Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ഭീഷ്മ പര്‍വ്വം

ശ്രീമാന്‍

ഏറിയാല്‍ ഇനി വെറും രണ്ട് നാഴിക മാത്രം
യാത്രയാകുവാന്‍,കൂര്‍ത്ത ബാണശയ്യയില്‍ ഭീഷ്മര്‍
സൂര്യതേജസ്സിന്‍ കരാംഗുല രക്ത ചുംബന –
മേറ്റ് യുദ്ധ ഭൂമിയില്‍ തപിച്ചു ചിന്താധീനന്‍

തേര്‍ തെളിക്കുന്ന രൌദ്ര ഭാരതഭൂതം,ഇന്നിന്‍
പോര്‍ കാഹളം ഉച്ചത്തില്‍ ചിറകടിച്ചുയര്‍ന്നു
കാലന്‍ കോഴികള്‍;കൂമന്‍ മൂളുന്നു ബാഷ്പ
പുഷ്പങ്ങള്‍ കോര്‍ത്ത ശുഷ്ക വന്ദനസ്മൃതി ഗീതം
ഭാവിതന്‍ പ്രതീക്ഷയായ് ഹിമവല്‍ ശൃംഗം ,അന്ന
പൂര്‍ണ്ണയായ്സിന്ധു ഗംഗയാര്‍ പ്രവാഹത്തിന്‍ പുണ്യം

വിട ചൊല്ലിടും നേരം,സ്പന്ദനം തീരും മുമ്പേ
നെഞ്ചകം തുറന്നെന്‍റെ മൊഴികള്‍ കുറിച്ചോട്ടെ
ത്യഗിയായ്,ഋഷി തുല്യ വന്ദ്യഗുരുവായെന്നെ
പേരിട്ടു വിളിക്കല്ലേ ഭാരതീയരെ നിങ്ങള്‍

ഓര്‍മ്മകള്‍ ഒഴുകുന്ന ഗംഗയില്‍ കുന്തി ദൈന്യം
മാനാഭിമാനം കാര്‍ന്നുതിന്നുന്ന വര്‍ണ്ണം-ഗോത്ര
ഭേദങ്ങള്‍ കാശിയില്‍ മധുരയിലയോധ്യയില്‍
വിന്ധ്യ വംഗ ഭൂമിയില്‍ -അന്ധയാണെന്നും നീതി!

മേനക –വിശ്വാമിത്ര ദുഷ്യന്ത –ശാകുന്തളം
എത്ര ഈ ശ്യാമ ഭൂമിയില്‍,മത്സ്യഗന്ധികളെത്ര
താത—മാതൃത്വത്തിന്‍റെ ജാര നിര്‍വൃതിയെത്ര
ലൈഗീക പുരാണത്തിന്‍ താളുകള്‍ മറിയ്ക്കുമ്പോള്‍

ഏകലവ്യന്‍ തന്‍കരള്‍ കീറി വിരല്‍ വില്‍ക്കവേ
രാജ്യം ഗുരുഭക്തി തന്‍ വേദാന്തം ഭുജിച്ചില്ലേ?
പെണ്ണിന്‍ കണ്ണുകെട്ടിയ ധൃതരാഷ്ട്ര തിമിരം
കൊട്ടാരത്തില്‍;കാട്ടിലോ മൃഗയാവിനോദത്തിന്‍
കാമാര്‍ത്തി –ശിക്ഷ ,മൃതി, മുനിശാപം
പാണ്ധുവിന്‍ രതിദാഹം-ഒക്കെയും തുടര്‍ക്കഥ
അഞ്ചുപേര്‍ക്കവള്‍ ഭാര്യ ,പാഞ്ചാലി പതിവ്രത
പാര്‍തഥന്‍ ഭീമന്മാര്‍ക്കാകാം വേളികള്‍ വഴിനീളെ
സീത വാര്‍ത്തീടും കണ്ണീര്‍ തീര്‍തഥമാണെന്നും,ഇന്നും
ഗോപസ്ത്രീ രതി ദേവ ദാസി വ്രതദീക്ഷകള്‍
പീഡന പുരാവൃത്തം നോവും ശിശുരോദനം
രാത്രികള്‍ ഉറങ്ങാത്ത വിശപ്പിന്‍ കുചേലന്‍മാര്‍

എന്ത് വൈപരീത്യങ്ങള്‍,കുന്തീപുത്രരില്‍ ജ്യേഷ്ഠന്‍
കര്‍ണ്ണന്‍,അവനെ സൂതന്‍ എന്നാരോപിക്കെ മൌനം
കൊറിച്ചോള്‍ അമ്മ ;രാജസിംഹാസനമെകിയോന്‍-
രാഷ്ട്രമീമാംസ ലാഭാമാക്കിയോന്‍ -ദുര്യോധനന്‍
കര്‍ണ്ണ കുണ്ഡലംപിന്നെ കൊഞ്ചി വാങ്ങിയോളവള്‍
മാതൃമാനസങ്ങളുംചെങ്കോലില്‍ മയങ്ങുന്നു.
ഏതു ശിഷ്യനായ് ദ്രോണര്‍ കീഴാളകുമാരന്‍റെ
കൈവിരല്‍ മുറിപ്പിച്ചു-കാനനായവാന്‍ മാറി !

ചൂതാട്ടം,ഭാഗ്യക്കുറി,വാതുവെപ്പുകള്‍,തോറ്റാല്‍
ഭാര്യയെപ്പോലും വിറ്റ്‌ മാന്യത സൂക്ഷിക്കുവോര്‍
ശത്രുവില്‍ ശത്രു മിത്രം,ഓതിയ തത്വജ്ഞാനം
പെണ്ണും ഈ മണ്ണും പൊന്നും തമ്പുരാനെന്നും സ്വന്തം
രാഷ്ട്രീയ കംസന്‍ മണിമാളിക മുകളേറി
പൂതന കലാലയ വില്പന നടത്തവേ
കോഴ വേഴ്ചയില്‍ വിഷമയം ഈ കാളിന്ദിയും
സ്നേഹ സൌഹൃദം വാഴ്വൂ പങ്കുവയ്ക്കലില്‍ മാത്രം.

ശംബുക ഗളം വെട്ടി വീഴ്ത്തിയ യുഗത്തിലെ
നീതിക്ക് കയ്യൊപ്പിട്ട പിന്‍ഗാമികള്‍ നമ്മള്‍
യുധ്ദത്തില്‍ ആണും പെണ്ണും കെട്ട വേഷമിട്ടവന്‍
പോരാട്ട സിദ്ധാന്തത്തിന്‍ വേരറുത്തെറിഞ്ഞപ്പോള്‍
ചതിയായ് അശ്വത്ഥാമാ മരണം മണപ്പിച്ച്
ഗുരുമാറിടം കീറാന്‍ വേദാന്തം പിറന്നില്ലേ.

വിഗ്രഹമേതും തല്ലിപ്പൊളിക്കാം,അധീശത്വ-
സിദ്ധി താന്‍ ശ്രേഷ്ഠം ,ഗുരു,-മാതുലര്‍ എല്ലാം മിഥ്യ
മൂകസാക്ഷിയായെല്ലാം നോക്കിനിന്നു ഞാന്‍ വൃഥ
ബാക്കി പത്രമായ്‌ വാഴ്വൂ ഭാരത സനാതനം

ആരു തോറ്റാലും,ജയം
ആരു കൈവരിച്ചാലും
സോദര കലാപങ്ങള്‍
തീരും വരെ പോര്‍ക്കളം
ചോരച്ചാലുകള്‍ കീറും
മണ്ണു പങ്കിടും നമ്മള്‍
പെണ്ണിനെ പൊന്‍ ലോഹമായ്
വില്‍പ്പനയ്ക്ക് ഉരുക്കും നാം.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications