Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

അമ്മയെ കാണാന്‍ (അനുഭവക്കുറിപ്പ്)

സന്തോഷ്‌ പല്ലശ്ശന

 
ഓഖ എക്‌സ്പ്രസ്സ് തൃശ്ശൂര്‍ സ്റ്റേഷനിലെത്തുമ്പോള്‍ അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു. നേരം പുലര്‍ന്നാലെ വിട്ടിലേക്ക് ബസ് കിട്ടൂ. നാല് നാലര വരെ പ്ലാറ്റ് ഫോമിലെ ഇരുമ്പു ബഞ്ചില്‍ കുത്തിയിരുന്ന് കൈയ്യിലുണ്ടായിരുന്ന മാസികകളിലൂടെ അലഞ്ഞു. തിരുവനന്തപുരത്തേക്ക് പോകുന്ന ഏതൊ ഒരു പാസഞ്ചര്‍ ട്രെയിന്‍ പിടിക്കാനാണെന്ന് തോന്നുന്നു അമ്മയും അച്ഛനും മൂന്ന് വയസ്സുമാത്രം പ്രയമുള്ള ഒരു ആണ്‍കുട്ടിയുമടങ്ങുന്ന ഒരു കൊച്ചു കുടുംബം പ്ലാറ്റ്‌ഫോമിലേക്ക് വന്നു. ബഞ്ചില്‍ എന്റെ അടുത്തിരുന്നു. മദ്ധ്യവയസ്സുകഴിഞ്ഞ അയാള്‍ക്ക് സമൃദ്ധമായ താടിയുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് നരയുള്ള വെട്ടിയൊതുക്കിയ താടിരോമങ്ങള്‍. ഒരു ക്ഷേത്രവാസിയാണെന്ന് തോന്നുന്നു. തലമുടിയില്‍ തുളസിക്കതിരുചൂടിയ അദ്ധേഹത്തിന്റെ പത്‌നിയും ഒരു കൊച്ചുവാടമല്ലിപ്പൂവുപോലുള്ള മകനും; എന്നോട് ചിരപരിചതരെന്നപോലെ മന്ദഹസിച്ചു. ഭാര്യയുടെ കുളിച്ചുപിന്നിയ മുടിയില്‍ നിന്ന് അപ്പോഴും വെള്ളം ഒറ്റുന്നു; അവരുടെ ബ്ലൗസിന്റെ പിന്‍വശത്ത് മുടിയുടെ നനവ് പടര്‍ന്നിരിക്കുന്നു.
'തിര്വൊനന്തപുരത്ത്ക്ക്ള്ള് പാസഞ്ചറ് അനൗണ്‍സ് ചെയ്‌തോ?' അവര്‍ ചോദിച്ചു.
ഞാന്‍ മറുപടിയായി എന്തെങ്കിലും പറയുന്നതിനുമുന്‍പ് അവരുടെ ഭര്‍ത്താവ് ഇടപെട്ടു
'ഇന്നീം സമയണ്ട്.... നമ്മളിത്തിരി നേര്‍ത്ത്യാ...'
 
പത്തൊ പതിനഞ്ചൊ മിനിട്ടു കഴിഞ്ഞതെയുള്ളു മോന്‍ ചിണുങ്ങാന്‍ തുടങ്ങി....
'അച്ഛാ.... ഈ... ട്രെ.....യ്....നെപ്പ്‌ഴാ വര്വാ.....' അവന്‍ അമ്മയുടെ സാരിത്തുമ്പത്ത് ചിണുങ്ങി.
അവന്‍ ഉച്ഛരിക്കുന്ന 'ട്രെ...'യ്ക്ക് ഒരു പ്രത്യേക താളമുണ്ടായിരുന്നു.
'ഉണ്ണി... ബ്‌ടെ ഒതുങ്ങിയിരുന്ന് ഇത്തിരി നാമം ജപിക്ക്....അപ്പൊ ട്രെയ്ന്‍ വേഗം വരും' അമ്മ പറഞ്ഞു.
'ഓം.... അമൃതേശ്വരി... നമ:.... എന്ന് ജപിക്ക് നോക്കട്ടെ.... അപ്പൊ ട്രെയ്ന്‍ വേഗം വരും' അയാളും പറഞ്ഞു.
അയാള്‍ കണ്ണുകളടച്ച് അവനെ ജപിച്ച് കേള്‍പ്പിച്ചു. ആയാളുടെ മുഖം ധ്യാനനിമഗ്നമായി.
'അമൃതേ..... ശ്വ..........രി.....' കുട്ടി ഉദാസീനനായി.
'അച്ഛാ.... ട്രെ..................യ്‌നെപ്പഴാ വര്വാ......' അവന്‍ വീണ്ടും ചിണുങ്ങി. തുള്ളിവീഴ്ത്താതെ കരഞ്ഞു. തലകൊണ്ട് അമ്മയുടെ മടിയില്‍ മുദുലമായി തൊഴിച്ചു.
 
എന്റെ ശ്രദ്ധ പൂര്‍ണ്ണമായും ആ മൂവരിലേക്ക് പതിഞ്ഞു. അച്ഛന്‍ എന്നോട് സൗഹൃദം നിറച്ച ഒരു നോട്ടമയച്ചു. 'ന്താപ്പോ ചെയ്യാ....'എന്നൊരു ധ്വനിയുണ്ടായിരുന്നു അപ്പോള്‍ ആ മുഖത്ത്.
ഞാന്‍ പുതുക്കെ കൈയ്യിലുള്ള വാരികയിലേക്ക് മുഖം തിരിച്ചു.
'ന്താ വായിക്കണേ... നോക്കട്ടെ' അയാള്‍ എന്റെ കൈയ്യില്‍ നിന്ന് പുസ്തകം വാങ്ങി നോക്കി.
'യുക്തിരേഖ.....!!!?? ഓ....' അയാള്‍ അതേ വേഗത്തില്‍ പുസ്തകം തിരികെ തന്നു.
കുറച്ചുനേരം ഒന്നും മിണ്ടിയില്ല. നേരം പുലരുന്നു. ആളുകള്‍ സ്റ്റേഷനിലേക്ക് പ്രവഹിച്ചു തുടങ്ങിയിരിക്കുന്നു.
ആയാള്‍ ചോദിച്ചു 'എവിടെ പോവ്വാ...'
'മുംബൈയില്‍ നിന്ന് വരുന്ന വഴിയാ... ഓഖ എക്‌സ്പ്രസ്സില്‍ വന്നിറങ്ങിയതാ... നേരം ഒന്നു വെളുത്തിട്ട് സ്റ്റേഷനുപുറത്തിറങ്ങാം എന്നു വിചാരിച്ചു'
'നന്നായി.... അതാവും നല്ലത്... പൊറത്ത് നല്ല ഇരുട്ട്‌ണ്ടേ... '
 
മുംബൈ എന്നുകേട്ടപ്പോള്‍ അയാളുടെ മുഖം ഒന്നു പ്രസന്നമായതുപോലെ തോന്നി.
'മുംബൈയില്‍ എവിടെ...?'
'നവി മുംബൈ'
'ഉവ്വോ.... അമ്മേടെ അടുത്താണോ...'
'.... അമ്മയും അച്ഛനുമൊക്കെ ഇവിടെ നാട്ടില്‍ത്തന്നെയാണ്'
എന്റെ മറുപടി കേട്ടപ്പോള്‍ അയാള്‍ നെറ്റിചുളിച്ചു
'അല്ലാ.... അമ്മ... ദേവി... അമ്മയെ അറീല്ലേ...!!!?'
'ഏതമ്മ... ഏത് ദേവീ.... എന്റെ അമ്മയെയാണൊ... അവരിവിടെ നാട്ടില്‍ത്തന്നെയുണ്ട്'
എന്റെ മറുപടി അയാള്‍ക്ക് ഒട്ടും രസിച്ചില്ലെന്നു തോന്നുന്നു.
'മാതാ അമൃതാനന്ദമയി ദേവീ...' അയാളുടെ ശബ്ദം തെല്ലൊന്നു ഉയര്‍ന്നതായി എനിക്ക് അനുഭവപ്പെട്ടു.
'ഓ..... അമ്മ.... അമൃതാനന്ദമയി.... അവരുടെ ആശ്രമം ഞാന്‍ താമസിക്കുന്നതിന് വളരെ അടുത്താണ്... ബ്രഹ്മസ്ഥാനം എന്ന സ്ഥലത്ത്. മുന്നിലൂടെ പോയിട്ടുണ്ടെന്നല്ലാതെ കേറി നോക്കീട്ടില്ല' ഞാന്‍ വിനീതനാവാന്‍ ഒരു വൃഥാ ശ്രമം നടത്തി.
'ഞങ്ങള്‍ എല്ലാ വര്‍ഷവും അമ്മയ്‌ക്കൊപ്പം അവിടെ വരാറുണ്ട്' അയാള്‍ അഭിമാനത്തോടെ പറഞ്ഞു.
'കണ്ടിട്ടുണ്ടൊ അമ്മയെ' അയാള്‍ ചോദിച്ചു.
'ഇല്ല... ഞാനൊരമ്മയേയും കണ്ടിട്ടില്ല' എന്റെ മറുപടി ഇത്തിരി കൂടിപ്പോയില്ലെ എന്നൊരു സംശയം എനിക്കുതന്നെയുണ്ടായി.
പിന്നെ അദ്ദേഹം കുറച്ചു സമയം ഒന്നും മിണ്ടിയില്ല.
കുട്ടി ഉദാസീനനായി അവന്റെ റൈമ്‌സ് പാടുന്ന ഈണത്തില്‍
'അ....മൃ......തേ............ശ്വരി..........' എന്ന് നീട്ടിപ്പാടി.
വീണ്ടും പഴയപോലെ... 'ട്രെ.............യി.........നെപ്പഴാ വര്വാ....' എന്ന് ചിണുങ്ങി.
 
നല്ലൊരു കുടുംബമാണ്. എന്റെ അഹങ്കാരം അദ്ദേഹത്തെ നീരസപ്പെടുത്തിയൊ. ഞാന്‍ വിഷമിച്ചു. നേരം അഞ്ചുമണിയോടടുക്കുന്നു.... ഇവര്‍ക്കുള്ള ട്രെയിനിന്റെ അന്വണ്‍സ്‌മെന്റു വന്നു. പിരിയുന്നതിനു മുന്‍പ് അയാള്‍ കൈയ്യിലുണ്ടായിരുന്ന 'അമൃതവാണി'യുടെ പഴയൊരു കോപ്പി എനിക്കു നേരെ നീട്ടി'
'അമ്മയെക്കുറിച്ച് അറിയാന്‍ ഇത് വായിച്ചാല്‍ മതി'
'അമ്മയെക്കുറിച്ച് നന്നായി അറിയാം എന്നാണ് എന്റെ വിശ്വാസം... എന്നാലും.. കൈയ്യിലിരിക്കട്ടെ.... വായിക്കാം....വീട്ടിലൊരമ്മ എന്നെ പ്രാതലിന് പ്രതീക്ഷിക്കുന്നുണ്ടാകും' എന്ന് ഞാന്‍ ചിരിച്ചുകൊണ്ട് പ്രതിവചിച്ചു.
ഇത്തവണ അദ്ദേഹം മനസ്സ് തുറന്ന് ചിരിച്ചു.
അപ്പോഴും കുഞ്ഞന്‍ 'അ....മൃ...തേ...ശ്വ...രി..... ഈ... ട്രെ...യി.....നെപ്പഴാ വര്വാ...' എന്ന് ചിണുങ്ങിക്കൊണ്ടിരുന്നു.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications