ലോകത്തിലെ അതി സങ്കീര്‍ണ്ണമായ വിഷയങ്ങളില്‍ ഒന്നാണ് മതം ,മത വിശ്വാസങ്ങളിലെ വൈരുദ്ധ്യം മാനവ രാശിയിയെ എങ്ങനെ ബാധിക്കുന്നു? മതങ്ങളുടെ സമന്വയം സാധ്യമാണോ? മത സൗഹാര്‍ദ്ദം എത്ര കണ്ട് ഫലപ്രദമാകും? ഈ വിഷയത്തില്‍ ചര്‍ച്ച ആരംഭിക്കുന്നു.
"മാധവ ചൈതന്യ" തുടങ്ങിവെക്കുന്ന ചര്‍ച്ചയില്‍ പങ്കാളികളായി നിങ്ങള്‍ക്കും എഴുതാം
മനുഷ്യ രാശിയുടെ ചരിത്രത്തില്‍ ഈശ്വര ചിന്തനം ചെയ്യാത്തതോ,ആരാധനാലയങ്ങള്‍ നിര്‍മ്മിക്കാത്തതോ ആയ ഒരു ജന വിഭാഗവും ഇല്ല എന്ന് തന്നെ ഉറപ്പിച്ച് പറയാം.ആരാധനാലയ നിര്‍മ്മാണ പ്രക്രിയയിലും,ആരാധന പദ്ധതികളിലും ജനസമൂഹങ്ങളില്‍ നിറഞ്ഞ ഭിന്നത നിലനില്ക്കുന്നു.ഏക ദൈവ വിശ്വാസം ,അനേക ദൈവ വിശ്വാസം വിഗ്രഹാരാധന തുടങ്ങിയ അനേക വിഷയങ്ങളില്‍ മതങ്ങളുടെ ഭിന്നാഭിപ്രായങ്ങള്‍ അതിദൃഡവും സമന്വയ സാധ്യത ഇല്ലാത്ത വിധം അത്യന്തം ആഴത്തിലുള്ളതുമാകുന്നു.ഈശ്വര ആരാധന എന്ന പൊതു തത്വം എല്ലാ വിഭാഗങ്ങളിലും ദൃഡമാണ്.ആരാധനാലയ നിര്‍മ്മാണ പ്രവര്‍ത്തന ങ്ങളിലുള്ള ആകാംക്ഷ,മത പ്രചരണത്തിലുള്ള തീവ്രത,തന്റെ മതം ശ്രേഷ്ടമാണെന്ന് സമര്‍ത്ഥിക്കാനുള്ള ഉത്സുകത ഇവയിലെല്ലാം എല്ലാ മതങ്ങളും തുല്യരാണ്.
ആരാധനാ പ്രക്രിയകള്‍ക്ക് ആധാരമായി നില നില്ക്കുന്നതും മതാശയങ്ങള്‍ ക്രമീകരിച്ചിരിക്കുന്നതുമായ മതവേദ ഗ്രന്ഥങ്ങള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത,അചാരാനുഷ്ടാനങ്ങളിലുള്ള ഭിന്നത എന്നിവ പരിഹൃതമാകാത്ത തരത്തില്‍ ആഴത്തിലുള്ളതാണ്.
ഭിന്നാശയങ്ങളാല് നിറഞ്ഞിരിക്കുന്ന മതങ്ങള്‍ തമ്മിലുള്ള ബ്വന്ധങ്ങള് അത്യന്തം സങ്കീര്‍ണ്ണത നിറഞ്ഞതാണ്.ലോക ചരിത്രത്തില്‍ മത സംഘര്‍ഷങ്ങളാല്‍ മനുഷ്യ സമൂഹം അനുഭവിച്ചതിലോളം വേദനയും ,നാശനഷ്ടങ്ങളും ,ജീവഹാനിയും മറ്റൊരു വിഷയത്തിലും സംഭവിച്ചിട്ടേയില്ല .മത സംഘര്‍ഷങ്ങളുടെ സങ്കീര്‍ണ്ണത അനുഭവിച്ച ജനസമൂഹങ്ങള്‍ ഒരുകാലത്ത് മതനിഷേധ ആശയാധിഷ്ടിത പ്രസ്ഥാനങ്ങളെ സ്വീകരിക്കുകയും ഈശ്വര നിഷേധം വരെ എത്തുന്ന തരത്തില്‍ അത് വികസിതമാവുകയും ചെയ്തു.ഇത്തരം സംവിധാനങ്ങളില്‍ ആരാധനാലയ നിര്മ്മാണസ്വാതന്ത്ര്യം ആരാധന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുക,ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുക,ഭരണകൂട ശക്തി ഉപയോഗിച്ച് മനുഷ്യനെ മതത്തില്‍ നിന്ന് അകറ്റുക തുടങ്ങിയ പദ്ധതികള്‍ ആവിഷ്ക്കരിച്ചുവെങ്കിലും കാലക്രമേണത്തില് മത നിഷേധ സംവിധാനങ്ങള്‍ സ്വയം തകരുകയോ,തകര്ക്കപെടുകയോ സ്വയം പരിവര്‍ത്തന വിധേയമായി ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്ന തരത്തില്‍ മതാനുകൂലമായി പരിണമിക്കുകയോ ചെയ്തതായാണ് ലോക ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. മത നിഷേധമോ,ഈശ്വര നിഷേധമോ പൂര്‍ണ്ണ രൂപത്തില്‍ നടപ്പിലാക്കാന്‍ വിശ്വ ചരിത്രത്തില്‍ ഒരു ജനസമൂഹത്തിനും നാളിതുവരെ സാധ്യമായിട്ടില്ല .
ഭൌതിക ശാസ്ത്ര സാങ്കേതികതയുടെ അതി വികാസത്തില്‍ മതങ്ങളുടെ സ്വീകാര്യത,മത സമ്പത്തിന്റെവര്ദ്ധന, മതങ്ങള്‍ക്ക് ഭരണകൂടത്തിലുള്ള സ്വാധീനം,മതാനുയായികള്‍,മത പഠന സംവിധാനങ്ങള്‍ എന്നിങ്ങനെ സര്‍വ്വതിനും വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്നു. മത രഹിത സമൂഹം എന്ന ആശയം അപ്രത്യക്ഷമാവുകയും ,മതേതരത്വം,മതസമന്വയത്വം,മതങ്ങളുടെ തുല്യാവകാശം തുടങ്ങിയ ആശയങ്ങള്‍ക്ക് പ്രാധാന്യം ലഭിച്ചുകൊണ്ടേയിരിക്കുന്ന ഈ കാലഘട്ടത്തില്‍ ദൌര്ഭാഗ്യമെന്തെന്നു ചോദിച്ചാല്‍ മതാശയങ്ങളുടെ വൈരുദ്ധ്യം ,മതവേദ ഗ്രന്ഥങ്ങളിലെ അഭിപ്രായ ഭിന്നത,സ്വന്തം മതം ശ്രേഷ്ഠമെന്ന ഗര്‍വ്വ് ,ഒരു മതം സ്വീകരിക്കപ്പെട്ടവന്റെ മനസ്സില്‍ മറ്റൊരു മതത്തിന് ഇടം ലഭിക്കാത്ത മാനസികാവസ്ഥ തുടങ്ങിയ സങ്കീര്‍ണ്ണ വിഷയങ്ങള്‍ മതങ്ങള്‍ തമ്മിലുള്ള തുല്യത,സമന്വയം,സമാധാനം എന്നിവ അസാധ്യമാക്കുന്നു എന്നതാണ് .ഇതാണ് ലോക ചരിത്രം സാക്ഷ്യപ്പെടുത്തുന്നതും.
എന്തുകൊണ്ട് സര്‍വ്വലോക സമൂഹങ്ങളും ഈശ്വരാരാധന ചെയ്യുന്നു,ഈശ്വരാരാധനയ്ക്ക് മതങ്ങള്‍ അനിവാര്യമാണോ,മതസമന്വയം സാധ്യമാണോ,മതരഹിത ഭരണകൂടം സാധ്യമാണോ,ഭരണകൂടങ്ങളും മതങ്ങളും തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കണം, ഭിന്ന മതങ്ങളാണോ, ഏക മതങ്ങളാണോ കൂടുതല്‍ സുരക്ഷിതം, മത പഠനത്തിനാണോ ഭൌതിക ശാസ്ത്ര പഠനത്തിനാണോ പ്രാധാന്യം നല്‍കേണ്ടത് ,മനുഷ്യരില്‍ നന്മയും,സ്നേഹവും, കാരുണ്യവും വളര്‍ത്തുന്നത് മതങ്ങളാണോ ഇത്തരത്തില്‍ ഒട്ടനവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടത് മനുഷ്യസമൂഹത്തിന്റെ സഫലമായ ഭാവിക്ക് അനിവാര്യമാണ്.