Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

യന്ത്രങ്ങള്‍ പാടത്തിറങ്ങുമ്പോള്‍

ഇ വി ജയകൃഷ്ണന്‍

മേടപ്പുലരി പിറന്നാല്‍ അവര്‍ കൂട്ടത്തോടെ പാടത്തേക്കിറങ്ങുകയായി. മുണ്ടും ഷര്‍ട്ടുമിട്ട സ്ത്രീകളാകും കൂടുതല്‍. ചാറ്റല്‍മഴയ്ക്കും വെയിലിനും തടയിടാന്‍ എല്ലാവരും തുണികൊണ്ട് തല മറച്ചുകെട്ടിയിട്ടുണ്ടാകും. കട്ട പൊളിക്കുന്നതില്‍ തുടങ്ങി കതിരുകൊയ്യുന്നതുവരെയുള്ള നാളുകള്‍. ഇടപ്പാതിയും കര്‍ക്കിടകമഴയും കഴിഞ്ഞ് ചിങ്ങം വന്നുചേരുന്നതുവരെയുള്ള ഒന്നാം വിളക്കാലം. നാട്ടിപ്പാട്ടുകള്‍ മുഴങ്ങുന്ന വയലേലകള്‍. കഥയും കടങ്കഥയും പറഞ്ഞ് കളപറിച്ചും കതിരുകൊയ്തും ഉത്സാഹഭരിതരാകുന്നവര്‍.
സ്ത്രീത്തൊഴിലാളികളുടെ നാട്ടിപ്പാട്ടിന് താളം കൊടുക്കുന്നതുപോലെ കാളകളെക്കൊണ്ട് നിലം ഉഴുവുന്ന പുരുഷന്മാര്‍. നമ്മുടെ നെല്‍പ്പാടങ്ങളില്‍ ഒന്നര പതിറ്റാണ്ടു മുന്‍പവരെ ഇത്തരം കാഴ്ച്ചകളുണ്ടായിരുന്നു. ഇപ്പോഴത്തെ തലമുറയ്ക്ക് ഇതെല്ലാം കേള്‍ക്കുമ്പോള്‍ അതിശയമായിരിക്കും. കാരണം നാട്ടിന്‍പുറങ്ങളിലെ അവശേഷിക്കുന്ന വയലുകളില്‍ അവര്‍ കാണുന്നത് യന്ത്രങ്ങളാണ്. നാട്ടിപ്പാട്ടുകള്‍ ഉയര്‍ന്ന വയലേലകളില്‍ ഇന്ന് അലയടിക്കുന്നത് യന്ത്രങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദം.
നീളമുള്ള മരമുട്ടികൊണ്ട് പൊട്ടിച്ചിരുന്ന പാടത്തെ കട്ടകള്‍ക്ക് മുകളിലേക്ക് ടില്ലറും ട്രാക്ടറുമെത്തി. പിന്നീടങ്ങോട്ട് മനുഷ്യന്‍ ചെയ്യുന്ന ഓരോ ജോലിയും യന്ത്രങ്ങള്‍ ഏറ്റെടുത്തു തുടങ്ങി.
വയലുകളെ പച്ചപ്പണിയിക്കുന്ന യന്ത്രങ്ങളെ സ്വാഗതം ചെയ്യാതിരിക്കാനാകില്ലെന്ന തിരിച്ചറിവ് കമ്പ്യൂട്ടറിന്റെ കാര്യത്തിലെന്നപോലെ പാടത്തെ പ്രതിഷേധക്കാരിലും ഉണ്ടായി. അതുകൊണ്ടുതന്നെ ട്രാക്ടറുകള്‍ വന്നപ്പോള്‍ അതിനെതിരെ കൊടിപിടിച്ചവര്‍പോലും ഇപ്പോള്‍ യന്ത്രങ്ങളെത്തിക്കാന്‍ മത്സരിക്കുന്നു.
പഠിപ്പും പത്രാസ്സുമൊക്കെയായപ്പോള്‍ കര്‍ഷകകുടുംബങ്ങളിലെ പുതുതലമുറക്കാര്‍ക്ക് മണ്ണിനോടും വയലിനോടും വെറുപ്പ്. അവര്‍ പട്ടണത്തില്‍ ജോലിക്കാരായി. ഉദ്യോഗസ്ഥരായി. അപ്പോള്‍ കര്‍ഷകരായ മതാപിതാക്കളും അവര്‍ക്കൊപ്പം നിലകൊണ്ടു. വയലുകളില്‍നിന്നുള്ള പിന്‍മാറ്റം നഷ്ടക്കണക്ക് പറഞ്ഞുകൊണ്ടായിരുന്നു. പിന്നീടത് തൊഴിലാളിക്ഷാമത്തിന്റെ ചൂണ്ടിക്കാട്ടലിലേക്കെത്തി. തൊണ്ണൂറുകളുടെ അവസാനത്തോടെ പാടങ്ങള്‍ തരിശ്ശിടാന്‍ തുടങ്ങി. വയല്‍ നികത്തി കെട്ടിടങ്ങള്‍ പണിതു. പ്രതിവര്‍ഷം മൂന്നു വിളകള്‍ വരെ അനുഗ്രഹിച്ചുനല്‍കിയ പടങ്ങള്‍ മണ്ണിനടയിലായി.
എത്തിയത് യന്ത്രങ്ങളാണെങ്കിലും ഒഴിഞ്ഞ ഒട്ടേറെ പാടങ്ങള്‍ പച്ചപുതച്ചു. തൊഴിലാളികളെ കിട്ടാനില്ലെന്ന പരിഭവം പറച്ചിലല്ല. സ്വന്തമായ നെല്ലുത്പാദനം ലക്ഷ്യം. അതുകൊണ്ടുതന്നെ ലാഭ-നഷ്ടക്കണക്കുകള്‍ ഇവിടെ അപ്രസക്തമാകുന്നു. എന്‍ജിനീയര്‍മാരും ഡോക്ടര്‍മാരും മറ്റ് ഉദ്യോഗസ്ഥരുമെല്ലാം അവരവരുടെ പാടങ്ങളിലേക്ക് യന്ത്രങ്ങളെത്തിക്കുന്നു. രാസവളമിടാത്ത അരി കുറച്ചെങ്കിലും കൈയ്യിലെത്തുമല്ലോയെന്ന ലക്ഷ്യത്തോടെ.
ഇടക്കാലത്തില്ലാതായ വയലുകള്‍ പുതിയ തരത്തില്‍ പുനര്‍ജ്ജനിക്കുമ്പോള്‍ നാട് പ്രതീക്ഷയിലാണ്. പാടത്തേക്ക് യന്ത്രങ്ങളെത്തിക്കാന്‍ അഗ്രോസര്‍വീസ് സൊസൈറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സാമ്പത്തികവര്‍ഷം സംസ്ഥാനത്ത് 35 അഗ്രോസര്‍വീസ് സൊസൈറ്റികള്‍ തുടങ്ങിയിട്ടുണ്ട്. ഇതില്‍ 21 എണ്ണം കൃഷിവകുപ്പിന് കീഴിലും ബാക്കിയുള്ളവ കേരള കാര്‍ഷിക സര്‍വ്വകലാശാലയ്ക്കും കീഴിലുമാണ്. ഞാറ്റടികള്‍ തയ്യാറാക്കുന്നതു മുതല്‍ കൊയ്ത്തും മെതിയും വരെയുള്ള എല്ലാ കാര്യങ്ങളും അഗ്രോസര്‍വീസ് സൊസൈറ്റിക്കാരും കൃഷി ഉദ്യോഗസ്ഥരും യന്ത്രങ്ങളെത്തിച്ച് ചെയ്തുകൊടുക്കുന്നുണ്ട്.
കണ്ണൂരിലെയും കാസര്‍കോട്ടെയും ഒട്ടേറെ പാടങ്ങളില്‍ നെല്‍കൃഷി പുനര്‍ജ്ജനിച്ചുവെന്ന കണക്കുകളാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. ഇടക്കാലത്ത് പാടങ്ങളെ മറന്നെന്ന് ഇക്കുറി ഇവിടുത്തെ കൃഷി ഉദ്യോഗസ്ഥരെത്തേടി കൂട്ടത്തോടെ പുരസ്‌കാരങ്ങളെത്തി. കാരണം നെല്‍പ്പാടങ്ങളുടെ പുനര്‍ജ്ജനി തന്നെ.
വിത്ത് മുളപ്പിക്കുന്ന രീതി
പുതിയ ഞാറുനടല്‍ യന്ത്രം എത്തിയതോടെ വിത്തുവിതയ്ക്കല്‍ യന്ത്രത്തിന് പ്രസക്തിയില്ലാതായി. ഇപ്പോള്‍ ഒരിടത്ത് വിത്ത് മുളപ്പിച്ച ശേഷം അത് പാടം മുഴുവനുമെത്തിക്കുകയാണ്. ഒരേക്കര്‍ സ്ഥലത്ത് ഞാറുനടാന്‍ ആവശ്യമായ വിത്ത് മുളപ്പിക്കാന്‍ ഒരു സെന്റ് സ്ഥലം ധാരളം. വിത്തുത്പാദനരീതി പലയിടത്തും പലതാണ്. വിത്തിടുന്നതും പാകപ്പെടുത്തുന്നതുമെല്ലാം സമാനമാണെങ്കിലും ഉപയോഗിക്കുന്ന ജൈവവളങ്ങളും അവയുടെ തോതുമെല്ലാം വ്യത്യസ്തമാകുന്നുണ്ട്.
ജൈവകൃഷിയിലൂടെ കാന്താരിമുളക് മുതല്‍ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും നെല്ലും വരെ ഉത്പാദിപ്പിച്ച് വിജയഗാഥ സൃഷ്ടിച്ച കാഞ്ഞങ്ങാട് മേലാങ്കോട്ടെ ഗുരുദത്ത് പറയുന്നത് കേള്‍ക്കുക: നാടന്‍ പശുവിന്റെ മൂത്രവും ചാകവും ചേര്‍ത്ത ബീജാമൃതം തയ്യാറാക്കും. ഒപ്പം തന്നെ ചാണകം, കറുത്ത വെല്ലം, കടലപ്പൊടി എന്നിവയും കുറച്ച് ചുണ്ണാമ്പും ചേര്‍ത്ത് വെള്ളമൊഴിച്ച് അതില്‍ വിത്തിടും. ഒരു ദിവസം മുഴുവന്‍ വിത്ത് കുതിരണം. അതിനുശേഷം നേരത്തെ തയ്യാറാക്കിയ ബീജാമൃതത്തില്‍ മുക്കി ഒരുദിവസം ചാക്കില്‍ കെട്ടിവെയ്ക്കും.
പാടത്ത് വിത്ത് മെത്തയൊരുക്കുകയാണ് അടുത്ത ജോലി. ആദ്യം പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് മണ്ണ് വിതറും. അതിനുമുകളില്‍ ചാണകപ്പൊടിയും ഇടും. ഇതിലേക്കാണ് ചാക്കില്‍ കെട്ടിവെച്ച വിത്തുകള്‍ ഇടുക. 15 മുതല്‍ 20 ദിവസം കൊണ്ട് ഞാറുകളാകും. ഇത്തരത്തില്‍ ഞാറ് മുളച്ച് നെല്ല് ഉത്പാദിപ്പിക്കാന്‍ ഏക്കറിന് 4500 രൂപ ചെലവു വരും.
ഒടുവിലെത്തിയത് ഞാറുനടല്‍ യന്ത്രം.
നെല്‍പ്പാടങ്ങളില്‍ ഒടുവിലെത്തിയത് ഞാറുനടല്‍ യന്ത്രമാണ്. ട്രാക്ടറിനെപ്പോലെ തന്നെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കുന്ന വാഹനമാണിതും. പാലക്കാട്ടും ആലപ്പുഴയിലും പരീക്ഷിച്ച് വിജയിച്ച ഈ യന്ത്രം ഇപ്പോള്‍ വടക്കന്‍ ജില്ലകളിലും വ്യാപകമായെത്തി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തരിശിട്ട ഏക്കര്‍ കണക്കിന് പാടങ്ങള്‍ ഞാറുനടല്‍ യന്ത്രമെത്തിയതോടെ വീണ്ടും പച്ചപ്പണിഞ്ഞു. 
ഞാറുകള്‍ പറിച്ചുനടന്നത് ശ്രമകരമായ ജോലിയാണ്. മറ്റു പല യന്ത്രങ്ങള്‍ പാടത്തിറങ്ങിയിട്ടും വയലുകള്‍ പൂക്കാതിരുന്നത് ഞാറ്റടികള്‍ മാറ്റി നടാന്‍ ആളുകളെ കിട്ടാത്തിനാലാണ്.
കുട്ട നിറയെ വിത്തുകളുമായെത്തി കൈകൊണ്ട് വിതറിയെറിയുന്ന രീതിയല്ല ഇപ്പോള്‍. വയലിലെ ചെറിയൊരു സ്ഥലത്ത് വിത്തുത്പാദനം നടത്തും. ഞാറ്റടികളായാല്‍ അവയെടുത്ത് യന്ത്രത്തില്‍ കയറ്റും. ക്രമപ്രകാരമുള്ള സഞ്ചാരത്തിനിടെ ഈ ഞാറുകള്‍ യന്ത്രത്തിന്റെ പല്ലുകള്‍ വലിച്ചെടുത്ത് ഒന്നുനുപിറകെ ഒന്നായി വെയ്ക്കുന്നു. രണ്ടുമറിക്കൂര്‍ കൊണ്ട് ഒരേക്കര്‍ പാടം ഞാറുകളാല്‍ സമൃദ്ധമാകും. തൊഴിലാളികളെക്കൊണ്ടാണ് ഈ പണി ചെയ്യിക്കുന്നതെങ്കില്‍ ദിവസങ്ങള്‍ വേണ്ടിവരും. 15 മുതല്‍ 20 വരെ ദിവസം 18 തൊഴിലാളികള്‍ എടുക്കുന്ന ജോലിയാണ് യന്ത്രം രണ്ടുമണിക്കൂര്‍കൊണ്ട് തീര്‍ക്കുന്നതെന്ന് കൃഷി ഉദ്യോഗസ്ഥര്‍ പറയുന്നു.
നെല്‍വയലില്‍ ആദ്യമിറങ്ങിയ യന്ത്രം പവര്‍ ടില്ലറാണ്. കാളകളെക്കൊണ്ട് കലപ്പ വലിപ്പിച്ച് നിലം ഉഴുവുന്നതിന് പകരക്കാനായാണ് ടില്ലറെത്തിയത്. ടില്ലറിനെഉന്തിക്കൊണ്ട് വേണം നിലമുഴാന്‍. ടില്ലര്‍ പരിഷ്‌ക്കരിക്കപ്പെട്ട ട്രാക്ടറെത്തി. കാളപ്പൂട്ടില്‍ പലകവെച്ച് നിലം നിരപ്പാക്കുന്നതും പിന്നീട് ട്രാക്ടര്‍ ഏറ്റെടുത്തു.
ഇപ്പോള്‍ അത്യാധുനിക രീതിയിലുള്ള ലേസര്‍ നിയന്ത്രിത നിരപ്പാക്കല്‍ യന്ത്രവുമെത്തിയിട്ടുണ്ട്. കൈത്തൊഴിലിനു പകരക്കാരായെത്തിയ ഡിസ്‌ക് കലപ്പ, ഇരട്ടക്കലം, ടൈന്‍ടൈപ്പ് കള്‍ട്ടിവേറ്റര്‍, ഡിസ്‌ക് ഹാരോ, ചെളികലക്കി തുടങ്ങിയ ചെറുയന്ത്രങ്ങള്‍ക്കും ഇപ്പോള്‍ നെല്‍വയലുകളില്‍ സ്ഥാനമില്ല. ഇവയുടെ മുഴുവന്‍ ജോലികളും ഒരുമിച്ച് ചെയ്യുന്ന യന്ത്രങ്ങള്‍ എത്തിക്കഴിഞ്ഞു. ഇടയിളക്കാന്‍ കോണോവിഡറും കതിര്‍ സംരക്ഷണത്തിന് നാപ്‌സിക് സ്‌പെയറും ഉപയോഗിക്കുന്നുണ്ട്.
അരിവാളും കയറുമായെത്തുന്ന സ്ത്രീത്തൊഴിലാളികള്‍ കതിര്‍സമ്പന്നമായ പാടത്തിറങ്ങി കൊയ്ത്തു നടത്തുന്നത് പഴയകാലം. ഇന്ന് വിളവെടുപ്പിനും അതിനുശേഷമുള്ള ജോലികള്‍ക്കും യന്ത്രങ്ങളുണ്ട്. കൊയ്ത്ത് യന്ത്രം തന്നെയാണ് ഇതില്‍ പ്രധാനി. യന്ത്രം ട്രാക്ടറില്‍ ഘടിപ്പിച്ചാണ് കൊയ്ത്ത്. കൊയ്ത്തുകഴിഞ്ഞാല്‍ കറ്റ കെട്ടുന്നതും യന്ത്രം കൊണ്ടുതന്നെ. മുന്‍കാലങ്ങളില്‍ കതിരുകള്‍ ചവുട്ടിമെതിച്ച് നെല്ലിനെവേര്‍പ്പെടുത്തുകയാണ് ചെയ്തിരുന്നത്. ഇപ്പോള്‍ മെതിയന്ത്രം അതെല്ലാം ഭംഗിയായി ചെയ്യും. ബഹുവിള മെതിയന്ത്രം, നെല്ല് മെതിയന്ത്രം എന്നിങ്ങനെവിവിധ പേരുകളിലാണ് മെതിയന്ത്രങ്ങളുള്ളത്.
 

 

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications