Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ലൈംഗീക തൊഴില്‍ നിയമവിധേയമാക്കണമെന്ന ആവശ്യം ശക്തമാകുന്നു ഒപ്പം എതിര്‍പ്പും

ലൈംഗീക തൊഴിലാളികളുടെ ജീവിത നിലവാരവും ആരോഗ്യസ്ഥിതിയും  മെച്ചപ്പെടുത്തുന്നതിന്  മറ്റ് തൊഴിലുകളെപ്പോലെ  ലൈംഗീക തൊഴിലിനെയും നിയമവിധേയമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പുതിയ ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായി സ്ഥാനമേറ്റ ലളിത കുമാരമംഗലം വര്‍ഷങ്ങളായി ഉന്നയിക്കപ്പെടുന്ന ഈ ആവശ്യത്തോട് അനുഭാവപൂര്‍ണ്ണമായ നിലപാട് എടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ഈ വിഷയം വീണ്ടു സജീവമായിരിക്കുന്നത്. ലൈംഗീക തൊഴിലിനെ നിയമവിധേയമാക്കിയാല്‍ പെണ്‍കുട്ടികളെയും സ്ത്രീകളെയും അനാശാസ്യ പ്രവര്ത്തനങ്ങളിലേക്ക് വലിച്ചിഴക്കുന്ന പ്രവണത കുറയുമെന്നും, നിലവില്‍ വൃത്തിഹീനവും അനാരോഗ്യകരവുമായ സാഹചര്യങ്ങളില്‍ ഉപഭോക്താക്കളെ സ്വീകരിക്കാന്‍ ലൈംഗീക തൊഴിലാളികള്‍ നിര്‍ബന്ധിതമാകുന്നതിനാല്‍ എയ്ഡ്സ് പോലുള്ള ലൈംഗീക രോഗങ്ങള്‍ പകരുന്നത് തടയാന്‍ കഴിയുമെന്നുമാണ് കുമാരമംഗലത്തിന്‍റെ വിലയിരുത്തല്‍. ലൈംഗീക തൊഴിലാളികള്‍ സഹകരണാടിസ്ഥാനത്തില്‍ ശക്തമായി സംഘടിച്ചിട്ടുള്ള കല്‍ക്കത്തയിലെ ചുവന്ന തെരുവായ സോണാഗച്ചിയില്‍ പോലും ലൈംഗീക തൊഴിലാളികളുടെ കുട്ടികള്‍ സുരക്ഷിതരല്ല.ഉപഭോക്താക്കള്‍ ഉറകള്‍ ധരിക്കാന്‍ വിസമ്മതിക്കുന്നതിനാല്‍ ലൈംഗീക രോഗങ്ങള്‍ പകരുന്നു. ചട്ടങ്ങള്‍ ഉണ്ടാക്കി ലൈംഗീക തൊഴില്‍ നിയമവിധേയമാക്കിയാല്‍ ഈ സ്ഥിതി മാറും  കുമാരമംഗലം പറയുന്നു. ലൈംഗീക തൊഴിലാളികളുടെ തൊഴില്‍ സമയം നിജപ്പെടുത്തല്‍, പ്രതിഫലം നിശ്ചയിക്കല്‍,, ആരോഗ്യരക്ഷ, വിദ്യാഭ്യാസം, സാമ്പത്തിക ഭദ്രത എന്നിവ കണക്കിലെടുത്ത് വേണം ലൈംഗീകവൃത്തിക്ക് നിയമസാധുത നല്‍കേണ്ടതെന്നും ലളിത കുമാരമംഗലം പറയുന്നു. നിരവധി സംഘടനകള്‍ കുമാരമംഗലത്തിന്‍റെ നിലപാടുകള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ഇരുപത് വര്‍ഷമായി ലൈഗീക തൊഴില്‍ നിയമവിധേയമാക്കാന്‍ യത്നിക്കുന്ന 2,500,00അംഗങ്ങള്‍ ഉള്ള  തൊണ്ണൂറോളം ലൈംഗീക തൊഴിലാളി സംഘടനകളുടെ കോണ്‍ഫെഡറേഷന്‍ ആയ ഓള്‍ ഇന്ത്യ നെറ്റ് വര്‍ക്ക് ഓഫ് സെക്സ് വര്‍ക്കേര്‍സ് പ്രസിഡന്‍റ് ഭാരതിഡെ പറയുന്നത് വ്യവസായ മേഖലയിലെയും മറ്റും തൊഴിലാളികള്‍ക്ക് കിട്ടുന്ന തൊഴില്‍ സംരക്ഷണം ലൈംഗീക തൊഴിലാളികള്‍ക്കും അവകാശപ്പെട്ടതാണെന്നാണ്.ലൈംഗീക വൃത്തി നിയമവിധേയമാക്കിയാല്‍ ഈ മേഖലയിലെ കുറ്റകൃത്യങ്ങളും,സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളും ,അടിച്ചമര്‍ത്തലും ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് ഡെ അഭിപ്രായപ്പെടുന്നത്. ലൈംഗീക തൊഴിലിനോടു ഇന്ത്യന്‍ സമൂഹം കാണിക്കുന്ന കാപട്യം നീങ്ങണം, അന്തസ്സോടെ മറ്റേത് തൊഴിലിനെപ്പോലെയും ഇതിനെ അംഗീകരിക്കണം, ഈ തൊഴിലിനു ചാര്‍ത്തിയിരിക്കുന്ന ദുഷ്ക്കീര്‍ത്തി ഇല്ലാതാക്കണം മറ്റ് തൊഴിലാളികളെപ്പോലെ ലൈംഗീക തൊഴിലാളികള്‍ക്ക് നികുതി നല്‍കാനും കഴിയും ഓള്‍ഇന്ത്യ നെറ്റ് വര്‍ക്ക് ഓഫ് സെക്സ് വര്‍ക്കേര്‍സ് സെക്രട്ടറി കുസും പറയുന്നു. ലൈംഗീകവൃത്തിയെ ഒരു തൊഴിലായി കണ്ട്തൊഴില്‍ മന്ത്രാലയം ഇതിനെ വര്‍ക്ക് ഷെഡ്യൂളിന്‍ കീഴില്‍ കൊണ്ടുവരണമെന്നും ലൈംഗീക തൊഴിലാളികളുടെ മേല്‍ ഇമ്മോറല്‍ ട്രാഫിക് പ്രിവന്‍ഷന്‍ ആക്റ്റ് ചുമത്താന്‍ പാടില്ലെന്നുമാണ് സോണാഗച്ചിയിലെ സെക്സ് വര്‍ക്കേര്‍സ് ഫോറമായ ദര്‍ബാര്‍ മഹിള സമന്വയ കമ്മറ്റിയുടെ ഡോ: എസ് ജാന പറയുന്നത്. അതേസമയം ഇതിനു വിപരീതമായ അഭിപ്രായങ്ങളാണ് മറ്റ് ചില സംഘടനകള്‍ക്ക് ഉള്ളത്.ലൈംഗീക തൊഴിലിന് നിയമസാധുത നല്‍കിയാല്‍ പിമ്പുകളും വേശ്യാലയ നടത്തിപ്പുകാരും കൂടുതല്‍ പെണ്‍കുട്ടികളെ ഈ രംഗത്തേക്ക് കൊണ്ടുവരാന്‍ ശ്രമം തുടങ്ങുമെന്നാണ് ജോയിന്‍റ് വുമന്‍സ് പ്രോഗ്രാം തലവയായ ജ്യോസ്ന ചാറ്റര്‍ജി പറയുന്നത് .കഴിഞ്ഞ പത്തുവര്‍ഷമായി ലൈംഗീക തൊഴിലാളികളുടെ ഇടയില്‍ പഠനം നടത്തി നാലോളം റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച ഇവര്‍  പറയുന്നത് കടുത്ത ദാരിദ്ര്യമാണ് പലരേയും ഈ തൊഴിലിലേക്ക് തള്ളിവിടുന്നത് എന്നാണ്. ദല്‍ഹിയിലെ വേശ്യാത്തെരുവായ ജി ബി റോഡിലെ ഭൂരിഭാഗം സ്ത്രീകളും  ഈ തൊഴില്‍ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നും ജ്യോസ്ന ചാറ്റര്‍ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈംഗീക തൊഴില്‍ നിയവിധേയമാക്കിയ ജര്‍മ്മനി അടക്കമുള രാജ്യങ്ങളില്‍ ബലാല്‍സംഘങ്ങളും മറ്റ് കുറ്റകൃത്യങ്ങളും കുറഞ്ഞതായി ഇന്ത്യയില്‍ ലൈംഗീക തൊഴിലിനു നിയമ സാധുത വേണമെന്ന് വാദിക്കുന്നവര്‍ക്ക് തെളിയിക്കാന്‍ കഴിയുമോ എന്നാണു സന്നദ്ധ സംഘടനയായ അപന അപ് വേള്‍ഡ് വൈഡിന്‍റെ  തലവയായ രുചിര ഗുപ്ത പറയുന്നത്. ലൈംഗീക വൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളെ ചൂഷണം ചെയ്ത് വന്‍ ലാഭം കൊയ്യുന്ന അന്താരാഷ്ട്ര സെക്സ് നെറ്റ്വര്‍ക്ക് ലോബിയും, സെക്സ് ടൂറിസം ഓപ്പറേറ്റര്‍മാരും,വേശ്യാലയം നടത്തിപ്പുകാരും നടത്തുന്ന ഗൂഡാലോചനയുടെ ഫലമായാണ്‌ ഈ തൊഴിലിനെ നിയമവിധേയമാക്കാനുള്ള ശ്രമം നടക്കുന്നതെന്നാണ് എഴുത്തുകാരിയും സന്നദ്ധ പ്രവര്‍ത്തകയുമായ രമി ചബ്ര പറയുന്നത്. ബാച്ചപ്പന്‍ ബച്ചാവോ ആന്തോളന്‍ സ്ഥാപകനും  നോബല്‍ സമ്മാന ജേതാവുമായ കൈലാസ് സത്യാര്‍ത്തിയും ലൈംഗീക തൊഴില്‍ നിയവിധേയമാക്കുന്നതിനു എതിരാണ് .ഇത് ചൈല്‍ഡ് ട്രാഫിക്കിംഗ് വര്‍ദ്ധിപ്പിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. മനുഷ്യരെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന പിമ്പുകള്‍ക്കും വേശ്യാലയം നടത്തിപ്പുകാര്‍ക്കും സംരക്ഷണം നല്കുകയാകും ഈ നീക്കത്തിന്‍റെ ഫലമെന്നും ഇത് ചൈല്‍ഡ് വുമന്‍ ട്രാഫിക്കിംഗ് കൂട്ടുമെന്നുമാണ് സെന്‍റര്‍ ഫോര്‍ ദ സ്റ്റഡീസ് ഓഫ് ഡവലപ്പിംഗ് സൊസൈറ്റിയിലെ പ്രൊഫസ്സര്‍ മധു കിഷ് വാര്‍ അഭിപ്രായപ്പെടുന്നത്. ഓള്‍ ഇന്ത്യാ ഡമോക്രടിക് വുമന്‍സ്  അസോസിയേഷന്‍, ഓള്‍ഇന്ത്യ വുമന്‍സ് കോണ്‍ഫരന്‍സ്,ദ ഗില്‍ഡ് ഓഫ് സര്‍വീസ്,നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍, ഓള്‍ഇന്ത്യ ദളിത്‌ ഫോറം ഓഫ് വുമണ്‍ എന്നീ സംഘടനകള്‍ ലൈംഗീക തൊഴില്‍ നിയമ വിധേയമാക്കാനുള്ള നീക്കത്തിനെതിരെ ലളിത കുമാരമംഗലത്തിന് ഇതിനകം മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.
ഇന്ത്യയില്‍ ലൈംഗീക തൊഴില്‍ മേഖല ഏകദേശം 8.5 ബില്ല്യന്‍ ഡോളറിന്‍റെ വരവുള്ള ഒരു മേഖലയാണ് . മൂന്ന്‍ മില്ല്യന്‍ സ്ത്രീകള്‍ ഈ തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ 2000  ,3000 രൂപക്കും വാങ്ങി ദല്‍ഹിയിലെ ജി ബി റോഡിലെയും, കല്‍ക്കത്തയിലെ സോണാഗചിയിലേയും ,മുംബയിലെ കാമത്തിപുരയിലേയും ചുവന്ന തെരുവുകളില്‍ ഇന്നും വില്‍ക്കപ്പെടുന്നുണ്ട്.കൂടാതെ നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ കടത്തികൊണ്ടുവരുന്നുണ്ട്.
എച്ച് ഐ വി , എയിഡ്സ് രോഗം  തടയുന്നതില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടുള്ള ലളിത കുമാരമംഗലത്തിന്‍റെ വീക്ഷണം അതുകൊണ്ടുതന്നെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണ്. കുമാരമംഗലത്തിന്‍റെ നീക്കങ്ങള്‍ക്ക്‌ ബി ജെ പി സര്‍ക്കാര്‍ പിന്തുണ നല്‍കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. 

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications