Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

കാണാന്‍ കൊള്ളാവുന്ന പെണ്‍പിള്ളേര്‍ ആനുകാലികങ്ങളില്‍ എഴുതുമ്പോള്‍ കഴിവുള്ളവര്‍ക്കാശ്രയം ഫേസ് ബുക്ക് --ബാബുകുഴിമറ്റവുമായുള്ള അഭിമുഖം

ബാബുകുഴിമറ്റം എഴുത്തിന്‍റെ അസാമാന്യ ശക്തിയുള്ളൊരു പോരാളിയാണ്. മൂന്നുപതിറ്റാണ്ടുകള്‍ എഴുത്തിന്‍റെ രംഗത്ത് സജീവമായി നിന്നതിന്‍റെ ലാഭവും പലിശയുമാണ്‌നാലാംനൂറ്റാണ്ടിലുംഇപ്പോള്‍ കൊയ്തെടുക്കുന്നത്.ഭയങ്കരന്മാരായ ഗുരുക്കന്മാരുടെ അനുഗ്രഹങ്ങളുടെ തണലുണ്ട് ഇദ്ദേഹത്തിന് .പൊന്‍കുന്നം വര്‍ക്കി,  തകഴി,  കാക്കനാടന്‍, എംടി വാസുദേവന്‍ നായര്‍ തുടങ്ങിയ ഒരു ശ്രേഷ്ഠ പരമ്പരയാണിത്.
 മലയാളകഥാസാഹിത്യം അത്ഭുതകരമായ വികാസം പ്രാപിക്കുന്നത് അറുപതുകളിലാണ്; കാക്കനാടന്‍റെ നേതൃത്വത്തില്‍.  അതിനു തൊട്ടുമുന്‍പില്‍ പട്ടത്തുവിള   കരുണാകരന്‍ ഒരു ഒറ്റയാനായുണ്ട് .എങ്കിലും ആധുനികതയുടെ വിപ്ലവം ആരംഭിക്കുന്നത് കാക്കനാടനും, എം പി നാരായണപിള്ളയും,എം മുകുന്ദനും ,സക്കറിയയും,സേതുവും, പത്മരാജനും, പുനത്തിലും, സുകുമാരനും ഒക്കെ ചേര്‍ന്ന സംഘമാണ്. ഒ വി വിജയന്‍ തന്ത്രിയാണ്. കഥയില്‍ ആകാശമിടിച്ചിട്ട് ഇവര്‍ അമ്മാനമാടി. ഇനിയൊരുത്തനും എഴുതാനൊന്നും ഇവര്‍ ബാക്കിവെച്ചില്ല . അത്തരമൊരു കലാശക്കോട്ടയുടെ അറ്റത്താണ് ബാബുകുഴിമറ്റത്തിന്‍റെ തലമുറ താളമിട്ടത്. എന്‍ എസ് മാധവനും വി പി ശിവകുമാറുമായിരുന്നു ഈ ഏറ്റവും പുതിയ തലമുറയുടെ നേതാക്കള്‍.
കാക്കനാടന്‍ തലമുറയുടെ മൂന്നിരട്ടി കഥാകാരന്മാര്‍ഉണ്ടായിരുന്നു ആധുനികതയ്ക്കുശേഷം. അതില്‍തന്നെ മൂപ്പന്മാര്‍ ധാരാളവും.വൈശാഖന്‍, മുണ്ടൂര്‍കൃഷ്ണന്‍ കുട്ടി , ഇ ഹരികുമാര്‍ തുടങ്ങിയ കക്ഷികളാണ് മൂപ്പന്മാര്‍.അതിനു താഴെ വിട്ടുമാറില്ല ഞങ്ങളെന്ന രീതിയില്‍ പതറാതെ നിന്നവരാണ് ബാബുകുഴിമറ്റവും കൂട്ടുകാരും.
മാതൃഭൂമി ആഴ്ചപ്പതിപ്പുതന്നെയായിരുന്നു ഇവരുടെ തട്ടകം. 1975ആവുമ്പോഴേക്കും കലാകൌമുദി വാരികയും രംഗത്തുവന്നു. മലയാളനാട് സജീവമായുണ്ട് .കുലപതികളായ കാക്കനാടനും, എം പി നാരായണപിള്ളയും,സക്കറിയയും,മുകുന്ദനും, പുനത്തിലും സേതുവും വാണരുളിയ പ്രകമ്പനതയില്‍,ഞങ്ങള്‍ക്കുമുണ്ട് ചിലകാര്യങ്ങള്‍ പുതുമയോടെ പറയാന്‍ എന്ന നിലയിലാണ് ബാബുകുഴിമറ്റവും സഹകഥാകാരന്മാരും ധൈര്യപൂര്‍വ്വം നിന്നത്.
എന്‍ എസ് മാധവനും വി പി ശിവകുമാറിനും അവരവരുടെ തനതായ ശൈലീധാരകളുണ്ടായിരുന്നതുപോലെ ബാബുകുഴിമറ്റത്തിനും അദ്ദേഹത്തിന്‍റെ വ്യക്തിമുദ്രകളുണ്ടായിരുന്നു കഥകളില്‍.”ചത്തവന്‍റെ സുവിശേഷം “അതിനു തെളിവാണ്.കഥകളുടെ തലക്കെട്ടുകളില്‍ പോലും തീപാറിച്ചു.”യേശുക്രിസ്തു തിരുനക്കരയില്‍” എന്നൊക്കെ തലക്കെട്ടില്‍പോലും അത്ഭുതകരമായ ധിക്കാരം നടത്തി .
ഏറ്റവും ശ്രദ്ധേയമായകാര്യം “ചത്തവന്‍റെ സുവിശേഷം” എന്ന കഥാസമാഹാരം അന്ന് ഏറ്റവും പ്രമുഖരായ എഴുത്തുകാരുടെ മാത്രം കൃതികള്‍ പ്രസിദ്ധീകരിച്ചിരുന്ന സാഹിത്യപ്രവര്‍ത്തക സഹകരണസംഘമാണ് പ്രസിദ്ധീകരിച്ചതെന്നാണ്. എന്‍ എസ് മാധവന്‍റെ ആദ്യ കഥാസമാഹാരമായ  “ചൂളൈ മേട്ടിലെ ശവങ്ങള്‍”  ഡി സി തിരസ്ക്കരിച്ചത്,കുറേ കൂട്ടുകാര്‍കൂടി ഏറണാകുളത്തുനിന്ന് സ്വയം പ്രകാശിപ്പിക്കുകയായിരുന്നു. പിന്നീടാണ് കൊച്ചുബാവയും, അക്ബര്‍കക്കട്ടിലും ഒക്കെ തങ്ങളുടെ പുസ്തകങ്ങളുമായി സജീവമാവുന്നത്.
ബാബുകുഴിമറ്റം അത്യന്തം ഒരു തുറന്ന പുസ്തകമാണ്. ആര്‍ക്കും കേറി പാര്‍ക്കാവുന്ന സ്നേഹത്തിന്‍റെ വലിയൊരു ഗൃഹം. പ്രധാനികള്‍ക്കും അപ്രധാനികള്‍ക്കും അവിടെ മുറിയുണ്ട്. ഒരു വേര്‍തിരിവുകളുമില്ലാത്ത വീടാണ് അത് . എന്തെങ്കിലും എഴുതുന്നവര്‍ക്കൊക്കെ ഒരേ നീതിയും സ്നേഹവും കൊടുക്കുന്ന രീതിയാണ് അത്. തന്‍റെ സ്ഥാനം തന്നെ ഒരു കഥ മാത്രം എഴുതിയവനും നൂറു കഥ എഴുതിയവനും കൊടുക്കുന്നത്. എഴുതുന്നവരെയൊക്കെ എഴുത്തുകാരായി കാണാനൊരു ഹൃദയ വിശാലത .ആരെയും അമ്പരപ്പിക്കുന്ന സ്നേഹമാണത്.
തന്‍റെ എഴുത്തിന്‍റെ ലോകത്ത്,ചെറുകഥാസമാഹരങ്ങള്‍ക്കും  നോവലിനും പുറമേ “എഴുപതുകളുടെ പുസ്തകത്തില്‍ നിന്നും” എന്നൊരു ഓര്‍മ്മകളുടെ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.അത് എഴുപതുകളുടെ സ്നേഹങ്ങളുടെ കൂട്ടായ്മകളുടെ സ്മാരകമാണ് .സന്തത സഹചാരിയായ എഴുത്തിന്‍റെ താലപ്പൊലിയാണ് .കഷ്ടപ്പാടുകളുടെ തെരുവുകളും,യാചനയുടെ അന്തസ്സും അതില്‍ കണ്ണീരില്‍ മുങ്ങികിടക്കുമ്പോഴും,എഴുത്തിന്‍റെ മര്‍മ്മാണിയെന്ന നിലയിലുള്ള വലിയ ഗോപുരം തന്നെയാണത്. കൃതജ്ഞതയുടെ ഗാന്ധിമാര്‍ഗ്ഗമുണ്ടെങ്കിലും ക്ഷോഭത്തിന്‍റെ മാവോയും,മാര്‍ക്സും ചെഗുവരെയും അതില്‍ ഗര്‍ജ്ജിക്കുന്നു.എങ്ങനെ താന്‍ ജീവിതത്തില്‍ രൂപപ്പെട്ടുവെന്നതിന്‍റെ മഹാപുസ്തകമാണ് “എഴുപതുകളുടെ പുസ്തകത്തില്‍ നിന്നും”
രംഗബോധമുള്ള ഭാഷയുടെ കൃതാര്‍ത്ഥതയാണ് ഈ പുസ്തകം.ഓരോ വരിയിലും ആര്‍ജ്ജവത്തിന്‍റെ മഹാസാഹസികതകളാണ് തുറന്നുവരുന്നത്. കാല്‍പ്പനികതയുടെ പെണ്ണുങ്ങളില്ല. എന്നാല്‍ മൃദംഗവിദ്യയുടെ താളംപോലെ രാഗഭദ്രതകളും സുഭദ്രഗീതകളുമുണ്ട്.മയൂരരസികതയുണ്ട്.നിലവും വേദനയുമുണ്ട്.ഉജ്ജ്വലമായ നക്ഷത്രതേജസ്സുകളുണ്ട്.ബാബുകുഴിമറ്റത്തിന്‍റെ ഹൃദയ വിപഞ്ചികയാണ് ഈ പുസ്തകമെന്നു തോന്നും.ഒരു ധാരാളിത്തവും കുട്ടിത്തവും കാട്ടാതെ രചനയെ ഭഗവതിയാക്കുകയാണ് ഈ പുസ്തകരചനയിലൂടെ കുഴിമറ്റം.
 

എഴുത്തിന്‍റെ നാല്‍പ്പതാം വര്‍ഷംപിന്നിടുന്ന കഥാകൃത്തിനെ മറുനാട്ടിലെ മലയാളികള്‍ സ്നേഹപൂര്‍വ്വം ഓര്‍ക്കുന്നു. സൂറത്തില്‍ നിന്ന് മുംബയിലെത്തിയപ്പോള്‍ മുംബയ്മലയാളി ഡോട്ട്‌കോമിനോട് സംസാരിച്ചതിന്‍റെ പ്രസക്തഭാഗങ്ങളാണ്  നിങ്ങള്‍ വായിക്കാന്‍ പോകുന്നത് .

 

 മലയാള സാഹിത്യത്തിന്‍റെ അവസ്ഥാന്തരങ്ങളെ എങ്ങനെ നോക്കി കാണുന്നു?

 

പുരോഗമന കാലഘട്ടത്തിലെ എഴുത്തുകാര്‍ക്ക് സാമൂഹ്യ പ്രതി ബദ്ധതയുണ്ടായിരുന്നു. കേശവദേവ്‌,വര്‍ക്കി, തകഴി തുടങ്ങിയ എഴുത്തുകാര്‍ സമൂഹത്തെ നോക്കി ശക്തമായി പ്രതികരിച്ചവരായിരുന്നു. അവര്‍ ദാന്തഗോപുരത്തിലായിരുന്നില്ല മണ്ണിനും മനുഷ്യനും വേണ്ടി ആത്മാര്‍ഥമായി അവര്‍ നിലകൊണ്ടു.ഇവരുടെ എഴുത്ത് ഒരുതരത്തില്‍ സമാന്തര രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയായിരുന്നു. സാഹിത്യത്തിലും രാഷ്ട്രീയത്തിലും ഒരുപാട് രക്തസാക്ഷികള്‍ ഉണ്ടായ കാലഘട്ടമായിരുന്നു ഇവരുടേത്.ഈ കാലഘട്ടത്തിലെ എഴുത്തുകാര്‍ക്ക് ജീവിതത്തില്‍ ഏറെനഷ്ടങ്ങള്‍  സഹിക്കേണ്ടിയും വന്നു.

ഇവര്‍ക്ക് ശേഷം വന്ന എഴുത്തുകാര്‍ക്ക്സമൂഹ്യ പ്രതിബദ്ധത ഉണ്ടായിരുന്നില്ലെന്നാണോ?

അങ്ങനയല്ല. എം ടി അത് വിശദമായി പറഞ്ഞിട്ടുണ്ട്. “മുമ്പ് കഥകളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന മനുഷ്യരുടെ വയറാണ്,പലപ്പോഴും സംസാരിച്ചിരുന്നത്.ഇപ്പോള്‍ ഹൃദയമാണ് കൂടുതല്‍ സംസാരിക്കുന്നത്.....” എന്ന്.തുടര്‍ന്ന്‍ എം ടി പറയുന്നു, “കഥ പ്രചാരണത്തിന് ആയുധമാക്കാം...വ്യക്തിപരമായി എന്നെക്കൊണ്ട് അതാവില്ല”. എന്നും. സാമൂഹ്യ പ്രതിബദ്ധതക്ക്‌ വേണ്ടി എഴുതിയ തലമുറയായിരുന്നു തകഴിയുടെയും, ദേവിന്‍റെയും. വ്യക്തിയെ, അവന്‍റെ ഉള്ളിലേക്ക് നോക്കാനായിരുന്നു എം ടി യും, ടി പത്മനാഭനും,എന്‍ മോഹനനുമൊക്കെ തുനിഞ്ഞത്.അവിടെ കഥ സാമൂഹ്യപ്രതിബദ്ധത വിട്ട് ആത്മഗാഥയാവുന്നു.ഓരോ കാലഘട്ടത്തിനും ഓരോ ശബ്ദങ്ങള്‍ ഉണ്ടാകും

നിലപാടുകളുടെ പുരോഗമനാത്മകത ചരിത്രത്തെ എങ്ങനെ സ്വാധീനിച്ചു?

ഗാന്ധിയന്‍ സമര പോരാട്ടമായിരുന്നു യഥാര്‍ത്ഥ പുരോഗമന പോരാട്ടംസാമൂഹ്യ പ്രതിബദ്ധത മുന്‍ നിര്‍ത്തിയുള്ള  ഗാന്ധിയന്‍  സമരമുറയെയാണ് പുരോഗമന പോരാട്ടം എന്ന് വിളിക്കേണ്ടത്.സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ ഭൂര്‍ഷ്വാസികള്‍ ജനാധിപത്യം തുറന്നിട്ട വാതിലിലൂടെ നുഴഞ്ഞു കയറിയപ്പോള്‍ ദേവും വര്‍ക്കിയും,തകഴിയും താല്‍കാലികമായിപുറത്താക്കപ്പെട്ടുവെങ്കിലുംമാര്‍ക്സിസത്തിന്‍റെ പിന്‍ബലത്തില്‍ പിന്നീട് ഇവര്‍ ശക്തിയാര്‍ജ്ജിച്ചു പക്ഷെ ശാസ്ത്രീയമായി മാര്‍ക്സിസം പഠിക്കാന്‍ കഴിയാഞ്ഞത് ഇവര്‍ക്ക് പാളിച്ചയായി. ചുരുക്കത്തില്‍ പഠിച്ചിട്ടല്ല അനുഭവം കൊണ്ടാണ് ഇവര്‍ കമ്മ്യൂണിസ്റ്റുകളായത്. തോപ്പില്‍ ഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്നത് വേണമെങ്കില്‍ ഉദാഹരണമായി പറയാം.ഗാന്ധിയെ മറന്നുകൊണ്ട് ഒരു മാര്‍ക്സും  ഇന്ത്യന്‍ മണ്ണില്‍ ക്ലച്ച് പിടിക്കില്ല എന്നത് വസ്തുതയായിരിക്കെ അടിസ്ഥാനമായി മാര്‍ക്സിസം പഠിക്കാത്ത ഇവര്‍എന്തിനോടും അന്ധമായ എതിര്‍പ്പ് പ്രകടിപ്പിക്കുമായിരുന്നു, ഒരുതരം ചാവേര്‍ മനോഭാവം.കേശവദേവ്‌ എതിര്‍പ്പിന്‍റെ ആള്‍ രൂപമായിരുന്നു. കമ്യൂണിസത്തെ കൊണ്ടുനടന്ന ഇവര്‍ക്ക് ഒരുപാട് നഷ്ടപ്പെടാനുണ്ടായിരുന്നു.

പിന്നീട്ഒരേ തൂവല്‍ പക്ഷികളായി  ഒ എന്‍ വി,തിരുനെല്ലൂര്‍ എന്നിവര്‍ വന്നപ്പോള്‍ മറുപക്ഷത്ത് സുഗതകുമാരിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിലയുറപ്പിച്ചു. ഇവര്‍ക്ക്ഒന്നും നഷ്ടമായില്ല,നഷ്ടപ്പെടാനുള്ള മനസ്സും ഉണ്ടായിരുന്നില്ല. നാലക്ക ശമ്പളം കൊണ്ട് കമ്യൂണിസം പറയുകയും, ഗാന്ധിയന്‍ നിലപാടിനെ കെട്ടിപ്പുണരുകയുമാണ് ഇവര്‍ ചെയ്തത്. അതുകൊണ്ട് ഗാന്ധിയും കമ്യൂണിസവും ഇവിടെ പരാജയപ്പെട്ടു. ഇതിന്‍റെ ഫലമായി പിന്നീട് വന്ന തലമുറക്ക് തീവ്രമായ നിലപാട് എടുക്കേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് നിരാശരായവര്‍ക്ക് സഹായകമായി അസ്തിത്വ വാദവും ,ഹിപ്പിയിസവുംമറുവശത്ത് തീവ്രവാദം പറഞ്ഞ് നക്സലിസവുംവന്നത്.കാക്കനാടന്‍ മുതല്‍ എം മുകുന്ദന്‍വരെയുള്ളവര്‍ അസ്തിത്വ ദുഖവുമായി ആധുനിക അത്യന്താധുനികത സാഹിത്യത്തിന്‍റെ വക്താക്കളായപ്പോള്‍ സച്ചിദാനന്ദന്‍ മുതല്‍ സിവിക് വരെയുള്ളവര്‍ നക്സലിസത്തെ പുണരുകയായിരുന്നു

താങ്കള്‍ എഴുതി തുടങ്ങുന്ന കാലഘട്ടംഎങ്ങനെയായിരുന്നു?

എഴുപതുകളിലാണ് ഞാന്‍ ബാലചന്ദ്രന്‍ ചൂളിക്കാട് തുടങ്ങിയവര്‍എഴുത്തിന്‍റെ മേഖലയിലേക്ക് കടന്നുവരുന്നത്. തുടക്കത്തില്‍ പഴയ തലമുറയുടെ ഹാങ്ങ്‌ ഓവറിലായിരുന്നു ഞങ്ങളെങ്കിലും  പെട്ടന്ന് തന്നെ അതില്‍ നിന്ന് മോചനം നേടി.യാഥാര്‍ത്യ ബോധാത്തോടെ രണ്ടു ചേരിയും സമീപിക്കാഞങ്ങളുടെ നിലപാട്. യേശു മുതല്‍ വിവേകാനന്ദന്‍ വരെ പറഞ്ഞ വയറിന്‍റെ വിശപ്പും,മനസിന്‍റെവിശപ്പും തുല്യമാണെന്ന കാര്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു. പഴയ തലമുറയെ അന്ധമായി പിന്തുടര്‍ന്ന്‍ ആന്‍റി അക്കാദമിക്,ആന്‍റി എസ്റ്റാബ്ലിഷ്മെന്‍റ് നിലപാട് പുലര്‍ത്തിയ ഞങ്ങളില്‍ പലരും വഴിയാധാരമായി. സച്ചിദാനന്ദന്‍ പിന്നീട് അതിന്‍റെ ഭാഗമായി എന്നത് വേറെ കാര്യംന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. മനുഷ്യന് അപ്പവും വേണം എഴുപതുകളിലാണ് ഞാന്‍, ബാലചന്ദ്രന്‍ ചൂളിക്കാട് വചനവും വേണം എന്നതായിരുന്നു.വഴിയാധാരമായവര്‍ പിന്നീട് സ്വന്തം പാത വെട്ടിത്തെളിച്ച് മുന്നേറുകയായിരുന്നു

താങ്കളുടെ രചനകളെപ്പറ്റി പറയാമോ?

പട്ടി പെറുന്നത് പോലെ എഴുതാന്‍ എനിക്ക് കഴിയില്ല. രണ്ടോ മൂന്നോ വര്‍ഷം കഴിയുമ്പോഴാണ് ഒരു കഥ പുറത്തുവരുന്നത് .ആദ്യ കഥാ സമാഹാരമായ ചത്തവന്‍റെ സുവിശേഷം മലയാളത്തിലെ ആദ്യത്തെ ഉത്തരാധുനിക കഥയാണെന്നാണ് നിരൂപകര്‍ വിലയിരുത്തിയത്.എന്‍റെ ഓരോ കഥയും ഒരു സുവിശേഷമാണെന്നു ഞാന്‍ പറയും.

ഇന്ന് മലയാള സാഹിത്യം നേരിടുന്ന അപചയങ്ങള്‍ എന്തൊക്കെയാണ്?

ബാഹ്യമായി നോക്കിക്കാണുന്ന അവസ്ഥയാണ് ഇന്നുള്ളത്....ആളെ നോക്കാതെ കൃതികളെ നമ്പാന്‍ ഇന്നിവിടെ ആരുമില്ല. നിരൂപണ സാഹിത്യം തന്നെ അപ്പന്‍റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നു.പുതിയ തലമുറ സജ്ജമാവുന്നുമില്ല. സാഹിത്യപ്രവര്‍ത്തകരുടെ ഒത്ത്തുകളികളാണ് ഇന്ന് നടക്കുന്നത് പ്രൌഢഗംഭീരന്മാരായ പത്രാധിപന്മാരുടെ അഭാവവും രംഗം വഷളാക്കിയിരിക്കുന്നു.

ഗ്രൂപ്പ് കളിയെന്നാണോ പറഞ്ഞുവരുന്നത്?

സാഹിത്യത്തില്‍ എല്ലാ കാലത്തും ഗ്രൂപ്പ് ഉണ്ടായിരുന്നു. പണ്ട് കാലത്ത് ഗ്രൂപ്പ് നിലനിന്നിരുന്നത് ആശയത്തിന്‍റെ പേരിലായിരുന്നു.എന്നാല്‍പിന്നീട് വന്നവര്‍ യാതൊരു തത്വാധിഷ്ടിതനിലപാടും ഇല്ലാതെ പരസ്പരം പുറം ചൊറിയുന്നവരായി മാറുകയായിരുന്നു.നിരൂപകരായി വന്നവര്‍ വെറും കൂട്ടിക്കൊടുപ്പുകാരുടെ പണിചെയ്യുന്നവരായി മാറി.ഇതിന്‍റെ ഫലമായി വായനക്കാര്‍ക്ക് എഴുത്തുകാരോടുള്ള വിശ്വാസം നഷ്ടമായി. ഈ വിശ്വാസ രാഹിത്യത്തില്‍ നിരാശരായവര്‍ വ്യര്‍ത്ഥ ബോധം കൊണ്ട് എഴുത്ത് നിര്‍ത്തി. ബാലചന്ദ്രന്‍ ചൂളിക്കാട്,എം ജി രാധാകൃഷ്ണന്‍, മുതല്‍ മാനസിവരെയുള്ളവര്‍ ഇങ്ങനെ എഴുത്ത് നിര്‍ത്തിയവരാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കവിതയിലെ മൂന്ന് താരോദയങ്ങള്‍എന്ന് അയ്യപ്പ പണിക്കര്‍ വിശേഷിപ്പിച്ചവരാണ് ബാലചന്ദ്രന്‍ ചൂളിക്കാട്,യു ജയചന്ദ്രന്‍, ശരത് ചന്ദ്രന്‍ തിരുമല എന്നിവര്‍. ഇവരില്‍ ബാലചന്ദ്രന്‍ സിനിമ സീരിയല്‍ മേഖലയിലേക്ക് ചുവടുമാറിയെങ്കിലും ബാക്കിയുള്ള രണ്ടുപേര്‍ എഴുത്തിനോട് തന്നെ വിടപറയുകയായിരുന്നു.

 ഇന്ന് ആനുകാലികങ്ങളില്‍ പതിവ് മുഖങ്ങളെ മാത്രമാണല്ലോ കാണുന്നത്?

 

ഇന്ന് ആനുകാലികങ്ങളില്‍ അധികവും കാണുന്നത് കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളുടെ രചനകളാണ്.ആണ്‍ കുട്ടികള്‍ എഴുതുന്നില്ലെന്നാണ് ഞാന്‍ വിചാരിച്ചത് ഫേസ്ബുക്കില്‍ ചേര്‍ന്നപ്പോഴല്ലേ കണ്ടത് നല്ല കഴിവുള്ള ഉശിരുള്ളആണ്‍പിള്ളേര്‍ ഇവിടെയുണ്ടെന്ന്.കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികള്‍ക്ക് പത്രാധിപന്‍മാര്‍ അവസരം കൊടുക്കുന്നു. അനാശാസ്യമായ ബന്ധങ്ങള്‍ മാധ്യമങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ആണ്‍കുട്ടികളുടേയും കാണാന്‍ കൊള്ളാത്ത പെണ്‍കുട്ടികളുടെയുംനല്ല നല്ല രചനകള്‍ ഇന്ന് കാണുന്നത് ഫേസ്ബുക്കിലാണ്.ഇന്നത്തെ പത്രാധിപന്മാര്‍ക്ക് സ്ഥാപിത താല്‍പ്പര്യങ്ങള്‍ ഉണ്ട്. മാധ്യമ സ്ഥാപനങ്ങള്‍ ജനങ്ങളില്‍ നിന്ന് അകന്നുപോയിരിക്കുകയാണ് അതുകൊണ്ടാണ് ഒരു കാലത്ത് കത്തി നിന്നിരുന്ന പ്രസിദ്ധീകരണങ്ങള്‍ പാപ്പര്‍സ്യൂട്ട് ഫയല്‍ ചെയ്തിരിക്കുന്നത്. അക്ഷരത്തെ ഭയന്നിരുന്ന മുതലാളിത്തം അവന്‍റെ ശക്തി ഉപയോഗിച്ച് കഴിവുള്ള എഴുത്തുകാരെ നിഷ്പ്രഭമാക്കി കൂലി എഴുത്തുകാരെ വളര്‍ത്തുന്നു. ചാപിള്ളകളെ ഊതി വീര്‍പ്പിക്കുകയാണ് അവര്‍ ചെയ്യുന്നത് അതിനു ഏറ്റവും മികച്ച ഉദാഹരണമാണ് അരുന്ധതി റോയ്. അവര്‍ക്ക് അവാര്‍ഡ് കൊടുത്ത് ഗാന്ധിജിയെ തള്ളിപ്പറയിപ്പിക്കുകയാണ് ചെയ്യുന്നത്.

കേരള സാഹിത്യ അക്കാദമി?

അനാവശ്യമായ ഒന്നാണെന്നാണ് എന്‍റെ അഭിപ്രായം. അതിനെ അതിന്‍റെ വഴിക്ക് വിടുന്നതാണ് നല്ലത്. ഒരിക്കലും നല്ല എഴുത്തുകാരെ സാഹിത്യ അക്കാദമി യഥാസമയം അംഗീകരിച്ചിട്ടില്ല. നാളിതുവരെ എനിക്ക് അവാര്‍ഡ് കിട്ടാത്തതുകൊണ്ട് മലയാളത്തിലെ ഏറ്റവും നല്ല എഴുത്തുകാരന്‍ ഞാനാണെന്ന് വി കെ എന്‍ പറഞ്ഞത് അതുകൊണ്ടാണ്. കാക്കനാടനും, ഒ വി വിജയനും പൊന്‍കുന്നത്തിനും ജീവിതത്തിന്‍റെ അവസാന നാളുകളിലാണ്‌ അക്കാദമി അവാര്‍ഡ് നല്‍കിയത്. അതും പുതിയ തലമുറ ചോദ്യം ചെയ്യും എന്ന് ഭയന്നിട്ടാണ്.ഭരണകൂടത്തിന്‍റെ കൃപ ഇരന്നു വാങ്ങി വേണം അക്കാദമിയുടെ തലപ്പത്ത് ഇരിക്കാന്‍ നട്ടെല്ലുള്ളവര്‍ അതിനു പോകില്ല അതുകൊണ്ടാണ് അല്‍പ്പ പ്രതിഭകള്‍ അതിന്‍റെ തലപ്പത്ത് വരുന്നത്.

ബുക്ക്‌ മാര്‍ക്ക്?

 

ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ഒന്നായിരുന്നു ബുക്ക് മാര്‍ക്ക് .എട്ടുവര്‍ഷത്തെ ആത്മാര്‍ഥമായ ശ്രമം കൊണ്ട് കേരളത്തിലെ അറിയപ്പെടുന്ന പ്രസ്ഥാനമായി ബുക്ക് മാര്‍ക്കിനെ മാറ്റാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ട്. ഇന്ന് ഡി സി കഴിഞ്ഞാല്‍ പുസ്തക പ്രസാധകരംഗത്ത് രണ്ടാം സ്ഥാനമാണ് ബുക്ക്‌ മാര്‍ക്കിന്. ചിലതാല്‍പ്പര കക്ഷികള്‍ ഇതിന്‍റെ പേരില്‍ ഭീകരമായ ആരോപണം തനിക്കെതിരെ ഉന്നയിക്കുന്നുണ്ടെങ്കിലും ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന എഴുത്തുകാര്‍ക്ക് അഭയം നല്‍കാന്‍ ബുക്ക്‌ മാര്‍ക്കിന് കഴിയുന്നുവെന്നതില്‍ അതിയായ സന്തോഷം ഉണ്ട്.

 

ഇ വായന, ഇ ലോകം അതിനെ എങ്ങനെ നോക്കികാണുന്നു?

 

വാ മൊഴിയില്‍ തുടങ്ങി വരമൊഴിയിലൂടെ കടലാസ്സില്‍ എത്തുകയും അച്ചടിയുടെ വികാസം പൂര്‍ണ്ണതയില്‍ എത്തുകയും ചെയ്തപ്പോഴാണ് ഇ ലോകത്തിന്‍റെ വരവ്. അച്ചടിക്ക് വേണ്ടി ടണ്‍ കണക്കിന് സസ്യങ്ങളെയാണ് നാം നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. സത്യത്തില്‍പ്രകൃതിയുടെ നിലവിളി കേട്ട് ദൈവം കനിഞ്ഞു നല്‍കിയതാണ് ഇ ലോകംഎന്നു വേണം പറയാന്‍.

അച്ചടി പൂര്‍ണ്ണമായും നിലക്കുമെന്നാണോ?

അച്ചടി പൂര്‍ണ്ണമായും നിലച്ചുപോകും. അച്ചടിയന്ത്രങ്ങള്‍ മ്യൂസിയത്തിലെ കാഴ്ച വസ്തുവാകും. അച്ചടി നിലച്ചാല്‍ എഴുത്തും വായനയും നിലക്കില്ല .എവിടെയായാലും എഴുത്തും വായനയും നടന്നാല്‍ മതി. ചുരുക്കിപ്പറഞ്ഞാല്‍ വായന ഏറ്റവും വികസിക്കേണ്ടത് ഇ ലോകത്താണ്. ആവിഷ്ക്കാര സ്വാതന്ത്ര്യം പരമാവധി ഉപയോഗിക്കാന്‍ പറ്റുന്ന കാലഘട്ടമാണിത്. അവഗണിക്കപ്പെട്ട, അടിച്ചമര്‍ത്തപ്പെട്ട, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടഎഴുത്തുകാരന്‍റെ വിലാപം കേട്ട് ദൈവം നല്‍കിയ വരമാണ് സോഷ്യല്‍ മീഡിയ. എഴുത്തുകാര്‍ക്ക്ശക്തമായി പ്രതികരിക്കാന്‍ തുറന്നു കിട്ടിയ വാതായനമാണ് ഇത്.എം രാജീവ് കുമാറിനെയും ,എം ജി രാധാകൃഷ്ണനേയും പോലുള്ള എഴുത്തുകാര്‍ ഇതിന്‍റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്.സോഷ്യല്‍ മീഡിയക്കും രണ്ട് വശമുണ്ട്. നിഭാഗ്യവശാല്‍മോശംകാര്യങ്ങള്‍ക്കായി ഇത് വ്യാപകമായി ഉപയോഗിക്കുന്നു. സാക്ഷര കേരളത്തിന്‍റെ പിതാവായ പി എന്‍ പണിക്കരെപ്പോലുള്ള ഒരു ഗുരുനാഥന്‍റെ വിടവ് ഇവിടെയാണ് നാം അറിയുന്നത്.  ഇ ലോകവും ഒരുകാലത്ത് മാറ്റി മറിക്കപ്പേട്ടേക്കാം. ലോക മുതലാളിത്തം ഡെമോക്ലസ്സിന്‍റെ വാളുപോലെ മുകളില്‍ തൂങ്ങിക്കിടക്കുന്നുണ്ട്. ഇ ലോകം തന്ന സ്വാതന്ത്ര്യത്തില്‍ അഹങ്കരിച്ചാല്‍ ബാബേല്‍ ഗോപുരം തകര്‍ക്കപ്പെട്ടതുപോലെ അത് തകര്‍ക്കപ്പെടും.”അവള്‍ മഹതിയാം ബാബിലോണ്‍” എന്ന കഥയില്‍ ഞാന്‍ പറഞ്ഞതും അതാണ്‌.

താങ്കളെപ്പറ്റി പല വിമര്‍ശനങ്ങളുമുണ്ട്.അതിനെ സഹിക്കുകയും ക്ഷമിക്കുകയുമാണോ ?

 

എന്‍റെ പുസ്തകങ്ങള്‍ വേണ്ടപോലെ വായിക്കാതെയാണ് പല വിമര്‍ശനങ്ങളും ഉന്നയിക്കുന്നത്.എന്‍റെ എഴുത്തിന്‍റെ ലോകത്തെ ക്രിയാത്മകമായി പരിരക്ഷിച്ചു നിര്‍ത്തുന്ന ധൈര്യം എനിക്കു വേണ്ടപോലെയുണ്ട്.ബാബുകുഴിമറ്റം എന്ന പേരിനുവേണ്ടിയല്ല ഞാന്‍ എഴുതുന്നത് എഴുതുന്നത്. എന്‍റെ സര്‍ഗ്ഗാത്മകതയും, സൌന്ദര്യബോധവും, ഉള്‍ക്കാഴ്ചകളും രൂപപെടുത്തി എഴുതാന്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ഞാന്‍ എഴുതാറുള്ളൂ.ഞാന്‍ എഴുതിയത് നിലനില്‍ക്കുകയും, വായിക്കപ്പെടുകയും ചെയ്യുന്നതുകൊണ്ടാണ് എന്‍റെ പേര് നിലനിക്കുന്നത്.ഒരു തമസ്ക്കരണത്തിലും കത്തിപ്പോകുന്നതല്ല എന്‍റെ എഴുത്തിന്‍റെ ലോകം.പേരിനും പെരുമയ്ക്കും വേണ്ടി എഴുതിയവനല്ല, ഒരിക്കലും ഞാന്‍.എഴുതിവിട്ട വരികള്‍ നിലനില്‍ക്കുന്നവയായതുകൊണ്ടാണ് ഞാനിന്നും ഓര്‍ക്കപ്പെടുന്നത്. വായനക്കാരില്‍നിന്നും എന്നെ നിഷ്ക്കാസിതനക്കാന്‍ ഒരു ശക്തിക്കും കഴിയില്ല.എന്‍റെ ധൈര്യം ആയിരുന്നു എന്‍റെ എഴുത്ത്

 

മുംബയിലെ എഴുത്തുകാരെപ്പറ്റി എന്താണ് പറയാനുള്ളത് ?

നല്ലതും ചീത്തയുമുണ്ട്. വളരാന്‍ സാധ്യതയുള്ള ചിലരുടെ സൃഷ്ടികള്‍ കാണുകയുണ്ടായി. ആര്‍ കെ മാരൂര്‍ അതിലൊരാളെണെന്നു തോന്നി.എന്നെ അമ്പരപ്പിച്ച ഒന്ന് രണ്ട് കഥകള്‍ മരൂരിന്‍റെത് ഞാന്‍ വായിക്കുകയുണ്ടായി. പലരും അവരവരത്തന്നെ പുകഴ്ത്തി നടക്കുന്നവരാണ്. സീനിയേഴ്സിനെ ബഹുമാനിക്കാത്തവരാണ് ഭൂരിപക്ഷവും.അതവര്‍ക്ക് ശാപമേ നല്‍കുകയുള്ളൂ.അവനവന്‍റെ ഏകാന്തത സംരക്ഷിക്കാത്തവരാണ് പല എഴുത്തുകാരും. എം പി നാരായണപിള്ള എന്ന മഹാ കഥാകൃത്ത് അവസാനംവരെ ജീവിച്ചിരുന്നത് ഇവിടെയാണ്. അദ്ദേഹത്തിന്‍റെ കഥകള്‍ ഇവിടെ എഴുത്തുകാരായി ചമഞ്ഞു നടക്കുന്നവരില്‍ പലരും വായിച്ചിട്ടില്ല എന്നത് എന്നെ ഞെട്ടിച്ചുകളഞ്ഞു.

നല്ല ശിക്ഷണമില്ലാത്തവരാണ് മുംബയിലെ പുതുരംഗത്ത് നില്‍ക്കുന്നവര്‍. ആ തെറ്റ് തിരുത്തിയാല്‍ നന്നായേക്കാം; അവരെല്ലാം. സ്വയം പ്രമോഷന്‍ അവര്‍ നിര്‍ത്തണം. നല്ല രചനകളെ നിലനില്‍ക്കുകയുള്ളൂ. എഴുത്തില്‍ പരമാവധി ശ്രദ്ധിക്കുക.

ഒരു പുസ്തകം അച്ചടിച്ചാല്‍ എഴുത്തുകാരനായി എന്നു ധരിക്കുന്ന ധാരാളം പേരെ എനിക്കു കാണാനും ഇടപെടാനും കഴിഞ്ഞു.ഉള്ളില്‍ ചിരിച്ചുകൊണ്ട് അവരുടെ പാപ്പരത്തത്തെ കൊലവിളിക്കാനാണ് തോന്നിയത്. സാരമില്ല .എഴുത്തിലെ പെര്‍ഫെക്ഷന്‍ ശ്രദ്ധിക്കണം.ഒരുപാട് വര്‍ക്ക് ചെയ്യണം ഒരു കൃതിയില്‍. ക്ഷമയും സഹനവും ഇതിനു വേണം. നല്ല ചില കഥാകൃത്തുക്കളെങ്കിലും ഇവിടെനിന്നു ഉണ്ടാകാം എന്നു തോന്നി

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications