എന്റെ രശ്മികൾക്കു ചൂടേറി വരുന്നു. എനിക്കു പോലും
നിയന്ത്രിക്കാനാവാതെ, ചുവന്നിരുളുന്ന എന്റെ ജ്വാലകളിൽ ഞാൻ വെന്തു
നീറുന്നു സ്വയം, നിസ്സഹായതയുടെ നെരിപ്പോടുമായി ഈയാകാശ
ചരുവിൽ ഞാനിപ്പോഴുമുണ്ട് കുന്തി,,,,,,
പക്ഷെ നീ തെളിമയുള്ള പലതും മറന്നു, തിരുത്തുവാൻ എന്നെക്കാളും
നിനക്കാവുമായിരുന്നു പലതും പലപ്പോഴും......
നിന്റെ നിമിഷ നേരത്തെ കൌതുകം മാത്രമായിരുന്നോ ഞാൻ ?
സ്വാർത്ഥ വികാരങ്ങൾ നിന്റെ മുഖം പാതി മറക്കുന്ന ശിരോ വസ്ത്രത്തിൽ
ഒളിച്ചു വച്ചിരുന്നത് ഞാൻ അറിഞ്ഞിരുന്നില്ല രാജ കുമാരി..........
ഞാൻ കേവലം നിനക്കു വേണ്ടിയിരുന്ന ഒരു പരീക്ഷണ വസ്തു മാത്രം
എന്ന സത്യവും.
ഞാൻ എന്റ്റെ കനൽ കത്തുന്ന ചിറകുകൾ ഉരിഞ്ഞിട്ടു, നിലാവിനോട്
കടംകൊണ്ട സമയവുമായി നിന്റെ ഉറക്കറയിൽ നിന്റെ പതിഞ്ഞ വിളികേട്ട്
എത്തിയത് കേവലം ഒരു മനുഷ്യനായി തന്നെ ആയിരുന്നു, രൂപത്തിലും
ഭാവത്തിലും.
കനലെരിയും എന്റെ ചുണ്ടുകൾ നിന്നിൽ അമർന്നപ്പൊളൊക്കെ ഞാൻ
വല്ലാതെ ഭയന്നിരുന്നു,
എന്റെ ചൂടിൽ നീ വാടാതിരിക്കാൻ, കരിയതിരിക്കാൻ...
കുന്തി......നിന്നോട് എനിക്ക് അഗാധ പ്രണയമായിരുന്നു അന്ന് ആ
രാത്രിയുടെ ഇടവേളയിൽ ഒരിക്കൽ പോലും പറയാതിരുന്ന ഭ്രാന്തൻ
പ്രണയം......
നീ പോലും അറിയാതെ......നിന്റെ കൊട്ടാര ഉദ്യാനത്തിൽ,
അന്തപ്പുരത്തിന്റെ മട്ടുപ്പാവിൽ നീ വരുമ്പോൾ എന്റ്റെ കിരണങ്ങളാൽ
ഞാൻ നിന്നെ തൊട്ടിരുന്നു, നിന്റെ തിളങ്ങുന്ന കണ്ണുകൾ എന്റ്റെ
സ്വപ്നങ്ങളുടെ ഭാഗ്യമായിരുന്നു എന്നും.
ഒരു പക്ഷെ എന്റെ എല്ലാ തെറ്റുകളും അവിടെ തുടങ്ങുകയായിരുന്നു...
നിന്റെ ആർദ്രമായ വിളിക്ക് ഞാൻ ചെവി കൊടുക്കരുതായിരുന്നു,
രാത്രിയുടെ അവസാന യാമം വരെ എന്നെ നിനക്കു കടം തരരുതായിരുന്നു.
അവസാന യാമം തീരുംമുൻപേ, നിലാവ് അണയുംമുൻപേ നിന്നെ വിട്ടു
പിരിയുമ്പോൾ, നീ തന്ന ചുംബനത്തിന്റെ നനവും, തണുവും ഇന്നും
എന്റ്റെ കൈവെള്ളയിൽ ഉറങ്ങിക്കിടക്കുന്നു. തല്മുടികെട്ടിലെ ചന്ദന
ഗന്ധം ഇന്നും മസ്തിഷ്കത്തിൽ നുരയിട്ട് നിൽക്കുന്നു......
പ്രീതെ ,,, നീ ഒരു മഞ്ഞു തുള്ളിയാണ് എനിക്ക് ഇന്നും..
ആ രാത്രി ഇരുണ്ടുവെളുത്തു,പക്ഷെ പിന്നീടു ഒരിക്കലും നീ എന്നെ
ഓർത്തതില്ല,നിലാവ് നിറഞ്ഞ രാത്രികളിൽ നിന്റെ മനസ്സിലെങ്ങുമേ ഞാൻ
ഇല്ലായിരുന്നു......
എന്റ്റെ ജീവൻ നിന്നിൽ നാംബിട്ടത് ഞാൻ അറിഞ്ഞിരുന്നില്ല....നീ എന്നെ
അറിയിച്ചതുമില്ല.
പ്രപഞ്ചം ഉണരുംമുൻപേ നീ പേറ്റുനോവിൻ ശബ്ദം പോലും
പല്ലുകളിലമ്മർത്തി, രഹസ്യമായി ജന്മം കൊടുത്ത എന്റ്റെ ചോര
കുഞ്ഞിനെ നീ തള്ളിപറഞ്ഞത് എന്തിനായിരുന്നു കുന്തി ? നിനക്കതിനു
കഴിഞ്ഞുവോ?
നീ അവന്റെ ജ്വലിക്കുന്ന മുഖം ഒരു വട്ടമെങ്കിലും കണ്ടിരുന്നുവോ? ചുരുട്ടി
പിടിച്ച കൈവിരലുകളുടെ മൃദുത്വം തോട്ടറിഞ്ഞിരുന്നുവോ?
അവന്റെ തിളങ്ങുന്ന കവചവും, കർണ്ണാഭരണവും ഒരു വട്ടമെങ്കിലും
മൃദുവായി ചുംബിച്ചിരുന്നോ ?
ഇത്തിരി മുലപ്പാലിന് വിതുമ്പിയ ചുണ്ടുകളെ നീ വിരലാൽ ചേർത്ത്
അമർത്തി അടച്ചത് എന്തിനായിരുന്നു?
കുഞ്ഞു വിതുമ്പലുകൾ പോലും ലോകം അറിയാതിരിക്കാൻ, നിന്റെ
കപടതയെ നീ ഇരുളിൽ വെള്ള പൂശി.
നിന്റെ പ്രണയത്തിന്റെ ആത്മാവ് അവിടെ മരിച്ചു വീണു കുന്തി.....
പിന്നെ നിന്റെ ഓർമ്മയുടെ ഏടുകളിൽ നിന്നു ഞാനും എന്റ്റെ
മകനും.....
പ്രപഞ്ചത്തിൻ ഊർജവും വെളിച്ചവും മാത്രമാണ് ഞാൻ. പലരും
പരത്തി പറയുന്ന അതീ ന്ദ്രിയങ്ങൾ ഒന്നും എനിക്കില്ലാതെ പോയി,
എല്ലാം ഒന്ന് നേർക്കാഴ്ചയായി മുൻകൂട്ടി കാണുവാൻ, നിന്നിലെ ചന്ദന
ഗന്ധത്തിനപ്പുറം കനലും കറുപ്പും തിരിച്ചറിയാൻ ഞാൻ ശ്രമിച്ചില്ല.
എല്ലാം അറിഞ്ഞപ്പോൾ ഞാൻ വൈകിപ്പോയി.........
തളർന്നുറങ്ങി ഞാൻ കിഴ്ക്ക് ഉണർന്നപ്പോൾ എനിക്കായി നീ കരുതി
വച്ച പുലർ കാഴ്ച എന്റെ കരളിലെക്കായി ആഴ്നിറക്കിയ വാൾ
മുനയായിരുന്നു കുന്തി........
പുലരിയുടെ മൃദു മാരുതൻ എന്നെ കാട്ടി തന്നു എന്റെ ഹൃദയം
പിളർത്ത കാഴ്ച.....
നമ്മുടെ മകന്റെ നിശബ്ദ യാത്ര....
നീ ബലമായി മുറിച്ചു മാറ്റിയ പൊക്കിൾ കൊടിയുടെ രക്തം സ്രവിക്കുന്ന
മുറിവുമായി അവൻ യാത്ര തിരിച്ചിരുന്നു ,പുഴയിലെ ഓളങ്ങളിൽ ഒഴുകി
നീങ്ങി അങ്ങ് ദൂരേക്കു പോകാൻ നീ ഒരുക്കിയ പേടകത്തിൽ.....
ഒരു നിശബ്ദ പലായനം നിനക്കു വേണ്ടി....നിനക്കായി മാത്രം....കുന്തി.
ഇനിയൊരിക്കലും തിരിച്ചു വരാത്ത പലായനം ,,,,,, ഓളങ്ങളിൽ അവൻ
ഒഴുകി നീങ്ങിയപ്പോൾ നിന്റെ ഉള്ളിൽ തണുവും, എന്റ്റെ ഉള്ളിൽ കനലും
ആയിരുന്നു കുന്തി....
എന്നിലെ അച്ചൻ ആദ്യമായി ഭൂമിക്കു ള്ളിലേക്കു താഴ്ന്നോളിക്കാൻ
ആഗ്രഹിച്ച നിമിഷങ്ങൾ.... പക്ഷെ പ്രപഞ്ച നിയമങ്ങളാൽ അന്നും
ഇന്നും ഞാൻ തളക്കപ്പെട്ടവനാണ്. എന്റ്റെ പകലുകൾ സ്വയം എരിഞ്ഞു
പ്രപഞ്ചത്തിനു ഊർജവും വെളിച്ചവും നൽകേണ്ടതാണ്, എന്റെ രാത്രികൾ
പൊള്ളി വീങ്ങിയ എന്റെ മനസിന്റെ, ശരീരത്തിന്റെ നീർ പോളകളെ
സ്വയം തഴുകി തളര്ന്നുറങ്ങേണ്ടതുമാണ് , ഞാൻ ബന്ധിതനാണ് ,
കാലത്തിന്റെ, പ്രപഞ്ചത്തിന്റെ കൈകളാൽ...
അന്തപുരത്തിലെ മട്ടുപ്പാവിലെ നിന്റെ ഉറക്കയറയിൽ കുന്തി ഭോജാൻ
പോലും അറിയാതെ ഇരുളിന്റെ മറവിൽ ഞാൻ ഒരു ജാരനെപ്പോലെ
കടന്നു വന്നത്, അല്ല കൊണ്ടു വന്നത് എന്റെ പ്രണയമായിരുന്നു കുന്തി...
വിവേകം നശിച്ചുപോയ പ്രണയം.......സ്വയം കരിയുംപോഴും ഞാൻ
നിന്നെ അന്ധമായി പ്രണയിച്ചിരുന്നു കുന്തി........ അർഹതയും, വിചാര
വിവേകങ്ങളും മാറ്റുരച്ചു നോക്കാതെ.
പക്ഷെ നിന്റെ മനസ്സിൽ എന്തായിരുന്നു കുന്തി ?
തെറ്റിപ്പോയ കണക്കുകൾ മായിച്ചു കളയുന്ന കുട്ടിയുടെ
കുട്ടിത്തമായിരുന്നോ നിനക്കു പ്രണയം.....
നിന്റെ രസചരടിൽ കോർത്ത് കളിക്കാാനും പിന്നെ നിർദയം
എറിഞ്ഞുടക്കാനുമുള്ള വെറും കളിപ്പാട്ടം മാത്രമായിരുന്നു നിനക്കു
പ്രണയം.......
പഞ്ച ഭൂതങ്ങളിൽ ജീവ വായു നിറച്ചു വേദനയോടെ നീ ജന്മംനൽകിയ
നമ്മുടെ മകൻ പോലും നിനക്കു പരീക്ഷണത്തിൽ ഒടുവിലായി
ബാക്കിയായ വെറും പാഴു് വസ്തു മാത്രമായതെന്തേ കുന്തി?
പ്രപഞ്ചത്തേ നിമിഷനേരം എങ്കിലും ഇര്രുട്ടിലേക്കു തള്ളിയിട്ട് ഒഴുകുന്ന
പേടകത്തിൽ നിന്നും നമ്മുടെ മകനെ വാരിയെടുക്കാൻ കൊതിച്ച എന്റെ
കൈകൾ
കെട്ടപ്പെട്ടിരുന്നു പതിവുപോലെ.
എങ്കിലും ഞാൻ അവനോടൊപ്പം ഉണ്ടായിരുന്നു അവനെപ്പോതിഞ്ഞു
കിരണങ്ങളായി. വിറക്കുന്ന അവന്റെ ചുണ്ടുകളിൽ പാൽ മണം
ഇല്ലായിരുന്നു, ഇറുകെ പൂട്ടി ഉറങ്ങുന്ന കണ് പീലികളിൽ, കവിൾ
തടങ്ങളിൽ ഉണങ്ങിയ നീീർ ചാലുകൾ മാത്രം ഉണ്ടായിരുന്നു.
ഓളങ്ങളിൽ ഉലയുമ്പോൾ ഭയത്തോടെ നീ ദാനമായി പുതപ്പിച്ച രത്ന
കമ്പളത്തിൽ കുഞ്ഞു വിരലുകളാൽ അവൻ മുറുകെ
പിടിക്കുന്നുണ്ടായിരുന്നു, തുറക്കാത്ത കണ്ണുകളാൽ പട്ടു മെത്തയിൽ മുഖം
ചേർത്ത് അവൻ വ്യഗ്രതയോടെ തിരഞ്ഞത്
നിന്നയോ ?അതോ കുന്തി.... നിന്റെ മാതൃ ഗന്ധത്തേയോ?
ഇളകി മറിഞ്ഞ ഓളങ്ങളിൽ നിന്നും അതിരഥൻ അവന്റെ കറുത്ത പരുക്കൻ
കയ്യാൽ എന്റ്റെ മകനെ കോരിയെടുക്കും വരെ ഞാനവനു അദൃശ്യ
കാവലായി ഉണ്ടായിരുന്നു.
അതിരഥന്റെ കണ്ണുകൾ പതുക്കെ നിറഞ്ഞു വരുന്നുണ്ടായിരുന്നു, വരണ്ട
ചുണ്ടുകളാൽ അവൻ എന്റ്റെ മകനെ ഭ്രാന്തമായി
ചുംബിക്കുന്നുണ്ടായിരുന്നു, മാറിലെ കവചത്തെ വിറയ്ക്കുന്ന വിരലാൽ
തലോടുന്നുണ്ടായിരുന്നു... അതിരഥന്റെ കണ്ണീരിൽ കുതിർന്ന നെഞ്ചിലെ
രോമകെട്ടിൽ നമ്മുടെ മകൻ ശാന്തനായി ഉറങ്ങുന്നുണ്ടായിരുന്നു, അവന്റെ
വിശപ്പും ദാഹവും പോലും മറന്നു....
അതിരഥനോടും,ലോകത്തോടും
" ഇവൻ എന്റെ മകൻ എന്ന് " പറയാൻ പലവട്ടം എന്റ്റെ നാവു കൊതിച്ചു
പക്ഷെ ഞാൻ തണുത്തുറഞ്ഞ നിശബ്ദതയിൽ നാവും വാക്കും
നഷ്ട്ടപെട്ടവനായിരുന്നു......
എണ്ണി പറയാനും എടുത്തു കാട്ടാനും തെളിവായി ഒരു പുൽക്കൊടി
പോലും കൈയ്യിൽ ഇല്ലാത്തവന്റെ വാക്കുകൾ ആര് വിശ്വസിക്കാാൻ?
ഞാൻ ഭയന്നിരുന്നു ഇരുട്ടിൽ ഒറ്റപെട്ടവനെ പോലെ....
എന്റ്റെ വെളിപ്പെടുത്തലുകൾ ഒരു പക്ഷെ അവന്റെ കുഞ്ഞു ജീവൻ തന്നെ
നിശബ്ദമാക്കിയാലോ....
അതിരഥൻ സന്തോഷത്താൽ ഭ്രാന്തനായിരുന്നു....അവന്റെ കരച്ചിലിൽ
നിന്നും പൊട്ടിച്ചിരിയെ എനിക്കു വേർതിരിക്കാൻ ആവുന്നില്ലയിരുന്നു,
വിറയ്ക്കുന്ന കരങ്ങൾ അവൻ ആകാശത്തിലേക്കു ഉയർത്തി പറഞ്ഞ നന്ദി
വാക്കുകൾ അവന്റെ ഇടറിയ ശബ്ദത്തിലും അടഞ്ഞ ഒച്ചയിലും
വേർതിരിക്കുവാൻ ആവാത്ത മർമ്മരങ്ങളായിരുന്നു......
അതിരഥനിലും, നമ്മുടെ മകനിലും മിഴികൾ ഊന്നി എത്രയോ നേരമായി
ഞാൻ നിൽക്കുന്നു, അവർ കാഴ്ചയിൽ നിന്നും മറയാറായിരിക്കുന്നു.
കുന്തി....
കുഞ്ഞു കുണ്ഡലങ്ങളുടെ മണികിലുക്കം നേർത്തു വരുന്നു..
ഒരു പക്ഷെ ഈ പ്രപഞ്ചത്തിൽ ആദ്യമായി ഒരച്ചൻ അറിഞ്ഞു കൊണ്ട്
മകനെ നഷ്ട്ടപെടുത്തുക ആയിരുന്നു നിശബ്ദ സാക്ഷിയായി....
അവൻ കണ്ണിൽ നിന്നും മറയുവോളം ഞാൻ ഇമയനക്കിയില്ല.....എന്നെ
തന്നെ ദഹിപ്പിക്കാൻ പോന്ന കണ്ണുനീർ എന്റ്റെ കവിൾ ഞാനറിയാതെ
നനച്ചപ്പോൾ ഞാൻ അത് തുടച്ചു മാറ്റി......
എന്റ്റെ കാൽച്ചുവട്ടിലെ മണ്ണിൽ പതിക്കാതിരിക്കാൻ അല്ലെങ്കിൽ ഒരു പക്ഷെ
പൊള്ളുന്ന ഭൂമിയുടെ നെഞ്ചകം നൊന്തു എന്നെ ശപിച്ചാലോ എന്ന് ഞാൻ
ഭയക്കുന്നു....
ഇനി നമ്മുടെ മകനെയോന്നു പിൻ വിളി വിളിക്കുവാൻ പോലും എനിക്കു
ആവില്ല എന്ന് ഞാൻ അറിയുന്നു കുന്തി....
ഞാനും നീയും അവനും ചേർന്ന് കൈപിടിച്ചു നടക്കേണ്ട വഴികളിൽ ഇനി
അവൻ ഒരീക്കലും തിരിച്ചു വരില്ലായിരിക്കും, പക്ഷെ
അനാഥത്വത്തിന്റെ ഇരുണ്ട കരിനിഴലിലും ഇനി അവനു ഒരച്ചനും
അമ്മയും ഉണ്ട് , കനലു ജ്വലിക്കുന്ന എന്റ്റെ ഹൃദയത്തിനു ഒരു മഞ്ഞു
കണം പോലെ അത് മാത്രം മതി നീറ്റൽ അറിയാതെ
ഇരിക്കാനെങ്കിലും.......
ഇവിടെ എന്റ്റെ വഴി അവസാനിക്കുന്നു എന്ന് ഞാനറിയുന്നു.....കുന്തി.
പരാജിതന്റെ കനം തൂങ്ങുന്ന ശിരസ്സും, വീണ്ടും വീണ്ടും നിറയുന്ന
കണ്ണുകളുമായി ഇനി എനിക്കു തിരിച്ചു നടന്നെ മതിയാകു.....ഈ
പ്രപഞ്ചം എന്നെയെൽപ്പിച്ച കർത്തവ്യത്തിലെക്കു..... ഊർജവും
വെളിച്ചവുമായി കത്തിയെരിയാൻ......
മകനെ "കർണ്ണാ" മാപ്പ്......
ക്ഷമിക്കാനാവുമെങ്കിൽ....
സൂര്യ പുത്രനിൽ നിന്നും സൂത പുത്രനിലെക്കുള്ള നിന്റെ പ്രയാണം
തുടങ്ങിയിരിക്കാുന്നു, അച്ചൻ എന്ന അവകാശം പോലും എനിക്കു നീ
പോയ വഴികളിൽ എവിടെയോ നഷ്ട്ടപ്പെട്ടിരിക്കുന്നു കൂടെ എന്റ്റെ
ഹൃദയവും......
എന്നെ എല്പ്പിച്ച കൃത്യത്തിൽ ഞാൻ ഇനി ചഞ്ചലനായിക്കാൂട...തെറ്റുകൾ
വന്നുകൂടാ , അത് പ്രപഞ്ച നാശത്തിലേക്കാുള്ള ആദ്യ ചവിട്ടുപടി
ആയിരിക്കാും....ഇനിയും ഒരു ശാപത്തിന്റെ ഭാരം താങ്ങുവാൻ
എനിക്കാാവില്ല കർണ്ണാ.....
നീ കാത്തിരിക്കുക ആവുമെങ്കിൽ കാല ചക്ക്ര്രം തിരിഞ്ഞമർന്ന്
തീരുവോളം, ഇനി യുഗ പിറവികൾ ഇല്ലാതെ മനുഷ്യ ഗന്ധമില്ലാതെ ഭൂമി
ശാപഗ്രസ്തയാകുമ്പോൾ , ജരാനര ബാധിച്ചു മൃത്യുവിലെത്തുമ്പോൾ
എന്റ്റെ നിയോഗം പൂര്ത്തിയാകും.....
ബാക്കിയകുന്നതെന്തും കറുത്ത ഇരുണ്ട ഇരുട്ടിനെ ഏല്പ്പിച്ചു എനിക്കു
പതുക്കെ നടക്കാം സ്വതന്ത്രനായി......ഭയക്കാാതെ നിന്നിലേക്കു.....
അന്ന് ഞാൻ നിന്റെ നഷ്ട്ട ശൈശവം,ബാല്യം എല്ലാം എന്റ്റെ ഈ കൈ
കുംബിളാൽ കോരി എടുത്തു തരാൻ ശ്രമിക്കാം നീ സ്വീകരിക്കുമെങ്കിൽ,
ആവോളം നിന്നെ നെഞ്ചോടു ചേർത്ത് നിർത്താം, കണ്ണുനീരും ചിരിയും
ചേർത്ത് ആയിരം വട്ടം നിന്റെ നിറുകയിൽ ചുംബിക്കാം.. വെറുക്കരുതു
എന്ന് പറയാൻ ആവുന്നില്ല ഈ അച്ചന്....വെറും യാചന മാത്രം....
കുന്തി.....ക്ഷണിക ജീവിതത്തിന്റെ ലാഭ കണക്കുകൾ കൂട്ടി നീ ഒരു നാൾ
തളരും, നിന്റെ കൈവിരലുകൾക്കിടയിലൂടെ നീ ചോർത്തി കളഞ്ഞത് നിന്നെ
തന്നെ ആയിരുന്നു, പ്രതിബിംബം നഷ്ട്ട പെട്ടവൾ ആയി നീ മാറും,
കാലത്തിന്റെ കണക്കു പുസ്തകത്തിൽ നിന്റെ നേട്ടങ്ങൾ അവസാനം വെറും
പൂജ്യമായി
മാറാതിരിക്കട്ടെ, മാതൃത്വത്തിന്റെ മഹനീയതയിൽ നീ ചേർത്ത കറുത്ത
കളങ്കം യുഗങ്ങൾക്കപ്പുറവും അനശ്വരമായി ഓരോ അമ്മമാരെയും
കുത്തി നോവിച്ചു കൊണ്ടിരിക്കും അവരുടെ ശാപവാക്കുകളിൽ
"കുന്തി" എന്ന പേരിനും ഒരു പക്ഷെ നിനക്കും നിർദയയുടെ ഒരു പുതിയ
അർഥം കല്പ്പിച്ചു കിട്ടും......
ഇനി ഒരു യുഗത്തിന്റെ ഇരുണ്ട
വഴികളിലെങ്ങും നാം പരസ്പരം നിഴാലായി പോലും
കാണാതിരിക്കട്ടെ,.........
എങ്കിലും......
നിന്നെയും എന്റ്റെ പ്രണയവും ഞാൻ കാത്തു സൂക്ഷിക്കാം
കാലഹരണപെടാതെ......എന്റ്റെ ചൂടിൽ കരിയാതെ എന്റ്റെ ഈ
പൊള്ളുന്ന നെഞ്ചിൽ മറ്റൊരു നീറ്റലായി......
കർണ്ണനും കാലവും മാപ്പ് നൽകട്ടെ കഴിയും എങ്കിൽ നിനക്കും....ഈ
ശപിക്കപെട്ട എനിക്കും.........
സമർപ്പണം : ഞാൻ നടന്നു പോകുന്ന നഗര വഴിയോരങ്ങളിൽ ഉടുവസ്ത്രം
പോലും ഇല്ലാതെ വയറൊട്ടി, ആശാ കിരണങ്ങൾ നശിച്ച കണ്ണുകളുമായി
ആരോടും കൈ നീട്ടുന്ന, യാചിക്കുന്ന" നിരവധി സൂര്യ പുത്രന്മാർക്കു "
അവരെ തേടി ജന്മം മുഴുവൻ അലയുന്ന " സൂര്യ പിതാക്കൾക്കും "