കൊയ്ത്തും മെതിയുമില്ലാത്ത കാലത്തെ പുതിയ തലമുറയ്ക്ക് ഇനിയെന്ത് ഓണം. 'മുത്തിയും ചോഴിയും' എന്നൊരു ഓഎന്‍വി കവിതയുണ്ട്. ഒരു മുത്തി തിരുവാതിര കുളിച്ച്, ഓണസദ്യയൊരുക്കി, വിഷുക്കണിയൊരുക്കി കര്‍മ്മനിരതമാകുന്നു. ചോഴി മരണ ദൂതനാണ്. ചോഴി വന്നു വിളിക്കുമ്പോള്‍ മുത്തി, നില്‍ക്കു ചോഴി, ഈ മുറുക്കാനൊന്നു ഇടിച്ചോട്ടെ, നില്‍ക്കൂ ചോഴീ, ഇതൊന്നു വായിലിട്ടു ചവയ്ക്കട്ടെ എന്ന് ചോഴിയെ തിരിച്ചയക്കുന്നു.

'മക്കളേ'യെന്നു വിളിക്കുമ്പോള്‍

അക്കരള്‍ വാത്സല്യപ്പാലാഴി

'മക്കളേ' യാവിളി കേള്‍ക്കെ, ചോഴിയും

ഒക്കെ മറന്നു പിന്‍വാങ്ങുന്നു.

മുത്തി തന്റെ ജീവിതത്തെ സജീവമായി നിലനിര്‍ത്താന്‍ ആഗ്രഹിച്ചു. ചോഴിയും ആ കര്‍മ്മ നിരതമായ ജീവിതത്തെ കണ്ട് അസൂയപ്പെടുന്നു. ഒരു മുത്തി മരിക്കുമ്പോള്‍ വാക്കുകള്‍, ഉത്സവങ്ങള്‍, ഒറ്റമൂലികള്‍ എന്നിവയടുങ്ങുന്ന ഒരു മഹദ്ഗ്രന്ഥത്തെ കാലം കൊത്തിപ്പറിക്കുന്നു. ഒരു ജീവിതം മാഞ്ഞുപോകുന്നു. കാലാന്തരം നടതള്ളപ്പെട്ട ഒരു ഭാഷയായില്‍ മുത്തി ഒരോര്‍മ്മപോലുമല്ലാതാവുന്നു.

ഭാഷയും ജീവിതവും

ഭാഷ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നു. അതുകൊണ്ട് ഭാഷയെമാത്രമാക്കി നമ്മള്‍ക്ക് ശ്രേഷ്ഠമാക്കിയെടുക്കാന്‍ കഴിയില്ല. ജീവിതത്തിന്റെ മൂല്യം ക്ഷയിക്കുന്നതോടെ ഭാഷയും ക്ഷയിക്കും.

തോണിപ്പാട്ട് ഉണ്ടാക്കിയത് രാമപുരത്ത് വാര്യരല്ല; തോണിക്കാരനാണ്. പങ്കായവും പുഴയുടെ ഒഴുക്കും മനുഷ്യന്റെ അധ്വാനവും അവന്റെ സംഗീത ബോധവും വിയര്‍പ്പും കൂടിക്കലര്‍ന്ന് രൂപം കൊണ്ട ഒരു ജൈവസംഗീതമാണ് തോണിപ്പാട്ട്. പുഴയുടെ ഓളങ്ങളില്‍ ഉരഞ്ഞതിന്റെ മിനുസമാണ് ആ സംഗീതത്തിനുള്ളത്. എല്ലാ നാടന്‍പാട്ടുകളും ഉണ്ടാക്കിയത് ഏതെങ്കിലും വരേണ്യ കവിപുംഗവനല്ല. അത് പാടത്തും പറമ്പത്തും പണിയെടുത്തിരുന്ന പണിയാളരാണ്. മനുഷ്യനും പ്രകൃതിയും ചേര്‍ന്നുള്ള ജൈവീകമായ കര്‍മ്മ നൈരന്തര്യത്തില്‍ നിന്നാണ് വാക്കുകള്‍ ഉണ്ടായതും അത് നിലനിന്നതും. എന്നാല്‍ ഇന്ന് ഭാഷ നേരിടുന്ന വെല്ലുവിളിയും ഈ ജൈവനൈരന്തര്യത്തിന്റെ തകര്‍ച്ചയാണ്. മനുഷ്യന്റെ പരിധിയില്ലാത്ത ഭൗതികാവശ്യങ്ങളും, കാമനകളും, വിപണിവത്കൃതമായ മൂല്യബോധവും ഭാഷയെ കളങ്കപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അധിനിവേശങ്ങളും, അര്‍ത്ഥരഹിതമായ-ഭൗതികാവശ്യങ്ങള്‍ക്കുവേണ്ടിയുള്ള പ്രവാസങ്ങളും ഭാഷയെ ഒരു വെങ്കലഭാഷയാക്കി മാറ്റി.

ഭാഷയെ മാത്രമായി സംരക്ഷിച്ചു നിര്‍ത്താന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. സംസാരിക്കാന്‍ ആളുകളുണ്ടായില്ലെങ്കില്‍ ഷെല്‍ഫിലെ ഭാഷാ നിഘണ്ടുക്കള്‍ക്ക് എന്തുചെയ്യാന്‍ കഴിയും. വാക്കുകളുടെ തിരോധാനത്തെ തടയിടാന്‍ ഓര്‍ഡിനന്‍സുകള്‍ക്ക് കഴിയില്ല. ഭാഷ, പ്രകൃതിയും മനുഷ്യനും ഇടകലര്‍ന്ന ജൈവവ്യവസ്ഥയില്‍ നിന്ന് ആവിര്‍ഭവിക്കുന്ന ഒന്നാണ്. വിപണിയില്‍ സാധനങ്ങള്‍ക്ക് വിലപേശാന്‍ മാത്രമാണ് നമ്മുക്ക് ഇപ്പോള്‍ ഭാഷ ആവശ്യമായിട്ടുള്ളത്. സ്വയം വില്‍പനച്ചരക്കായി മാറുന്നവര്‍ക്കിടയില്‍, അറവിന് തെളിക്കപ്പെടുന്ന രണ്ട് അറവുമാടുകള്‍ക്കിടയില്‍, സൂപ്പര്‍മാര്‍ക്കറ്റിലെ രണ്ടു കാപ്പിപ്പൊടിപാക്കറ്റുകള്‍ക്കിടയില്‍ എന്ത് ആശയവിനിമായമാണ്.... ഭാരിച്ച എന്ത് പങ്കുവയ്ക്കാനാണ്. ഒരു ഭാഷയുടെ ആവശ്യകതയെന്താണ്.

ഭാഷ സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നതിനു പകരം മലയാളിയുടെ ജീവിതത്തെ, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്വത്വത്തെ, സംസ്‌കാരത്തെ തിരിച്ചുപിടിക്കുക. വിതയേയും കൊയ്ത്തിനേയും തിരിച്ചുപിടിക്കുക. നമ്മുടെ വിപുലമായ ഒരു കാര്‍ഷിക സംസ്‌കാരിത്തില്‍ നിന്ന് പറിവികൊണ്ടതാണിതുകള്‍. ചാനല്‍ സംസ്‌ക്കാരം ഇവിടെ ഒന്നും സൃഷ്ടിച്ചില്ല; കുറച്ച് മാലിന്യങ്ങളല്ലാതെ. ലക്ഷ്യബോധവും ദിശാബോധവും മൂല്യബോധവുമുണ്ടാകുമ്പോള്‍ ഭാഷാബോധവും ഒരു മലയാളിയുടേതായ ആത്മബോധവും താനെ വന്നുചേരും. വയലും നീര്‍ത്തടങ്ങളും ജൈവവൈവിധ്യങ്ങളും മണ്ണിട്ടുമൂടി നിരപ്പാക്കി വിമാനങ്ങളെ വിരുന്നിനു വിളിക്കുകയാണ് സര്‍ക്കാര്‍. നിയോ കോളൊണിയലിസത്തിന്റെ വേറൊരു സങ്കേതമാണ് ടൂറിസം. ഭാഷയിന്മേലുള്ള അധിനിവേശങ്ങള്‍ ഇനിയുണ്ടാകുന്നത് ഇതുപോലുള്ള രൂപങ്ങളിലാണ്. നമ്മുടെ വിരുന്നുകാര്‍ നമ്മുടെ മനസ്സറിയുന്നവരാണ്, നമ്മുടെ വീടറിയുന്നവരാണ്. നമ്മള്‍ അവര്‍ക്ക് കൊടുക്കുകമാത്രമാണ്. അവരില്‍ നിന്ന് ഒന്നും സ്വീകരിക്കുന്നില്ല, സ്‌നേഹമസൃണമായ മധുരങ്ങളല്ലാതെ.

മധുരപ്പത്തിരി ചുട്ട്, വെറ്റയടയ്ക്ക ഇടിച്ചുവെച്ച്് മനസ്സില്‍ പ്രണയവുമായി വിരുന്നുവിളിച്ച മലയാളിപ്പെണ്‍കൊടി നമ്മുക്കുണ്ടായിരുന്നു. നമ്മള്‍ കൊതിക്കുന്നത് അധിനിവേശങ്ങളല്ല സഹവര്‍ത്തിത്വമാണ്. നമ്മളെ നയിക്കുന്നത് സഹജാവബോധമാണ്.

 

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications